മറഞ്ഞത് ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച കര്‍മയോഗി

എ പി ജെ അബ്‌ദുള്‍ കലാം, രാഷ്ട്രപതി, കലാം, മോഡി, പ്രണബ്
എം ജി അതുല്‍ രാഘവ്| Last Updated: ചൊവ്വ, 28 ജൂലൈ 2015 (08:48 IST)
തമിഴ്നാട്ടിലെ രാമേശ്വരമെന്ന തീരഗ്രാമത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയര്‍ന്ന ‘ജനങ്ങളുടെ രാഷ്ട്രപതി’യായിരുന്നു എ പി ജെ അബ്‌ദുള്‍ കലാം. എപ്പോഴും കര്‍മ്മനിരതനായിരിക്കുക എന്നതായിരുന്നു അബ്‌ദുള്‍ കലാമിന്‍റെ വിജയമന്ത്രം. രാഷ്ട്രത്തിന്‍റെ ഭാവിയെപ്പറ്റി എപ്പോഴും അദ്ദേഹം ചിന്തിച്ചു. കുട്ടികളായിരുന്നു എ പി ജെ അബ്‌ദുള്‍ കലാമിന് ഏറ്റവും വലിയ കൂട്ട്. രാജ്യത്തിന്‍റെ ഭാവി കുട്ടികളിലാണെന്ന് അബ്‌ദുള്‍ കലാം എപ്പോഴും വിശ്വസിച്ചു. അതുകൊണ്ടുതന്നെ കുട്ടികളോട് സംസാരിക്കാനായിരുന്നു അബ്‌ദുള്‍ കലാം കൂടുതല്‍ സമയം വിനിയോഗിച്ചിരുന്നത്.
 
‘ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം കെടുത്തുന്നതെന്താണോ അതായിരിക്കണം സ്വപ്നം’ എന്ന് അബ്‌ദുള്‍ കലാം പറഞ്ഞത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്ത്യയെപ്പറ്റിയും ലോകത്തെപ്പറ്റിയും സ്വപ്നം കാണാന്‍ കുട്ടികളെ പഠിപ്പിച്ച ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായിരുന്നു അബ്‌ദുള്‍ കലാം. ശാസ്ത്രപ്രതിഭ എന്ന നിലയില്‍ രാജ്യത്തിനകത്തും പുറത്തും പേരെടുത്ത കലാം രാഷ്ട്രപതിയായപ്പോള്‍ ജനങ്ങളും രാഷ്ട്രപതിഭവനും തമ്മിലുള്ള അകലം കുറഞ്ഞു. അടുത്ത നൂറ്റാണ്ടിലേക്ക് രാജ്യത്തെ നയിക്കാനുള്ള ദീര്‍ഘദര്‍ശനം പകര്‍ന്നുനല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
 
പ്രവര്‍ത്തിച്ച മണ്ഡലത്തിലെല്ലാം ഒന്നാമനായി മാറിയ വ്യക്തിയായിരുന്നു അബ്‌ദുള്‍ കലാം. രാഷ്ട്രപതി എന്ന നിലയില്‍ കാലാവധി അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ വീണ്ടും രാഷ്ട്രപതിയാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ ജനകീയത മനസിലാക്കിയിട്ടാണ്. കഴിഞ്ഞ തവണത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും കലാമിന്‍റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു എന്നത് ഓര്‍ക്കാതെ വയ്യ.
 
കുട്ടികളോടുള്ള സ്നേഹവും അവരിലുള്ള പ്രതീക്ഷയുമാണ് തന്‍റെ ജീവിതത്തിന്‍റെ അവസാന ദിവസം പോലും അദ്ദേഹം പ്രകടിപ്പിച്ചത്. ഷില്ലോങ്ങ് ഐ ഐ എമ്മില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ ഒരു പ്രബന്ധം അവതരിപ്പിച്ചുകൊണ്ടിരിക്കവേയാണ് കടുത്ത ഹൃദയാഘാതമുണ്ടായി അബ്‌ദുള്‍ കലാം കുഴഞ്ഞുവീണത്. തീരാനഷ്ടം എന്ന് ഉറപ്പിച്ചുപറയാവുന്ന വലിയ നഷ്ടമാണ് അബ്‌ദുള്‍ കലാമിന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
 
രാഷ്ട്രത്തെ എങ്ങനെ രൂപപ്പെടുത്തിയെടുക്കണം, ഓരോ സംസ്ഥാനത്തിലെയും ഭാവി വികസനം എങ്ങനെയാവണം എന്ന രീതിയിലുള്ള വ്യക്തമായ വീക്ഷണങ്ങള്‍ അബ്‌ദുള്‍ കലാമിനുണ്ടായിരുന്നു. കേരളത്തോട് ഏറ്റവുമധികം സ്നേഹം വച്ചുപുലര്‍ത്തിയിരുന്നു. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ജീവിതമാണ് എന്നും അബ്‌ദുള്‍ കലാം നയിച്ചിരുന്നത്. 
 
ഇന്ത്യയുടെ പതിനൊന്നാമത് പ്രസിഡന്‍റായിരുന്നു എ പി ജെ അബ്‌ദുള്‍ കലാം. കെ ആര്‍ നാരായണന് ശേഷമാണ് അദ്ദേഹം രാഷ്ട്രപതിയായത്. 2002 ജൂലൈ 25 മുതല്‍ 2007 ജൂലൈ 25 വരെയായിരുന്നു അദ്ദേഹം രാഷ്ട്രപതിയായിരുന്നത്.
 
1931 ഒക്ക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമനാഥപുരത്താണ് അബ്ദുള്‍ കലാം ജനിച്ചത്. 1998ലെ പൊഖ്‌റാന്‍ അണുപരീക്ഷണത്തില്‍ വലിയ സംഭാവന നല്‍കി.  ‘മിസൈല്‍ മാന്‍’ എന്നറിയപ്പെട്ട അദ്ദേഹം അഗ്നി, പൃഥ്വി മിസൈലുകളുടെ ഉപജ്ഞാതാവാണ്.
 
ബഹിരാകാശ, പ്രതിരോധ ഗവേഷണ കേന്ദ്രങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഒട്ടേറെ സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :