താരങ്ങള്‍ രണ്ടു ചേരിയില്‍, പ്രിഥ്വിയുടെ നിലപാട് സകലതും മാറ്റി മറിച്ചു; പക്ഷേ ഇനിയുള്ള തീരുമാനം അത്ര എളുപ്പമാകില്ല

അങ്ങനെ സംഭവിച്ചാല്‍ താരങ്ങള്‍ തിരിഞ്ഞുകൊത്തുക പ്രിഥിയുടെ നേര്‍ക്കായിരിക്കും

aparna| Last Modified വ്യാഴം, 13 ജൂലൈ 2017 (15:19 IST)
താരസംഘടനയായ അമ്മ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ അമ്മയിലെ താരങ്ങള്‍ സമ്മര്‍ദ്ദത്തിലായി. നടിക്കൊപ്പം നില്‍ക്കുന്ന ആളുകള്‍ ദിലീപിനെ പുറത്താക്കണം എന്ന ആവശ്യം ഉന്നയിച്ചു. അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ നീക്കിയാല്‍ പോരേ എന്ന ചോദ്യത്തിന് ‘ആദ്യം പുറത്താക്ക് എന്നിട്ട് തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍’ എന്നായിരുന്നു പ്രിഥ്വിരാജ് അടക്കമുള്ള യുവതാരങ്ങള്‍ ആവശ്യപ്പെട്ടത്.

യുവതാരങ്ങളടക്കം നിരവധി പേര്‍ ഈ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നതോടെ മുതിര്‍ന്ന താരങ്ങള്‍ക്ക് വേറെ വഴിയില്ലാതെ ആയി. അങ്ങനെ അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല, അമ്മയില്‍ നിന്നു തന്നെ ദിലീ പുറത്തായി. മോഹന്‍ലാല്‍, ദേവന്‍, പ്രിഥ്വിരാജ്, ആസിഫ് അലി, രമ്യാ നമ്പീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മമ്മൂട്ടി തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്‍ കുറ്റം തെളിയുന്നതിനു മുമ്പേ ദിലീപിനോട് ഇത്ര കടുത്ത രീതിയില്‍ അമ്മ നടപടി സ്വീകരിച്ചതില്‍ സിദ്ദിഖ് അടക്കം ചില താരങ്ങള്‍ക്ക് എതിര്‍പ്പാണുള്ളത്. കോടതി ശിക്ഷിക്കുംവരെ കാത്തിരിക്കണമായിരുന്നു എന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്.

നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടനയില്‍ നിന്നും ദിലീപിനെ സസ്‌പെന്‍ഡ് ചെയ്യുകയും കോടതി ശിക്ഷിച്ചാല്‍ മാത്രം പുറത്താക്കല്‍ അടക്കമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു വേണ്ടതെന്നാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും സംഘടനയിലും ഉള്ള ഒരു വിഭാഗം അംഗങ്ങളുടെ നിലപാട്. നടന്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഇനി ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന.

ട്രഷറര്‍ സ്ഥാനത്ത് നിന്ന് ദിലീപിനെ മാറ്റിയ സാഹചര്യത്തില്‍ പകരം പൃഥ്വിരാജിനെയോ മറ്റ് യുവതാരങ്ങളെയോ പരിഗണിക്കണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതേസമയം, ദിലീപിനെതിരെ കോടതിയില്‍ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പൊലീസിന് ആയില്ലെങ്കില്‍ കേസില്‍ നടന്‍ നിരപരാധിയാണെന്ന് തെളിയുകയും പുഷ്പം പോലെ ഇറങ്ങിപ്പോരുകയും ചെയ്യും. അങ്ങനെയെങ്കില്‍, ദിലീപിനെതിരെ പരസ്യ നിലപാട് എടുത്തവര്‍ക്ക് ഇതു തിരിച്ചടിയാകും. പ്രിഥ്വിരാജ് അടക്കമുള്ള യുവതാരങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുകയെന്നാണ് സൂചനകള്‍.

ഇന്നസെന്റ് മമ്മൂട്ടി മോഹന്‍ലാല്‍ കെ ബി ഗണേഷ് കുമാര്‍, ഇടവേള ബാബു, ആസിഫലി, കുക്കൂ പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, സിദ്ദീഖ് എന്നിവരടങ്ങുന്നതാണ് നിലവിലെ എക്‌സിക്യുട്ടീവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :