ഉപഭോക്താക്കള്‍ക്കായി ഒരു ദിനം

WEBDUNIA|
നാം വാങ്ങുന്ന സാധനങ്ങള്‍ നമുക്ക് ഉപയോഗമുള്ളതാണോ ? വിചിത്രമായ ചോദ്യം എന്ന് കരുതിയേക്കാം. പലസാധനങ്ങളും നൂറുശതമാനവും സ്വന്ത ഇഷ്ടപ്രകാരമാണോ വാങ്ങിക്കൂട്ടുന്നത് എന്ന ചോദ്യത്തിന് ഉത്തരം തപ്പിയാല്‍ ഇത് അത്ര വിചിത്രമായ ചോദ്യമല്ല എന്ന് മനസ്സിലാവും.

ഉപഭോക്തൃ ലോകം പരസ്യവാചകങ്ങള്‍ക്കിടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന അവസരത്തില്‍, തീരുമാനമെടുക്കാന്‍ കഴിവുള്ള ഉപഭോക്താക്കളാണ് നാമെന്ന് പറയാന്‍ അവസരം നല്‍കുന്ന ദിവസമാണിത്. ഉപഭോക്താക്കള്‍ക്ക് എന്തു വേണം എന്ന് നിശ്ചയിക്കാനുള്ള അധികാരമുണ്ടെന്ന് ഉറക്കെ പറയുന്ന ദിനമാണ് മാര്‍ച്ച് 15- ഉപഭോക്തൃ ദിനം.

മരുന്നുകള്‍, ദൈനംദിനോപയോഗസാധനങ്ങള്‍, ആഹാര സാധങ്ങള്‍ എന്നിവയെല്ലാം പരസ്യങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്ന ഈ കാലത്ത് ഉപഭോക്തൃ ദിനത്തിന്‍റെ സാധുത വളരെ വലുതാണ്. യഥാര്‍ത്ഥത്തില്‍, ഉപഭോക്താവിന്‍റെ ആവശ്യത്തിന് അനുസൃതമായാണ് ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തേണ്ടത്. പക്ഷേ, ഇന്ന് ഉത്പാദകരാണ് ഉപഭോക്താവ് എന്ത് ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നത്!

വര്‍ദ്ധിച്ചു വരുന്ന പരസ്യ അഭ്യാസങ്ങള്‍ സ്വതവേ ഉപഭോക്തൃ സമൂഹമായ ഇന്ത്യന്‍ ജനതയെ തികഞ്ഞ ആശങ്കയിലാക്കുന്നു. എന്ത് വേണം, എന്ത് വേണ്ട എന്ന് തീരുമാനിക്കാനാവാത്ത അവസ്ഥയിലേക്ക് ഇന്ത്യക്കാര്‍ എടുത്തെറിയപ്പെട്ടിട്ട് അനേകവര്‍ഷങ്ങളായി.

പരസ്യങ്ങളും ഉത്പാദകരും ഉപഭോക്താവിന്‍റെ അറിയാനുള്ള അവകാശത്തെയാണ് തടസ്സപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഒരു പാക്കറ്റ് പാലില്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് ഉപഭോക്താവിന് അറിയാന്‍ കഴിയില്ല. ഒരു പക്ഷേ അതില്‍ യൂറിയ മുതല്‍ അലക്ക് കാരം വരെ ഉണ്ടായിരിക്കാം. ഉപഭോക്താവ് സാമ്പ്രദായിക അറിവു വച്ച് പാലിന്‍റെ ഗുണം അനുഭവിക്കാന്‍ അത് വാങ്ങി ഉപയോഗിക്കേണ്ടി വരുന്നു.

1960 കളിലാണ് ഇന്ത്യന്‍ ഉപഭോക്തൃ സമൂഹം ഉണര്‍ന്ന് തുടങ്ങിയത്. 1989 മാര്‍ച്ച് 15 ഇന്ത്യ ആദ്യമായി ലോക ഉപഭോക്തൃ ദിനം ആചരിച്ചതോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇന്ന് വിവിധ സംഘടനകളിലായി പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃ സമൂഹത്തിന് ഈ അവകാശ ദിനം ഒരു നാഴികക്കല്ലാവട്ടെ!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :