പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങമെത്തി!

WEBDUNIA|
PRO
പ്രതീക്ഷയുടെയും സമൃദ്ധിയുടെയും പൊന്നിന്‍ ചിങ്ങം പിറന്നു. തിരുവോണത്തിന്‍റെ പൂവിളികള്‍ക്കായുള്ള കാത്തിരിപ്പാണ് ഇനി. ചിങ്ങം 23ന് ആണ് അത്തം. 31ന് തിരുവോണവും.

പ്രതീക്ഷകളുടെയും ആനന്ദത്തിന്‍റെയും കാലമായ ചിങ്ങമാസം, ദുരിതങ്ങളുടെ കണ്ണീരിനെ വിസ്മരിക്കുന്ന പൂക്കാലമാണ്. ആഘോഷങ്ങളുടെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന മലയാളിയുടെ മലയാള ഭാഷാമാസം കൂടിയാണ് ചിങ്ങം.

കൃഷി വകുപ്പ് ചിങ്ങം ഒന്ന് കര്‍ഷകദിനമായിട്ടാണ് ആഘോഷിക്കുന്നത്. ജൈവദിനമായും ചിങ്ങം ഒന്ന് പ്രാധാന്യമര്‍ഹിക്കുന്നു.

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളാണ് ചിങ്ങത്തിന്‍റെ നിറപ്പകിട്ട്. കര്‍ക്കിടകം പടിയിറങ്ങുന്ന ദിവസം കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കി പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി.

ചിങ്ങപ്പുലരി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടന്നു. മലയാളികള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി. ചിങ്ങം വിഷ്ണുവിനു പ്രാധാന്യമുള്ള മാസമാണ്. ശ്രീകൃഷ്ണജയന്തിയും, വാമനാവതാര വിജയദിനമായ തിരുവോണവും ഇതേ മാസത്തിലാണ്.

ചിങ്ങമെത്തിയതോടെ കേരളത്തിലെ വിപണികളും സജീവമായി. മലയാളി കയ്യറിയാതെ പണം ചെലവിടുന്ന ഈ മാസം കച്ചവടക്കാര്‍ക്ക് ചാകരക്കാലമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :