ഗുജ്‌റാള്‍: വിവാദങ്ങളുടെ കളിത്തോഴന്‍, നയതന്ത്രജ്ഞതയുടെ ആള്‍‌രൂപം

ഹര്‍കിഷന്‍

WEBDUNIA|
PRO
വിവാദങ്ങള്‍ക്കിടയിലും പതറാത്ത വ്യക്തിത്വം, അതായിരുന്നു ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ എന്ന ഐ കെ ഗുജ്‌റാള്‍. ഏതു വിഷയത്തിലും സ്വന്തമാ‍യ അഭിപ്രായം പറയാനും അതില്‍ ഉറച്ചുനിന്നു കൊണ്ട് നടപടിയെടുക്കാനും അദ്ദേഹം മടിച്ചില്ല. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറെ നേരിടേണ്ടി വന്നു. ജനതാദളില്‍ നില്‍ക്കുമ്പോള്‍ തന്നെ മറ്റു പാര്‍ട്ടിക്കാരുടെ ബഹുമാനം നേടാന്‍ കഴിഞ്ഞു. ആദ്യം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും പിന്നീട് ജനതാദളില്‍ എത്തി നിര്‍ണാ‍യക ശക്തിയാകുകയും ചെയ്തു.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കാതിരുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടമായപ്പോള്‍ ആരുടെയും ദയാവായ്പിനു വേണ്ടി കാത്തു നില്‍ക്കാന്‍ ഗുജ്‌റാള്‍ തയാറായില്ല. 1980കളില്‍ ജനതാദളില്‍ എത്തുകയും തുടര്‍ന്ന് വിദേശകാര്യ മന്ത്രിയാകുകയും ചെയ്തു. 1991ല്‍ ഗള്‍ഫ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിനിധിയാ‍യി ഇറാഖ് സന്ദര്‍ശിക്കുകയും സദ്ദാം ഹുസൈനെ വ്യക്തിപരമായി കാണുകയും ചെയ്തു. അന്ന് സദ്ദാമിനെ ഗുജ്‌റാള്‍ ആലിംഗനം ചെയ്തത് ഏറെ വിവാദമായി.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടല്‍ വിവാദങ്ങള്‍ക്കു വഴി തെളിച്ചു. അതില്‍ എറ്റവും കടുത്തതായിരുന്നു 1997ല്‍ ഉത്തര്‍പ്രദേശില്‍ രാഷ്ടപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം. രാഷ്ടപതി കെ ആര്‍ നാരായണന്‍ പോലും തീരുമാനത്തിനെതിരായിരുന്നു. അഹമ്മദാബാദ് ഹൈക്കോടതിയും തീരുമാനത്തെ എതിര്‍ത്തു.

കാലിത്തീറ്റ കുംഭകോണത്തില്‍ അകപ്പെട്ട ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ബിഹാര്‍ ഗവര്‍ണര്‍ എ ആര്‍ കിദ്വായിയുടെ അനുമതി നേടിയതാണ് മറ്റൊരു വിവാദം. അന്ന് സി ബി ഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗിനെ സ്ഥലം മാറ്റിയ തീരുമാനമാണ് വിവാദമായത്. ജനതാദളുകാരനായ ലാലുവിനെ രക്ഷിക്കാനാണ് ഗുജ്‌റാളിന്റെ ശ്രമമെന്ന് പരക്കെ ആരോപണമുയര്‍ന്നു. എന്നാല്‍ സംഭവം ലാലുവിന്റെ പുറത്തു പോകലിനും രാഷ്ടീയ ജനതാദളിന്റെ രൂപീകരണത്തിനും വഴിതെളിക്കുകയും ചെയ്തു.

മറ്റൊന്ന് രാജീവ് വധവുമായി ബന്ധപ്പെട്ടുണ്ടായതാണ്. അന്ന് കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായ ഡി എം കെയ്ക്കു എല്‍ ടി ടിയുമായി ബന്ധമുണ്ടെന്നും അവരെ പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ ഗുജ്‌റാള്‍ ഡി എം കെയ്ക്കു അനുകൂലമായ തീരുമാനമെടുക്കുകയാണുണ്ടായത്. വിവാദങ്ങള്‍ക്കിടെയിലും പതറാത്ത നയതന്ത്രജ്ഞതയാണ് ഗുജ്‌റാളിനെ എന്നും ഉന്നതങ്ങളിലെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :