നഷീദ്: മാലദ്വീപിന്‍റെ പുതിയനായകന്‍

nasheed
PROPRO
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ മാലദ്വീപിലെ പുതിയ ഭരണാധികാരിയായി അധികാരമേല്‍ക്കുന്നത് 41 കാരനായ മുഹമ്മദ് നഷീദാണ്.

ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബ്രിട്ടനില്‍ ഉപരിപഠനം നടത്തിയ നഷീദ് മാരിടൈമില്‍ ലിവര്‍‌പൂള്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. കുറച്ചുകാലം ബ്രിട്ടനില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായി ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

പ്രസിഡന്‍റ് ഖയൂമിന്‍റെ നയങ്ങളെ നിരന്തരം എതിര്‍ത്തുപോന്ന നഷാദിന് പലകുറി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ശന്‍‌ഗു എന്ന രാഷ്ട്രീയ മാസികയില്‍ എഴുതിയതിന്‍റെ പേരില്‍ 1991 ല്‍ അറസ്റ്റിലായ നഷാദിനെ ആം‌നെസ്റ്റി ഇന്‍റര്‍നാഷണല്‍ പ്രിസണര്‍ ഓഫ് കോണ്‍ഷ്യസ് ആക്കിയിരുന്നു. 1992 ല്‍ ചില വിവരങ്ങള്‍ ഒളിപ്പിച്ചു വച്ചു എന്ന പേരില്‍ വീണ്ടും തടവിലാക്കി. 1994 ലും 1995 ലും 1996 ലും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

ഒളിവില്‍ കഴിയവേയാണ് 2003 ല്‍ മാല്‍‌ദീവിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി) എന്നൊരു പ്രതിപക്ഷ പാര്‍ട്ടി അദ്ദേഹം രൂപീകരിക്കുന്നത്. 2004 ല്‍ അദ്ദേഹത്തെ രാഷ്ട്രീയ അഭയാര്‍ത്ഥിയായി ബ്രിട്ടന്‍ അംഗീകരിച്ചു. 2005 ഏപ്രില്‍ 30 ന് അദ്ദേഹം രാജ്യത്ത് മടങ്ങിയെത്തി.

പിന്നീട് ഈ പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമങ്ങളായി. 2005 ജൂണ്‍ രണ്ടിനാണ് എം.ഡി.പി ക്ക് രാഷ്ട്രീയ പാര്‍ട്ടി എന്ന അംഗീകാരം ലഭിക്കുന്നത്. ദ്വീപിലെ എല്ലാ തുരുത്തുകളിലും അദ്ദേഹം ചെന്നെത്തുകയും പുതിയ പാര്‍ട്ടിയുടെ സന്ദേശം എത്തിക്കുകയും ചെയ്തു. പക്ഷെ, ഓഗസ്റ്റ് 12 ന് അദ്ദേഹം പിടിയിലായി.

അന്ന് രാജ്യത്ത് ഒരു ജനകീയ പ്രക്ഷോഭം മുളപൊട്ടിയെങ്കിലും അദ്ദേഹത്തിന്‍റെ സുരക്ഷിതത്ത്വത്തിന് വേണ്ടിയായിരുന്നു അറസ്റ്റ് എന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. പിന്നീട് ഭീകരവാദ നിയമം ഉപയോഗിച്ച് അദ്ദേഹത്തെ തടവിലാക്കി.

ഒക്‍ടോബര്‍ ഒമ്പതിനു നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നഷീദിന് വിജയിക്കാനായില്ല. പക്ഷെ ആര്‍ക്കും ഭൂരിപക്ഷം കിട്ടിയതുമില്ല. ആദ്യവട്ട തെരഞ്ഞെടുപ്പില്‍ വെറും 25 ശതമാനം മാത്രം വോട്ട് നേടിയ നഷീദും നിലവിലെ പ്രസിഡന്‍റ് ഖയൂമും തമ്മില്‍ രണ്ടാം വട്ടത്തില്‍ നേരിട്ടായി മത്സരം.

നഷീദിന് 54.25 ശതമാനവും ഖയൂമിന് 45.75 ശതമാനവും വോട്ട് ലഭിച്ചു. അങ്ങനെ 8 ശതമാനം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നഷീദ് മാലദ്വീപിന്‍റെ പ്രസിഡന്‍റായി.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :