തിരുവനന്തപുരത്ത് ആകാശ യുദ്ധം നടക്കും

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 30 നവം‌ബര്‍ 2007 (16:06 IST)

ഡിസംബര്‍ മൂന്നു മുതല്‍ രണ്ട് ദിവസം തിരുവനന്തപുരത്ത് ‘ആകാശ യുദ്ധം‘ നടക്കുമെന്ന് ഉറപ്പായി. ഇതിനായി 6 മിറാഷ് - 2000 വിമാനങ്ങള്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. മലയാളിയായ വിംഗ് കമാന്‍ഡര്‍ കെ.സുരേഷ് കുമാര്‍ ആണ് മിറാഷ് പടനായകന്‍. പാലക്കാട് സ്വദേശിയാണ് ഇദ്ദേഹം.

ദക്ഷിണ്‍ പ്രഹര്‍ എന്ന പേരില്‍ നടക്കുന്ന വ്യോമാഭ്യാസത്തിനാണ് തിരുവനന്തപുരത്ത് വിമാനങ്ങള്‍ എത്തിയത്. യഥാര്‍ത്ഥ യുദ്ധം നടക്കുമ്പോള്‍ എന്നപോലെ ആകാശത്ത് വിമാനങ്ങള്‍ തമ്മില്‍ യുദ്ധം നടത്തുന്നതാണ് ഈ അഭ്യാസം.

സുഖോയ് വിമാനങ്ങളും ജാഗ്വാര്‍ വിമാനങ്ങളും ഈ യുദ്ധത്തില്‍ പങ്കെടുക്കും. ബ്രിട്ടീഷ് ഫ്രഞ്ച് നിര്‍മ്മിത ജാഗ്വാര്‍ വിമാനങ്ങള്‍ ആക്രമിക്കാന്‍ എത്തുകയും റഷ്യന്‍ നിര്‍മ്മിത സുഖോയ്, ഫ്രഞ്ച് നിര്‍മ്മിത മിറാഷ് വിമാനങ്ങള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുകയും ചെയ്യുന്നതാണ് ഈ വ്യോമാഭ്യാസത്തിന്‍റെ കാതല്‍.

ആകാശത്തില്‍ വച്ച് ഇന്ധനം നിറയ്ക്കല്‍, വൈമാനികനില്ലാത്ത വിമാനങ്ങള്‍ പറപ്പിക്കല്‍ തുടങ്ങിയവയും ഈ അഭ്യാസത്തിന്‍റെ ഭാഗമായി നടക്കും. ഇതേ വരെ ഉത്തരേന്ത്യയില്‍ മാത്രമേ ഇത്തരം അഭ്യാസങ്ങള്‍ നടത്തിയിരുന്നുള്ളു. ഡിസംബര്‍ 7 മുതല്‍ 9 വരെ ഹൈദരാബാദിലും ഈ അഭ്യാസം നടക്കും.

കന്യാകുമാരി മുതല്‍ ബാംഗ്ലൂര്‍, ലക്ഷദ്വീപുകള്‍ എന്നിവയ്ക്ക് മുകളിലായിട്ടാണ് വ്യോമയുദ്ധം അരങ്ങേറുക. സാധാരണ വിമാനം പറത്തുന്നതിനും എത്രയോ മുകളിലാണ് അഭ്യാസം നടക്കുക എന്നതുകൊണ്ട് ഒരു പക്ഷെ, വ്യോമയുദ്ധം കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ, യുദ്ധ വിമാനങ്ങളുടെ സാന്നിദ്ധ്യം കേരളത്തിന്‍റെ ആകാശങ്ങളില്‍ ഉണ്ടായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :