ഉണ്ണിത്താന്‍ വാര്‍ത്തയെ മുക്കിയ മാധ്യമങ്ങള്‍

ഷിജു രാമചന്ദ്രന്‍

PRO
കേരളത്തിലെ ക്രമസമാധാന നില ആകെ തകര്‍ന്നെന്നും എല്ലാ പ്രതികളേയും രക്ഷിക്കുന്നതിന് സി പി എം ശ്രമിക്കുകയാനെന്നും മറ്റും പറഞ്ഞ് ചര്‍ച്ചയും ഉപചര്‍ച്ചയും നടത്തുന്ന ചാനലുകള്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. മുഖ്യധാരാ മാധ്യമങ്ങളുടെ വെബ്സൈറ്റുകളും ഉണ്ണിത്താനെതിരെ മൌനം പാലിച്ചു. കേരള രാഷ്ട്രീയത്തിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കിയ ഒരു സംഭവം രാത്രിയിലെ ചാനല്‍ ചര്‍ച്ചയിലും വലിയ സംഭവമായതായി കണ്ടില്ല. ഇന്നലെ മഞ്ചേരിയില്‍ പിടിയിലായത് ഉണ്ണിത്താന്‍ അല്ലാതിരിക്കുകയും അത് മറ്റേതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ആവുകയും ചെയ്തിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം. കേരളത്തിലെ സകല സിന്‍ഡിക്കേറ്റ് ബുദ്ധിജീവികളും ചാനലില്‍ ചര്‍ച്ചയ്ക്കായി അണിനിരന്നേനെ!

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സാധാരണ നിലയ്ക്ക് ചാനലുകള്‍ ചെയ്യുന്ന റിപ്പോര്‍ട്ടിംഗുകളൊന്നും ഇന്ന് കണ്ടില്ല. സാധാരണ നിലയ്ക്ക് ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാല്‍ ചാനലുകള്‍ സാംസ്കാരിക നായകരുടെ പ്രതികരണം ആരായുക പതിവാണ്. എന്നാല്‍, കൈരളിയൊഴികെ ഒരു ചാനലും ഈ ഉദ്ദ്യമത്തിന് മുതിര്‍ന്നില്ല. ഉണ്ണിത്താന്‍ യുവതിയോടൊപ്പം പിടിയില്‍ എന്നുള്ളതല്ലാതെ ഒരുതരത്തിലുള്ള സൈഡ് സ്റ്റോറിയും ഈ സംഭവത്തില്‍ നിന്നുണ്ടായില്ല. ചാനലുകളില്‍ കണ്ട വിഷ്വലുകള്‍ ശരിയാണെങ്കില്‍ ഉണ്ണിത്താന്‍ പൊലീസ് കസ്റ്റഡിയിലാകുമ്പോള്‍ നന്നായി മദ്യപിച്ചിരുന്നു എന്നാണ് മനസിലാകുന്നത്. നിലത്തുറയ്ക്കാത്ത കാലുകളുമായി ഉണ്ണിത്താന്‍ സ്റ്റേഷനകത്തേക്ക് നടന്നുപോകുന്നതും ഉറയ്ക്കാത്ത മുണ്ട് പിന്നെയും പിന്നെയും വാരിവലിച്ച് ഉടുക്കുന്നതും സ്റ്റേഷനിലെ കസേരയില്‍ ഇരിക്കുന്ന പോലെ വീഴുന്നതും മദ്യപാനത്തിന്‍റെ ലക്ഷണങ്ങളല്ലെങ്കില്‍ പിന്നെയെന്താണ്? ഇതൊന്നും ആരും വാര്‍ത്തയാക്കിയില്ലെന്ന് മാത്രമല്ല മറച്ചുപിടിക്കാനും ശ്രമിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായവരില്‍ നിന്നോ രാഷ്ട്രീയക്കാരില്‍ നിന്നോ വിശദമായ ഒരു പ്രതികരണവും ചാനലുകള്‍ എടുത്തില്ല. മാത്രവുമല്ല ഉണ്ണിത്താനേയും ജയലക്ഷ്മിയേയും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നതിനും പ്രമുഖ മാധ്യമങ്ങള്‍ക്ക് ഉരിയാട്ടമില്ല. വീട് വാടകയ്ക്കെടുത്ത അഷ്‌റഫ് എന്ന വ്യാപാരിയാണ് ഒന്നാം പ്രതി. ഉണ്ണിത്താനും അഷ്‌റഫും തമ്മിലുള്ള ബന്ധമെന്താണ്? ബാംഗ്ലൂരില്‍ പോകേണ്ട ഉണ്ണിത്താന്‍ എന്തിനാണ് കൊല്ലത്തു നിന്ന് മലപ്പുറം വഴി വന്നത്? ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ക്കുള്ള അന്വേഷണവും മാധ്യമങ്ങള്‍ വിഴുങ്ങി.

ഇത് ചാനലുകള്‍ സ്വീകരിച്ച പൊതു മാര്‍ഗ്ഗമാണെങ്കില്‍ പിറ്റേന്ന് പത്രങ്ങളും ഉണ്ണിത്താന്‍ സംഭവം മറയ്ക്കുന്നതില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. അനാശാസ്യം എന്നുള്ളത് അനാശാസ്യ ആരോപണമായി മാറി. രാവിലെ പത്രമെടുത്ത് വാര്‍ത്തയ്ക്കായി പരതിയ വായനക്കാര്‍ക്ക് പേജുകള്‍ പലതും മറയ്ക്കേണ്ടി വന്നു വാര്‍ത്ത കണ്ടെത്താന്‍. പക്ഷേ, ഒന്നുണ്ട് ഉണ്ണിത്താന്‍ അറസ്റ്റിലായതിനേക്കാള്‍ വലിയ വാര്‍ത്ത എല്ലാം സി പി എമ്മിന്റെയും പിഡിപിയുടെയും ഗൂഡാലോചനയാണെന്ന ഉണ്ണിത്താന്‍റെ പ്രതികരണമാണ്. കൊള്ളാം ഇതാണ് ഉത്തമമായ മാധ്യമ ധര്‍മ്മം. വാര്‍ത്തയിലെ വ്യക്തികള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെങ്കില്‍ വാര്‍ത്ത ഉള്‍പ്പേജിലും മതി.

WEBDUNIA|
വീട്ടമ്മയുടെ സ്വര്‍ണമാല മോഷണം പോയാല്‍ ക്രമസമാധാന നില തകര്‍ന്നു എന്ന് മുന്‍‌പേജില്‍ വാര്‍ത്ത കൊടുക്കുകയും എഡിറ്റോറിയല്‍ എഴുതുകയും ചെയ്യുന്ന മുത്തശ്ശിപ്പത്രം പത്രം ഇന്നലെ കണ്ണ് ഇറുക്കിയടച്ചു. വീരേന്ദ്രകുമാര്‍ വലതുപക്ഷത്തെത്തിയതോടെ മാതൃഭൂമിയും അതേപാത പിന്തുടര്‍ന്നു. തങ്ങള്‍‌ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിക്കുക, അല്ലാത്തവരെ സഹായിക്കുക എന്ന വിലകുറഞ്ഞ മാധ്യമ തന്ത്രം മാത്രമാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഉണ്ണിത്താന്‍ വിഷയത്തില്‍ കൈക്കൊണ്ടത്. നാളെ ഇതേ മുഖങ്ങള്‍ ഇവരുടെ ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ചയ്ക്കെത്തുകയും ചെയ്യും. വൈകിയാലും ഒരു സപ്ലിമെന്‍റ് തന്നെ ഇറക്കിക്കൂടെന്നില്ല!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :