വിഷുവിനുമുണ്ട് ഐതിഹ്യവും ചരിത്രവും

WEBDUNIA|
PRO
PRO
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ്‌ വിഷു. വിഷു വസന്തകാലമാണ്‌. ഋതുരാജനാണ്‌ വസന്തം. വസന്തകാലാരംഭമാണ്‌ ഈ ഉത്സവദിനത്തിന്റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന്‌ ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ്‌ നില്‍ക്കും. കിളികളുടെ പാട്ട്‌, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.

സൂര്യന്‍ മീനം രാശിയില്‍ നിന്ന്‌ മേടം രാശിയിലേക്ക്‌ സംക്രമിക്കുന്ന ദിവസമാണ്‌ വിഷു സംക്രാന്തി. അതിന്‌ പിറ്റേന്നാണ്‌ വിഷു. കര്‍ഷകന്‌ വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ്‌ വിഷു വരുന്നത്‌. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കാര്‍ഷകന്‍ നിലമൊരുക്കി വിത്തിടല്‍ തുടങ്ങുന്നു.

ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ്‌ വിഷുവിനുള്ളത്‌. 'വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത്‌ എന്നാണ്‌. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ്‌ വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട്‌ ദിവസങ്ങളുണ്ട്‌. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന്‌ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക്‌ നേരേ മുകളില്‍ വരുന്നു.

ഭാസ്ക്കര രവിവര്‍മ്മന്റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ 'ചിത്തിര വിഷു' വിനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ഭാസ്ക്കര രവിവര്‍മ്മന്റെ കാലം എഡി 962 - 1021 ആണ്‌. അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. എന്നാല്‍ എ.ഡി. 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്റെ തെളിവാണ്‌. 'ശങ്കരനാരായണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്റെ കാലത്താണുണ്ടായത്‌. ഈ കാലഘട്ടത്തിലാണ്‌ വിഷുവാഘോഷം ആരംഭിച്ചത്‌ എന്നും ഒരു വിശ്വാസമുണ്ട്‌.

അടുത്ത താളില്‍ വായിക്കുക, ‘വിഷുവിനെ പറ്റി രണ്ട് ഐതിഹ്യകഥകള്‍’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :