ആരുടേതാണ് ഭാരതീയ പൈതൃകം?

WEBDUNIA|


10. ജ്യോതിഃശാസ്ത്രത്തിന്‌ ഈ ഗതിയെങ്കില്‍ യോഗശാസ്ത്രത്തിന്‌ ഡോ.ഗോപാലകൃഷ്ണന്‍ നല്‍കുന്ന മുറിവുകളെത്ര?

സാമാന്യജനങ്ങള്‍ക്ക്‌ ജ്യോതിഃശാസ്ത്രത്തില്‍ അവഗാഹമില്ലാത്തതിനാല്‍ എന്തു പറഞ്ഞാലും ചോദ്യം ചെയ്യപ്പെടുകയില്ലെന്ന കൈമുതലിലൂന്നിയാണ്‌ ഈ ശാസ്ത്രജ്ഞന്റെ പ്രവര്‍ത്തനം എന്ന്‌ നിസ്സംശയം മനസ്സിലാക്കാം. ഭാരതീയമായ ആചാരങ്ങള്‍ക്ക്‌ പിന്നിലെ ശാസ്ത്രചര്‍ച്ചയും അബദ്ധങ്ങള്‍ നിറഞ്ഞതാണ്‌.

നെറ്റിയില്‍ സിന്ദൂരം അണിയുന്നത്‌ അള്‍ട്രവയലറ്റ്‌ രശ്മികളെ വികര്‍ഷിക്കുന്നതിനാണ്‌, ചെവിക്ക്‌ പിന്നില്‍ തുളസിക്കതിര്‍ ചൂടുന്നത്‌ രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കും, ഭഗവത്ഗീതയുടെ വലിച്ചുനീട്ടിയ വ്യാഖ്യാനങ്ങള്‍, ഉപനിഷത്തുക്കളുടെ വിചിത്ര വ്യാഖ്യാനങ്ങള്‍ ഇങ്ങനെ ഭാരതത്തിന്‌ അകത്തും പുറത്തുമുള്ള ഭാരതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യരെ പൈതൃകത്തിന്റെ വ്യാജവ്യാഖ്യാനം നല്‍കി കുളിരണിയിക്കുകയാണ്‌ ഈ ശാസ്ത്രജ്ഞന്‍.

ജ്യോതിഃശാസ്ത്രത്തിന്റെ അവതരണത്തില്‍ ക്ഷന്തവ്യമല്ലാത്ത പാളിച്ചകള്‍ വരുത്തിയ വ്യക്തി യോഗശാസ്ത്രത്തെപ്പറ്റിയും ആത്മീയതയെപ്പറ്റിയും നടത്തുന്ന പ്രസംഗങ്ങള്‍ എത്രകണ്ടു ശരിയായിരിക്കാം?

അഭിവന്ദ്യനായ ഭാരതത്തിന്റെ രാഷ്ട്രപതി ഡോ. ഇ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരും തന്റെ പൈതൃക പ്രസ്ഥാനവുമായി ഡോ.ഗോപാലകൃഷ്ണന്‍ ബന്ധപ്പെടുത്തിക്കാണുന്നു. //www.hvk.org/articles/1106/127.html എന്ന വെബ്സൈറ്റില്‍ കാണുന്ന പ്രഭാഷണം അനുസരിച്ച്‌ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ആഗ്രഹം അനുസരിച്ചാണ്‌ മുകളില്‍ പറഞ്ഞ തരത്തിലുള്ള ജ്യോതിഃശാസ്ത്രപൈതൃകത്തിന്റെയും പ്രചരണം അദ്ദേഹം നടത്തുന്നത്‌.

നമ്മുടെ രാഷ്ട്രപതി ഡോ. ഗോപാലകൃഷ്ണന്റെ പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ നിജസ്ഥിതി അറിയുന്നുവോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. തത്ത്വദീക്ഷയില്ലാതെ ശാസ്ത്രചരിത്രത്തെ വളച്ചൊടിച്ച്‌ അവതരിപ്പിക്കുന്ന ഒരു വ്യക്തിക്ക്‌ അറിഞ്ഞു കൊണ്ടു ഡോ. ഇ.പി.ജെ. അബ്ദുള്‍കലാം ആശീര്‍വാദം നല്‍കുമെന്ന്‌ കരുതാനാകില്ല.

11. ആര്യഭടന്‍ ജൈനനാകുമ്പോള്‍....?

ആര്യഭടന്‍ ജൈനനായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദേശമായ ചമ്രവട്ടം ജൈനജനപദമായ അശ്മകത്തിന്റെ ഭാഗമായിരുന്നുവെന്നും ഒരു ശൂദ്രന്‍ സിദ്ധാന്തിച്ചു കഴിഞ്ഞു. ഭാരതീയവും കേരളീയവുമായ ചരിത്രവ്യാഖ്യാനങ്ങളില്‍ സാരമായ മാറ്റം ആവശ്യപ്പെടുന്നതാണ്‌ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചമ്രവട്ടത്ത്‌ നിലനിന്ന ജൈനസംസ്കാരവും ജൈനനായ ആര്യഭടനും.

(അ) ശ്രുതികള്‍ക്കും സ്മൃതികള്‍ക്കും വിരുദ്ധമായ ആര്യഭടന്റെ യുഗഗണന ശാസ്ത്രത്തിന്‌ കല്‍പിച്ചിരുന്ന ബ്രാഹ്മണപൈതൃകത്തെ നിരാകരിക്കുന്നു.

(ആ) വേദവിരുദ്ധമായ ജൈനസംസ്കൃതിയിലാണ്‌ കേരളത്തില്‍ ആര്യഭടന്റെ മഹത്തായ കൃതികള്‍ രൂപം കൊണ്ടതെന്ന്‌ വ്യക്തമാകുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :