“പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയാകണമെന്നില്ല” - ഉമ്മന്‍‌ചാണ്ടി ലക്‍ഷ്യം വച്ചത് ചെന്നിത്തലയെ? സ്വപ്നം കാണേണ്ടെന്ന് പരോക്ഷാര്‍ത്ഥം!

ചെന്നിത്തലയ്ക്ക് ഉമ്മന്‍‌ചാണ്ടിയുടെ ഒളിയമ്പ്!

Oommenchandy, Chennithala, Pinarayi, Mani, Dileep, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, മോഹന്‍ലാല്‍, പിണറായി, മാണി, ദിലീപ്
എല്‍ ജി സോമശേഖരന്‍| Last Modified ശനി, 28 മെയ് 2016 (13:52 IST)
അഞ്ചുവര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അധികാരം കിട്ടിയാല്‍ ആര് മുഖ്യമന്ത്രിയാകും? രമേശ് എന്നായിരിക്കും കൂടുതല്‍ പേരും നല്‍കുന്ന മറുപടി. കാരണം ഇപ്പോഴത്തെ നിയമസഭയില്‍ അദ്ദേഹം പ്രതിപക്ഷനേതാവാകാന്‍ ഒരുങ്ങുകയാണല്ലോ.

പ്രതിപക്ഷനേതാവാകുന്ന ചെന്നിത്തല സ്വാഭാവികമായും അടുത്ത തവണ അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുമെന്നാണല്ലോ പ്രതീക്ഷിക്കേണ്ടത്. എന്നാല്‍ അങ്ങനെയൊന്നും കരുതാന്‍ കഴിയില്ലെന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക്.

‘പ്രതിപക്ഷനേതാവുതന്നെ മുഖ്യമന്ത്രിയാകണമെന്നില്ല’ എന്ന ഉമ്മന്‍‌ചാണ്ടിയുടെ പരാമര്‍ശം അടുത്ത അഞ്ചുവര്‍ഷം കഴിഞ്ഞുള്ള രാഷ്ട്രീയ സാഹചര്യത്തെ ലക്‍ഷ്യം വച്ചുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. താന്‍ കേരളത്തില്‍ നിറഞ്ഞുനിന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഉമ്മന്‍‌ചാണ്ടി പറയുന്നത്.

യു ഡി എഫിന്‍റെ ഉപദേഷ്ടാവാകാന്‍ ഇല്ലെന്നുപറയുന്ന ഉമ്മന്‍‌ചാണ്ടി എല്‍ ഡി എഫില്‍ വി എസിന് നല്‍കുന്നതുപോലെ ഏതെങ്കിലും ആലങ്കാരിക പദവിക്ക് താന്‍ നിന്നുകൊടുക്കില്ല എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബസിലും ട്രെയിനിലും കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറയുന്നു.

ഉമ്മന്‍‌ചാണ്ടിയുടെ ജനകീയ നേതാവെന്നുള്ള പരിവേഷവും 24 മണിക്കൂറും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ചെന്നിത്തലയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുതന്നെ കരുതേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :