മൂന്നാറില്‍ കളം നിറഞ്ഞ് ഉമ്മന്‍‌ചാണ്ടി; കോണ്‍ഗ്രസും യു ഡി എഫുമെല്ലാം ഇനി ഉമ്മന്‍‌ചാണ്ടി തന്നെ; കുഞ്ഞൂഞ്ഞിന്‍റെ ശക്തമായ തിരിച്ചുവരവ്!

Oommenchandy, UDF, Munnar, Pempilai Orumai, MM Mani, Chennithala, Pinarayi, ഉമ്മന്‍‌ചാണ്ടി, യു ഡി എഫ്, മൂന്നാര്‍, പെമ്പിളൈ ഒരുമൈ, എം എം മണി, ചെന്നിത്തല, പിണറായി
ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (18:00 IST)
ഉമ്മന്‍‌ചാണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത സ്പീഡ് ആണ്. സഹപ്രവര്‍ത്തകര്‍ക്കും എതിരാളികള്‍ക്കും സ്വപ്നം കാണാനാകാത്ത വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ആ പ്രത്യേകത തന്നെയാണ് ഉമ്മന്‍‌ചാണ്ടിയുടെ വിജയരഹസ്യവും. ഇപ്പോഴിതാ എം എം മണി വിഷയത്തില്‍ യു ഡി എഫിലെ മറ്റ് നേതാക്കളെയും ഇടതുമുന്നണിയെയും ബി ജെ പിയെയും എല്ലാം അമ്പരപ്പിച്ചുകൊണ്ട് ഉമ്മന്‍‌ചാണ്ടിയുടെ ഇടപെടല്‍.

'പെമ്പിളൈ ഒരുമൈ’യുടെ സമരം യു ഡി എഫ് ഏറ്റെടുക്കുകയാണെന്ന് ഉമ്മന്‍‌ചാണ്ടി പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ അത് ഇടതുപക്ഷത്തേക്കാളും തിരിച്ചടിയാകുന്നത് യു ഡി എഫിലെ ചില നേതാക്കള്‍ക്കാണെന്ന് വ്യക്തം. പ്രാദേശിക യു ഡി എഫ് ഈ സമരത്തെ പിന്തുണയ്ക്കേണ്ടതില്ല എന്ന തീരുമാനം ഏടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍‌ചാണ്ടി ഹീറോയിസം കാട്ടിയത് എന്നോര്‍ക്കണം.

പാര്‍ട്ടിയിലോ മുന്നണിയിലോ ഒരു പദവിയും വേണ്ടെന്ന് തുറന്നുപറഞ്ഞാണ് ഉമ്മന്‍‌ചാണ്ടിയുടെ പ്രവര്‍ത്തനം. ഒരു പദവിയുമില്ലാത്ത ഉമ്മന്‍‌ചാണ്ടി ‘മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി’യെക്കാള്‍ കരുത്തനാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

കെ പി സി സി അധ്യക്ഷനോ പ്രതിപക്ഷനേതാവിനോ കിട്ടാത്ത സ്വീകാര്യതയാണ് ജനങ്ങളുടെ ഇടയില്‍ ഉമ്മന്‍‌ചാണ്ടിക്ക്. പെമ്പിളൈ ഒരുമൈയുമായി ഒരു ബന്ധവും വേണ്ടെന്നും എം എം മണിക്കെതിരെ യു ഡി എഫ് പ്രത്യേകമായി സമരം നയിച്ചാല്‍ മതിയെന്നുമായിരുന്നു യു ഡി എഫ് പ്രാദേശിക ഘടകത്തിന്‍റെ തീരുമാനം. ആ സാഹചര്യം നിലനില്‍ക്കെയാണ് പെമ്പിളൈ ഒരുമൈയുടെ സമരം ഏറ്റെടുക്കുന്നതായി ഉമ്മന്‍‌ചാണ്ടി പ്രഖ്യാപിച്ചത്.

ഈ പ്രഖ്യാപനത്തിലൂടെ താന്‍ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുകളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഉമ്മന്‍‌ചാണ്ടി ചെയ്തിരിക്കുന്നത്. ഇത് രമേശ് ചെന്നിത്തലയുടെ ഉറക്കം കെടുത്തുമെന്ന് പറയാതെ തരമില്ല. കോണ്‍ഗ്രസ് അല്ലെങ്കില്‍ യു ഡി എഫ് എന്നുപറയുന്നത് കേരളത്തില്‍ ഉമ്മന്‍‌ചാണ്ടിയാണെന്ന് വീണ്ടും തെളിയിക്കുന്നതായി കുഞ്ഞൂഞ്ഞിന്‍റെ മൂന്നാര്‍ പ്രകടനം. രാഷ്ട്രീയക്കളി കളിക്കാനിറങ്ങിയാല്‍ അതില്‍ ഉമ്മന്‍‌ചാണ്ടിയോളം മെയ്‌വഴക്കമുള്ള മറ്റേത് നേതാവാണ് ഇന്ന് കോണ്‍ഗ്രസിലുള്ളത്?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :