കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പാര്‍ട്ടി രണ്ട് ചേരിയില്‍, പരസ്പരം പോര്‍‌വിളിച്ച് നേതാക്കള്‍!

ജോണ്‍ കെ ഏലിയാസ്| Last Modified തിങ്കള്‍, 18 ഓഗസ്റ്റ് 2014 (21:09 IST)
ബാര്‍ ലൈസന്‍സ് വിവാദം കോണ്‍ഗ്രസില്‍ അക്ഷരാര്‍ത്ഥത്തില്‍ പിളര്‍പ്പിന് സമാനമായ സ്ഥിതി സൃഷ്ടിച്ചിരിക്കുന്നു. ഉമ്മന്‍‌ചാണ്ടിയെ അനുകൂലിക്കുന്നവരും വി എം സുധീരനെ അനുകൂലിക്കുന്നവരുമായി രണ്ട് ചേരി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്നു. വാദങ്ങളും പ്രതിവാദങ്ങളും പോര്‍വിളികളുമായി നേതാക്കള്‍ കളം നിറഞ്ഞിരിക്കുകയാണ്. സീനിയോറിറ്റിയോ ജനപിന്തുണയോ കണക്കിലെടുക്കാതെ നേതാക്കള്‍ പരസ്പരം ആവശ്യത്തിലും അധികവും ചെളിവാരിയെറിയുന്നു.

എം എം ഹസന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് ഇന്ന് പോരാട്ടം രൂക്ഷമായത്. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നിലപാടുകള്‍ക്കാണ് കെ പി സി സി ജനറല്‍ ബോഡി പിന്തുണ നല്‍കിയതെന്നും ബാറുകള്‍ തുറക്കണമെന്നായിരുന്നു ജനറല്‍ ബോഡിയുടെ അഭിപ്രായമെന്നുമാണ് ഹസന്‍ തുറന്നടിച്ചത്. വി എം സുധീരനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും ഹസന്‍ പറഞ്ഞു. സുധീരന്‍റെ അഭിപ്രായം വോട്ടിനിട്ട് തള്ളാത്തത് മുഖ്യമന്ത്രിക്ക് താല്‍‌പ്പര്യമില്ലാത്തതുകൊണ്ടാണെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചാവേറായി ഹസന്‍ രംഗത്തിറങ്ങിയതോടെ ഒരു വിഭാഗം ഐ ഗ്രൂപ്പ് നേതാക്കള്‍ ഹസനെ ആക്രമിക്കാന്‍ ആവേശത്തോടെ കളം നിറഞ്ഞു.

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഹസനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഹസന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ പറഞ്ഞു. ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ച് ഹസന്‍ നടത്തിയ
പരാമര്‍ശങ്ങള്‍ ഖേദകരമാണ്. ഈ പരാമര്‍ശങ്ങള്‍ ആരെ സഹായിക്കാനാണെന്ന് ഹസന്‍ വ്യക്തമാക്കണം. പ്രായോഗികതയല്ല, ജനഹിതമാണ് കോണ്‍ഗ്രസ് കണക്കിലെടുക്കുന്നത്. അങ്ങനെ ജനഹിതം കണക്കിലെടുക്കാതെ പ്രവര്‍ത്തിച്ചതാണ് ലോക്‌സഭാ തെഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ തകരാന്‍ കാരണമായതെന്നത് ഓര്‍ക്കണം - അനില്‍കുമാര്‍ പറഞ്ഞു.

പാര്‍ട്ടി - സര്‍ക്കാര്‍ ഏകോപന സമിതി എന്നത് അന്തിമ തീരുമാനങ്ങള്‍ എടുക്കാനുള്ള ഒരു സമിതിയല്ലെന്നും ബാര്‍ പ്രശ്നത്തില്‍ അന്തിമവാക്ക് കെ പി സി സി അധ്യക്ഷന്‍റേതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സുധീരന്‍റെ നിലപാടുകളോട് പാര്‍ട്ടി ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം പേരും യോജിച്ചിരുന്നു. സുധീരന്‍റേത് ഒറ്റപ്പെട്ട നിലപാടാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കില്ല - ഉണ്ണിത്താന്‍ പറഞ്ഞു.



എന്നാല്‍ ഉമ്മന്‍‌ചാണ്ടിയോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടാണ് കെ മുരളീധരന്‍ സ്വീകരിച്ചത്. പ്രായോഗികതയെക്കുറിച്ചുപറയുന്നവര്‍ എല്ലാം ബാറിന്‍റെ ആള്‍ക്കാരാണെന്ന പ്രചരണം ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു. വി എം സുധീരനെ ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്നാണ് ടി എന്‍ പ്രതാപന്‍ പ്രതികരിച്ചത്. സുധീരനെ അനുകൂലിച്ച് ബിന്ദുകൃഷ്ണയും രംഗത്തെത്തി.

ബാര്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പോ ഐക്യമോ അതിവിദൂരത്താണെന്നിരിക്കെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലെ ഭിന്നത കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :