എതിരാളികളെ അരിഞ്ഞുവീഴ്ത്തി ഉമ്മന്‍‌ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന്‍ - ഇത് ഉമ്മന്‍‌ചാണ്ടിയുടെ തന്ത്രങ്ങളുടെ വിജയം!

ഉമ്മന്‍‌ചാണ്ടി, മാണി, ശബരീനാഥന്‍, അരുവിക്കര, പിണറായി, ചെന്നിത്തല
ജോണ്‍ കെ ഏലിയാസ്| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (15:01 IST)
തെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകും’ - അര്‍ത്ഥശങ്കയ്ക്കിടയില്ലാതെയാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അന്ന് യു ഡി എഫിലെ മറ്റ് നേതാക്കള്‍ക്കുപോലും മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തില്‍ നേരിയ സംശയമെങ്കിലും തോന്നിക്കാണും. എന്നാല്‍ അചഞ്ചലമായിരുന്നു ഉമ്മന്‍‌ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന്‍റെ മനസ്.

അരുവിക്കരയില്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചത് ശബരീനാഥനല്ല, സാക്ഷാല്‍ ഉമ്മന്‍‌ചാണ്ടിയാണ്. ഉമ്മന്‍‌ചാണ്ടിയുടെ തന്ത്രങ്ങളാണ് വിജയക്കരയിലേക്ക് യു ഡി എഫിനെ വലിച്ചടുപ്പിച്ചത്. എല്ലാ ഘടകങ്ങളെയും ഏറ്റവും മികച്ച രീതിയില്‍ കോര്‍ത്തിണക്കിയാണ് ഉമ്മന്‍‌ചാണ്ടി വന്‍ വിജയം സാധ്യമാക്കിയത്. ക്രിസ്ത്യന്‍ വോട്ടുകള്‍ പൂര്‍ണമായും യു ഡി എഫിലേക്ക് ഉറപ്പിച്ചുനിര്‍ത്താനായി സഭകളുടെ എല്ലാ സഹായവും തേടിയത് ഉമ്മന്‍‌ചാണ്ടിയായിരുന്നു. എന്‍ എസ് എസിന്‍റെയും എസ് എന്‍ ഡി പിയുടെയും പിന്തുണ ശബരീനാഥന് ലഭിച്ചു.

മറുഭാഗത്ത്, ഇടതുമുന്നണിക്ക് ലഭിക്കുമായിരുന്ന ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചുപോവുകയും ചെയ്തു. ഉമ്മന്‍‌ചാണ്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രചരണമായിരുന്നു ഇടതുമുന്നണി അഴിച്ചുവിട്ടത്. ബാര്‍ കോഴയും സോളാറും സരിതയുമെല്ലാം ഉയര്‍ത്തി അവര്‍ ഉമ്മന്‍‌ചാണ്ടിയെ ആക്രമിച്ചു. എന്നാല്‍ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ വിഴിഞ്ഞം പോലുള്ള വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു ഉമ്മന്‍‌ചാണ്ടി. ജനങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാതെ സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കൊടുത്തു.

ആര്‍ എസ് പിക്ക് നല്ല ശതമാനം വോട്ടുള്ള സ്ഥലമാണ് അരുവിക്കര. അവരെ ഒപ്പം നിര്‍ത്തി ഉമ്മന്‍‌ചാണ്ടി വലിയ രാഷ്ട്രീയ തന്ത്രം മെനഞ്ഞു. നാടാര്‍ സമുദായത്തിന് സ്വന്തം സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നെങ്കിലും അവര്‍ വോട്ട് കോടുത്തത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ്. എന്‍ ശക്തനെ സ്പീക്കറാക്കിയ നടപടിയാണ് നാടാര്‍ സമൂഹത്തിന്‍റെ വോട്ട് ഉറപ്പാക്കാന്‍ ഉമ്മന്‍‌ചാണ്ടിയെയും കൂട്ടരെയും സഹായിച്ചത്.

ഈ വിജയത്തോടെ എതിരാളികളില്ലാത്തെ കോണ്‍ഗ്രസ് നേതാവായി ഉമ്മന്‍‌ചാണ്ടി മാറി. നോട്ടയുടെ പിന്നില്‍ വോട്ടുനേടി പി സി ജോര്‍ജ് നാണം‌കെട്ടു. ബാലകൃഷ്ണപിള്ളയും ഗണേഷ്കുമാറും അപ്രസക്തരായി. ഇവിടെ പരാജയപ്പെട്ടിരുന്നെങ്കില്‍ ഉമ്മന്‍‌ചാണ്ടിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുക ആഭ്യന്തരമന്ത്രി രമേശ് ആകുമായിരുന്നു. ചെന്നിത്തലയ്ക്കുമേല്‍ നേടിയ വിജയം കൂടിയാണ് ഉമ്മന്‍‌ചാണ്ടിക്ക് അരുവിക്കരയിലേത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :