ഓര്‍മ്മയില്‍ കാട്ടുഞാവല്‍‌പ്പഴങ്ങള്‍

സരോദ് ഗസല്‍

WEBDUNIA|
PRO
ലോകസിനിമയിലെ ഇതിഹാസം ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍ ഓര്‍മ്മയായിട്ട് ഇന്ന് മൂന്നു വര്‍ഷം തികയുന്നു. കാട്ടുഞാവല്‍പ്പഴ(വൈല്‍ഡ് സ്ട്രോബറീസ്)ങ്ങളുടെ സൃഷ്‌ടാവ് ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല എന്ന തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്.

അദ്ദേഹം അത്യുച്ചത്തില്‍ പുറത്തെറിഞ്ഞ ആ നിശബ്ദതയെ ഇനിയെങ്ങനെ കേള്‍ക്കും. ഇടിമിന്നലായി തുറന്നു വിട്ട ഇരുട്ടിനെ ഇനി എങ്ങനെ ദര്‍ശിക്കും. അതെ, ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍ എന്ന് ചലച്ചിത്രകാരന്‍ ഈ ഭൂമിയില്‍ ഉപേക്ഷിച്ചു പോയ വസന്തങ്ങള്‍ നമ്മളെ വീര്‍പ്പുമുട്ടിക്കുക തന്നെ ചെയ്യും.

സ്വീഡിഷ് ചലച്ചിത്രമേഖലയിലും നാടകരംഗത്തും നിറഞ്ഞുനിന്ന മഹാമേരുവാണ് ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍. ബര്‍‌ഗ്‌മാനെ ഒരു സിനിമക്കാരനായി മാത്രം വിശേഷിപ്പിക്കുന്നവര്‍ അദ്ദേഹത്തിലെ നാടകപ്രതിഭയോട് കാണിക്കുന്നത് അങ്ങേയറ്റത്തെ അവഗണനയാണ്. ജീവശ്വാസം പോലെയായിരുന്നു അദ്ദേഹത്തിന് നാടകങ്ങള്‍.

നാടകരംഗത്തു നിന്നും സിനിമയുടെ മായികതയിലേക്ക് അലിഞ്ഞിറങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തില്‍ നിന്ന് നാടകങ്ങള്‍ ജനിച്ചു കൊണ്ടിരുന്നു. അതെല്ലാം സിനിമയുടെ സാങ്കേതികതയെയും ദൃശ്യഭാഷയെയും കടന്നു നില്‍ക്കുന്ന ശക്തമായ പ്രതികരണങ്ങളായിരുന്നു.

ആധുനിക സിനിമയുടെ സ്രഷ്‌ടാക്കളില്‍ ഏറ്റവും പ്രമുഖരുടെ നിരയിലാണ് ബര്‍ഗ്‌മാന്‍റെ സ്ഥാനം. അറുപത് വര്‍ഷം നീണ്ടു നിന്ന ചലച്ചിത്ര ജീവിതമാണ് അദ്ദേഹത്തിന്‍റേത്. ലോക സിനിമയിലെ ക്ലാസിക്കുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രൈസിസ്, ദി സെവന്‍‌ത് സീല്‍, വൈല്‍ഡ്‌ സ്ട്രോബറീസ്‌, ദി വിര്‍ജിന്‍ സ്പ്രിംഗ് തുടങ്ങിയവ സമ്മാനിച്ച കാഴ്ചാനുഭവം അവിസ്മരണീയമാണ്.

ഒന്‍പതു തവണ ഓസ്കാര്‍ നോമിനേഷനുകള്‍ ലഭിച്ച ബര്‍ഗ്‌മാന് മൂന്ന് ഓസ്കാറുകള്‍ ലഭിച്ചിട്ടുണ്ട്. സ്ത്രീ - പുരുഷ ബന്ധങ്ങളിലെ അലയൊലികള്‍ തന്‍റെ സിനിമകള്‍ക്കു വിഷയമാക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിന് പ്രചോദനമായിരുന്നത് അദ്ദേഹത്തിന്‍റെ ജീവിതം തന്നെയായിരുന്നു.

പുറമേ നിന്നു കാണുന്നവര്‍ക്ക് കുത്തഴിഞ്ഞത് എന്നു തോന്നുന്ന വ്യക്തിജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. അഞ്ചു വിവാഹം കഴിച്ചിട്ടുണ്ട് ബര്‍ഗ്‌മാന്‍. അതില്‍ എട്ടു മക്കളുമുണ്ട്. എന്തു കൊണ്ട് ഇത്രയധികം വിവാഹമോചനങ്ങള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായി എന്നതിന് വ്യക്തമായ കാരണങ്ങള്‍ ‘മാജിക് ലാന്‍റേണ്‍’ എന്ന തന്‍റെ ആത്മകഥയില്‍ അദ്ദേഹം നിരത്തുന്നുണ്ട്.

തന്‍റെ ഭാര്യമാരായിരുന്ന എല്ലാവരെയും അതിതീവ്രമായാണ് ബെര്‍ഗ്‌മാന്‍ സ്നേഹിച്ചിരുന്നത്. വിവാഹമോചനത്തിന് ശേഷവും അവരോടുള്ള പ്രണയം ആ മനുഷ്യന്‍ മനസില്‍ സൂക്ഷിച്ചു. പ്രണയത്തിന്‍റെ കടും നിറങ്ങള്‍ ബെര്‍ഗ്‌മാന്‍റെ സിനിമകളില്‍ നിറയുന്നതിന്‍റെ കാരണവും മറ്റൊന്നല്ല. ജീവിതവും സിനിമയും തമ്മില്‍ ഇഴപിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
PRO


1918ല്‍ സ്വീഡനിലെ ഒരു കുലീന കുടുംബത്തിലാണ് ഇംഗ്‌മര്‍ ബര്‍‌ഗ്‌മാന്‍ ജനിച്ചത്. 1944ല്‍ ഹെല്‍‌സിംഗ്‌ബെര്‍ഗ് സിറ്റി തിയേറ്ററില്‍ നാടകസംവിധായകനായി. 1946ല്‍ ക്രൈസിസ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേക്കു വരുന്നത്. അതിനു മുന്‍പ് ‘ഫ്രെന്‍‌സി’ എന്ന സിനിമയ്ക്ക് ബര്‍ഗ്‌മാന്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

സിനിമ കൊണ്ട് കാവ്യങ്ങള്‍ രചിച്ച സംവിധായകനായിരുന്നു ഇംഗ്‌മര്‍ ബര്‍ഗ്‌മാന്‍. ഫണ്ണി ആന്‍റ്‌ അലക്സാണ്ടര്‍ എന്ന ചിത്രം തന്നെ ഉദാഹരണം. തന്‍റെ കുട്ടിക്കാലം ഭാവനയില്‍ പുനഃസൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം ആ സിനിമയിലൂടെ ചെയ്തത്. സ്നേഹം, മരണം, ദൈവം എന്നീ വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ സിനിമകള്‍ അഗാധമായി ആഴ്ന്നിറങ്ങി.

ബര്‍ഗ്‌മാന്‍റെ അവസാനകാലം അദ്ദേഹം ചെലവഴിച്ചത് ടി വി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയും നോവലുകള്‍ രചിച്ചുമാണ്. ലോകസിനിമയില്‍ ബര്‍ഗ്‌മാന്‍റെ ഭരണകാലം അവസാനിച്ചിരിക്കുന്നു എന്ന് പറയുക വയ്യ. അദ്ദേഹം സൃഷ്‌ടിച്ച ചലച്ചിത്ര ഇതിഹാസങ്ങള്‍ അമൂല്യ രത്നങ്ങളായി പ്രഭ ചൊരിഞ്ഞു നില്‍ക്കും, എക്കാലവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :