എന്ന് നിന്റെ സ്വന്തം വാലന്റൈന്‍

Jibin George| Last Updated: ശനി, 14 ഫെബ്രുവരി 2015 (09:19 IST)

“ഏഴുകുതിരകളെ പൂട്ടിയ തേരിലാണ് അവന്‍ വരുന്നത്, ആ കണ്ണുകളിലെ വന്യമായ ആകര്‍ഷണമെന്നെ അവനിലേക്ക് അടുപ്പിച്ചു. സ്‌നേഹത്തിന്റെ മഴവില്ല് വിരിയുന്ന താഴ്‌വാരങ്ങളും തണുത്തുറഞ്ഞ് കിടക്കുന്ന നദികളും കടന്നുവരുന്ന അവനായി ഞാന്‍ കാത്തിരിന്നു. പനിനീരിന്റെ പരിശുദ്ധിയില്‍ കടലോളം ഇരമ്പുന്ന അവന്റെ മനസിന്റെ തേങ്ങല്‍ ഞാന്‍ അറിഞ്ഞിരുന്നു. എന്റെ മാത്രമാണ് നീ, ഏഴ് കടലും കടന്ന് വരുന്ന സംഗീതം പോലെ നിന്റെ പ്രണയം എനിക്ക് മധുരമായിരുന്നു. ആവേശത്തില്‍ തുടിച്ചുയരുന്ന കാമത്തേയും കാമത്തിന്റെ പരകോടിയായ കിതപ്പുകളേയും ഞാന്‍ മറന്നിരുന്നു. എന്നിലെ പ്രണയം പനിനീരിന്റെ പവിത്രതയോടെ നിനക്കായി കാത്തിരുന്നപ്പോള്‍ എന്നില്‍ നീയെന്ന വികാരം മാത്രമാണ് അലയടിച്ചത്. ആ കണ്ണുകളില്‍ നോക്കി എന്റെ പ്രണയം ഞാന്‍ അവനോട് പറയും. മരണത്തേക്കാള്‍ നിന്നെ പിരിയുന്ന നിമിഷത്തെയാണ് ഞാന്‍ ഭയക്കുന്നത്. ഏഴ് ജന്മം നിനക്കായി കാത്തിരിക്കാന്‍ എനിക്ക് കഴിയില്ല, അത്രയ്ക്കും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു”.

പ്രണയിക്കുന്നവര്‍ക്കും മനസില്‍ പ്രണയം താലോലിച്ച് കൊണ്ടു നടക്കുന്നവര്‍ക്കുമായി വീണ്ടുമൊരു പ്രണയദിനം കൂടി. പ്രണയത്തിന് അതിര്‍വരമ്പുകള്‍ ഇല്ല, എത്ര അകന്നാലും മനസിന്റെ ഒരു കോണില്‍ ഒരു പൊട്ടു പോലെ നഷ്‌ടപ്രണയവും കണ്ട കിനാവുകളും ഉണ്ടാകും. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്നു മനസില്‍ ഒരു വട്ടമെങ്കിലും പറയാത്ത ആരുണ്ടാവും. മനസില്‍ പ്രണയമില്ലാത്തവനും ഒരിക്കലെങ്കിലും പ്രണയിക്കാത്തവരും മനുഷ്യനല്ലെന്നാണ് കാലം പറയുന്നത്. കൌമാരക്കാരനിലും വൃദ്ധനിലും എന്നും തെളിഞ്ഞു കിടപ്പുണ്ടാകും തന്റെ പ്രണയകാലങ്ങള്‍. എത്ര അകന്നാലും എത്ര വെറുത്താലും അവനെ അല്ലെങ്കില്‍ അവളെ ഓര്‍ക്കാത്തവര്‍ എത്ര പേരുണ്ട്.

ബക്കിംഗ് ഹാം പാലസിലെ ആദ്യ റോയല്‍ ബ്രിട്ടീഷ് ദമ്പതിമാരായിരുന്ന ക്യൂന്‍ വിക്ടോറിയയുടേയും ആല്‍ബട്ടിന്റെയും പ്രണയം ചരിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടേയും മുംതാസിന്റെയും പ്രണയം ലോകത്തിന് സമ്മാനിച്ചത്
പ്രണയത്തിന്റെ പുതിയ തലങ്ങളായിരുന്നു. അനശ്വരമായ പ്രണയമായ ക്ലിയോപാട്ര - മാര്‍ക് ആന്റണി സ്നേഹം പ്രസിദ്ധമായപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വിശ്വവിഖ്യാതമായ പ്രണയകഥയാണ് റോമിയോ - ജൂലിയറ്റ് കാലത്തിന് മുന്നില്‍ കാഴ്‌ച
വെച്ചത്.

യഥാര്‍ഥ പ്രണയത്തിന് ഒരിക്കലും അവസാനം ഉണ്ടാകില്ലെന്ന് ചരിത്രം തന്നെയാണ് വ്യക്തമാക്കുന്നത്. നമ്മള്‍ ഇന്ന് ആഘോഷിക്കുന്ന വാലന്റൈന്‍സ്‌ ഡേയ്ക്ക് ഒരു വലിയ ചരിത്രം തന്നെയുണ്ട് നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന ചരിത്രം.

മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്നത് ക്ലോഡിയസ് ചക്രവര്‍ത്തിയായിരുന്നു. യുദ്ധപ്രേമിയായ ചക്രവര്‍ത്തി തന്റെ സൈന്യം വിപുലീകരിക്കാന്‍ ശ്രമം നടത്തി. രാജ്യത്തെ യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും സൈന്യത്തില്‍ ചേരാന്‍ യുവാക്കള്‍ മടിച്ചു.
പ്രണയവും വിവാഹവുമാണ് യുവാക്കളെ സൈന്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്ന് മനസ്സിലാക്കിയ ക്ലോഡിയസ് ചക്രവര്‍ത്തി വിവാഹം നിരോധിക്കാന്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞാല്‍ യുവാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും യുദ്ധത്തില്‍ വീര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നു എന്ന കാരണത്തിലാണ് അദ്ദേഹം വിവാഹവും പ്രണയവും നിരോധിച്ചത്.

ആ കാലത്ത് കത്തോലിക്ക സഭയുടെ ബിഷപ്പായിരുന്ന വാലന്റൈന്‍ രാജ്യത്തെ യുവതി - യുവാക്കളുടെ മനസ് മനസിലാക്കുകയും രഹസ്യമായി വിവാഹങ്ങള്‍ നടത്തുകയുമായിരുന്നു. അധികം താമസിക്കാതെ ക്ലോഡിയസ്‌ ചക്രവര്‍ത്തി വിവരമറിയുകയും വാലന്റൈനെ തുറുങ്കിലടയ്ക്കുകയുമായിരുന്നു. തടവറയിലായ അദ്ദേഹം ജയിലററുടെ അന്ധയായ മകളുമായി അടുപ്പത്തിലാകുകയും ദിവ്യത കൊണ്ടും സ്നേഹം കൊണ്ടും അവളെ ചികത്സിച്ചു കാഴചശക്തി നേടിക്കൊടുക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട ചക്രവര്‍ത്തി വാലന്റൈന്റെ തലവെട്ടാന്‍ കല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് എഡി 270 ഫെബ്രുവരി 14ന് ചക്രവര്‍ത്തിയുടെ അംഗരക്ഷകര്‍ അദ്ദേഹത്തെ വധിക്കുകയുമായിരുന്നു. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് പെണ്‍കുട്ടിക്ക് 'From Your Valentine'
എന്നൊരു കുറിപ്പ് ബിഷപ്പ് എഴുതിവെച്ചു. അതിനുശേഷമാണ് വാലന്റൈന്റെ ഓര്‍മക്കായി ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. പ്രണയത്തിനും സ്നേഹത്തിനും വേണ്ടി സ്വന്തം ജീവന്‍ കൊടുത്ത സെന്റ്‌ വാലന്റൈന്‍ പുണ്യാളന്റെ ഓര്‍മ്മയ്ക്കായാണു ലോകമെമ്പാടും പ്രണയം ആഘോഷിക്കുന്നത്.

ഇന്ന് കാലത്തിനൊപ്പം കോലവും മാറി പ്രണയം പറയുന്നതിലും അറിയിക്കുന്നതിലും സമൂലമായ മാറ്റങ്ങള്‍ സംഭവിച്ചു. സോഷ്യല്‍ മീഡയയും, മൊബൈല്‍ ഫോണും കൈകളിലെത്തിയപ്പോള്‍ പ്രണയത്തിന്റെ മധുരവും, സൌന്ദര്യവും ദിശ മാറിയൊഴുകി. എങ്കിലും പരിശുദ്ധമായ പ്രണയം തുറന്നു പറയാനുള്ള ഒരു ഫെബ്രുവരി 14 കൂടി കടന്നു വന്നിരിക്കുന്നു. പ്രണയം ഉള്ളിലൊതുക്കിയവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും നല്ലൊരു പ്രണയദിനം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. ഏവര്‍ക്കും വെബ്‌ദുനിയയുടെ പ്രണയദിനാശംസകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :