നില്‍ക്കണോ പോണോ ? - വീരന് തീരുമാനമെടുക്കാന്‍ പെടാപ്പാട്

വീരേന്ദ്രകുമാര്‍, യു ഡി എഫ്, ഉമ്മന്‍‌ചാണ്ടി, ബാര്‍, മാണി
വെബ്‌ദുനിയ പൊളിറ്റിക്കല്‍ ഡെസ്ക്| Last Modified ശനി, 18 ഏപ്രില്‍ 2015 (19:40 IST)
കഴിഞ്ഞ നാലുവര്‍ഷം യു ഡി എഫില്‍ നിന്നിട്ടും അതൃപ്‌തിയും അസന്തുഷ്‌ടിയും അല്ലാതെ വേറെ ഒന്നും ഉണ്ടായില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ജനതാദള്‍ യുണൈറ്റഡ് യോഗത്തിനു ശേഷം എം പി വീരേന്ദ്രകുമാര്‍
നടത്തിയ വാര്‍ത്താസമ്മേളനം. ചോദിച്ചതൊന്നും തന്നില്ല, തന്നതാകട്ടെ തോല്‍ക്കുന്ന കുറെ സീറ്റുകളും. കിട്ടിയ സീറ്റില്‍ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ചതിയും വഞ്ചനയും ഇതിനു മുമ്പ് ഇതുപോലെ അനുഭവിച്ചിട്ടില്ലെന്നാണ് വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ ചുരുക്കം. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചിട്ടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിട്ടും മാസങ്ങള്‍ കുറേ കഴിഞ്ഞെങ്കിലും അനുഭവിക്കുന്ന മാനസികവ്യഥ ഒരു വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തു പറയാന്‍ ദേശീയതലത്തില്‍ ജനതാപാര്‍ട്ടികള്‍ ലയിക്കേണ്ടി വന്നു.

ദേശീയതലത്തില്‍ ജനതാപാര്‍ട്ടികള്‍ ഒന്നായെങ്കിലും സംസ്ഥാനത്ത് ജനതാദള്‍ സെകുലറും ജനതാദള്‍ യുണൈറ്റഡും രണ്ടു ചേരിയില്‍ തന്നെയാണ്. വീരേന്ദ്രകുമാറിന്റെ
നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ്
യു ഡി എഫിലും മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സെകുലര്‍ എല്‍ ഡി എഫിലും. ദേശീയലത്തില്‍ ഒറ്റയായി തീര്‍ന്ന ജനതാദള്‍ സംസ്ഥാനതലത്തില്‍ ഒന്നാകണമെങ്കില്‍ ചില്ലറ പടലപ്പിണക്കങ്ങളും പൊട്ടിത്തെറികളും കൂടിച്ചേരലുകളും വേര്‍പിരിയലുകളും ഉണ്ടാകേണ്ടി വരും.

ജനത പരിവാറിന്റെ പുതിയ പാര്‍ട്ടി കേരളത്തില്‍ മാത്രം യു ഡി എഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്തെ ജനതാദള്‍ യുണൈറ്റഡിലും ജനതാദള്‍ സെകുലറിലും പിളര്‍പ്പ് ഉണ്ടായേക്കും.
2014 ഡിസംബര്‍ 28നാണ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാർട്ടി ജനതാദള്‍ യുണൈറ്റഡില്‍ ലയിച്ചത്.
ബീഹാർ , ഝാർഖണ്ഡ്‌ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള മധ്യ-ഇടതുപക്ഷ രാഷ്‌ട്രീയ കക്ഷിയാണ് ജനതാദൾ (യു)
2003 ഒക്ടോബർ 30 ന് ആണ് രൂപം കൊണ്ടത്. ജോർജ്ജ് ഫെർണാണ്ടസ്, നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചതായിരുന്നു ജനതാദൾ (യു). ഏതായാലും ജനതാദാള്‍ (യു) മറ്റ് ജനതാപാര്‍ട്ടികളുമായി ലയിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ ദേശീയനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വീരേന്ദ്രകുമാര്‍ പറഞ്ഞിരിക്കുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും നില്ക്കണോ അതോ പോണോ എന്ന തീരുമാനം വീരേന്ദ്രകുമാര്‍ ഉള്‍പ്പെടുന്ന ജനതാദള്‍ നേതൃത്വം കൈക്കൊള്ളുക.

കേരളത്തില്‍ എന്തു നിലപാട് കൈക്കൊള്ളണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനതാ പരിവാര്‍ ദേശീയ ലയന കമ്മിറ്റി അഞ്ചംഗ സമിതിക്കു രൂപം നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ പാര്‍ട്ടി എന്തുനിലപാട് കൈക്കൊള്ളുന്നുവോ അതിനെ അംഗീകരിക്കുക മാത്രമായിരിക്കും സംസ്ഥാനത്തെ ജനതാപാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുക. എന്നാല്‍, പുതിയ പാര്‍ട്ടിയുടെ നയവും രാഷ്‌ട്രീയപരവുമായ മറ്റു കാര്യങ്ങളും തീരുമാനിച്ച് ഒന്ന് രൂപപ്പെടുത്തിയെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും സമയമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആയിരിക്കും ജനത പാര്‍ട്ടി നിലപാട് വ്യക്തമാക്കുക.

ഇടതുപക്ഷ നയങ്ങളോട് എന്നും അനുഭാവം പുലര്‍ത്തുന്ന ജനതാപാര്‍ട്ടികള്‍ കേരളത്തില്‍ ഇടതുമുന്നണിയോട് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ ജനതാദള്‍ (യുണൈറ്റഡ്) തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ജനതാപാര്‍ട്ടികള്‍ വ്യത്യസ്ത നിലപാടുകളുമായാണ് നിലകൊള്ളുന്നത്.
കര്‍ണാടകയില്‍ എച്ച് ഡി ദേവഗൌഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ സെകുലര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ ബിഹാറില്‍ നിതീഷ് കുമാറും കൂട്ടരും കോണ്‍ഗ്രസുമായി സൌഹൃദത്തിലാണ് (ജനതാദള്‍ യുണൈറ്റഡ്) . അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും ബിഹാറില്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമായി വരുമെന്നതിനാല്‍ കടുത്ത കോണ്‍ഗ്രസ് വിരോധത്തിലേക്ക് നിതീഷ് നീങ്ങാനുള്ള സാധ്യത കുറവാണ്.

അങ്ങനെയാണെങ്കില്‍ ഓരോ സംസ്ഥാനത്തും അനുകൂലമായ നിലപാട് എടുക്കാന്‍ ചിലപ്പോള്‍ തീരുമാനം ഉണ്ടായേക്കും. അങ്ങനെ വന്നാലും കേരളത്തില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ ഒപ്പം നില്‍ക്കാന്‍ തീരുമാനം കൈക്കൊണ്ടേ മതിയാകൂ. ഇടതിനൊപ്പം നില്‍ക്കാനാണ് തീരുമാനമെങ്കില്‍ ഉണ്ടാകുന്ന പൊട്ടിത്തെറിയുടെ ആധിക്യം കുറയും. അതേസമയം, യു ഡി എഫിനൊപ്പം നില്‍ക്കാനാണ് കേന്ദ്ര തീരുമാനമെങ്കില്‍
പിളര്‍പ്പുകളും പൊട്ടിത്തെറികളും കുറച്ച് അധികം ഉണ്ടായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :