ആന്ധ്ര കേരളമല്ല, ജഗന്‍ മുരളിയുമല്ല

രവിശങ്കരന്‍

WEBDUNIA|
PTI
പ്രതീക്ഷിച്ചത് സംഭവിച്ചു, ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിനു പുറത്തുപോയി. പുതിയ പാര്‍ട്ടിയുടെ പേരും പ്രഖ്യപിക്കപ്പെട്ടു - വൈ എസ് ആര്‍ കോണ്‍ഗ്രസ്. ഇത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് വൈ എസ് ആര്‍ മരിച്ച് രണ്ടാഴ്ചയ്ക്കപ്പുറം തോന്നിയതാണ്. അധികാരമോഹമോ അനാവശ്യ തിടുക്കമോ മറ്റൊരു യുവ നേതാവിനെക്കൂടി കോണ്‍ഗ്രസിന് പുറത്തെത്തിച്ചിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് കൂടാരത്തിന് തീകൊടുത്ത് കെ മുരളീധരന്‍ എന്ന പ്രശസ്തനായ ‘മകന്‍’ പുറപ്പെട്ടുപോയതിനോട് ഒരു സാദൃശ്യം തോന്നുന്നില്ലേ ഈ സംഭവങ്ങള്‍ക്ക്?

വീടുവിട്ടുപോയശേഷം പലപല ഇടങ്ങളില്‍ വസിച്ച്, ഭക്ഷണമോ വെള്ളമോ സമയത്ത് കിട്ടാതെ ഒടുവില്‍ ഭിക്ഷയ്ക്കായി കൈനീട്ടി തറവാട്ടുവീടിന്‍റെ ഗേറ്റില്‍ നില്‍പ്പാണ് ഇപ്പോഴും കേരളത്തിന്‍റെ യംഗ് ടര്‍ക്ക്. ആ ഗതി ജഗന്‍ മോഹന്‍ റെഡ്ഡിക്കു വരുമോ എന്നാണ് രാഷ്ട്രീയലോകം വീക്ഷിക്കുന്നത്. രണ്ടുപേരുടെയും സ്വഭാവങ്ങള്‍ക്ക് ഏറെ സമാനതയുണ്ട്. അത് 100 ശതമാനം യോജിച്ചിരിക്കുന്നത് മുന്‍പിന്‍ നോക്കാതെയുള്ള എടുത്തുചാട്ടത്തിലാണ്.

എന്നാല്‍ മുരളിക്കു സംഭവിച്ചതുപോലെയുള്ള അവസ്ഥ ഒരിക്കലും ജഗനു വരില്ലെന്നാണ് അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ പോലും കരുതുന്നത്. അതിനു കാരണം ആന്ധ്രാ രാഷ്ട്രീയത്തിന്‍റെ പ്രത്യേകത തന്നെ. പ്രാദേശിക പാര്‍ട്ടികള്‍ക്കും അവയുടെ തലവന്‍‌മാരായ ലോക്കല്‍ ഗോഡ്സിനും ആവശ്യത്തിലേറെ വെള്ളവും വളവും നല്‍കുന്ന മണ്ണും മനുഷ്യരുമാണ് ആന്ധ്രയിലേത്.

മുരളി കോണ്‍ഗ്രസിന് പുറത്തുപോയപ്പോള്‍ അദ്ദേഹത്തിനു ജെയ് വിളിക്കാനും ആരവം മുഴക്കാനും ഉണ്ടായിരുന്നത് ഒരു ന്യൂനപക്ഷമാണ്. ആ ആരവത്തിന്‍റെ ശക്തി നേര്‍ത്തില്ലാതാകുന്ന കാഴ്ച പിന്നീട് കാണാനും കഴിഞ്ഞു. ആന്ധ്രയിലെ രാഷ്ട്രീയം കുറച്ചുകൂടി വികാരപരമാണ്. വൈ എസ് രാജശേഖരറെഡ്ഡി എന്ന മഹാമേരുവിന്‍റെ സ്വാധീനം ഇപ്പോഴും ആന്ധ്രയിലെ മനുഷ്യരുടെ മനസില്‍ വേരാഴ്ത്തി നില്‍പ്പാണ്. അദ്ദേഹത്തിന്‍റെ മകനെതിരെ കോണ്‍ഗ്രസ് അനീതികാട്ടി എന്നൊരു ബോധം ആന്ധ്രാ ജനതയ്ക്കുണ്ട്. ജഗന്‍ കാണിച്ച തോന്ന്യാസങ്ങളൊക്കെ പൊറുക്കുകയും കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്ന മാനസികഘടനയിലേക്ക് മാറുകയാണ്.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് അഡ്രസുണ്ടാക്കിയത് വൈ എസ് ആര്‍ ആണെന്ന കാര്യത്തില്‍ സോണിയാ ഗാന്ധിക്കുപോലും രണ്ടഭിപ്രായം ഉണ്ടാകില്ല. ആ ഒരു തണലിന്‍റെയും തഴമ്പിന്‍റെയും പശ്ചാത്തലത്തിലാണ് ജഗന്‍റെ വളര്‍ച്ച. ജനങ്ങളിലെ സഹതാപവും രോഷവും സ്നേഹവുമെല്ലാം തനിക്കു തുണയാകുമെന്ന് ജഗനും അമ്മ വിജയലക്‍ഷ്മിക്കും അറിയാം. വൈ എസ് ആറിന്‍റെ മരണത്തില്‍ ദുഃഖിക്കുന്നവരുടെയും ആ മരണത്തോട് പൊരുത്തപ്പെടാനാകാതെ ജീവനൊടുക്കിയവരുടെയും മണ്ണിലൂടെ, ഗ്രാമങ്ങളിലൂടെ ജഗന്‍ മോഹന്‍ റെഡ്ഡി നടത്തിയ യാത്ര വന്‍ വിജയമായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കേണ്ട വസ്തുതയാണ്. ആന്ധ്രയുടെ ഉള്‍ഗ്രാമങ്ങളില്‍ ജഗന് ലഭിച്ച സ്വീകരണം കോണ്‍ഗ്രസിന്‍റെ ഉന്നതകേന്ദ്രങ്ങളെപ്പോലും നടുക്കി.

തെലങ്കാനയും പ്രാദേശികവാദവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന ആന്ധ്രാരാഷ്ട്രീയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിനും ഒരു സ്ഥാനമുണ്ട്. അത് എന്തുകൊണ്ടും ചിരഞ്ജീവിയുടെ പ്രജാരാജ്യത്തേക്കാള്‍ വലുതായിരിക്കും. കോണ്‍ഗ്രസിന്‍റെ ഭിക്ഷ യാചിച്ച് ജഗന് മടങ്ങിച്ചെല്ലേണ്ടിവരില്ലെന്ന് സാരം.

നിലവില്‍ 20 എം എല്‍ എമാരാണ് ജഗനൊപ്പമുള്ളത്. ഇനിയും ഒട്ടേറെപ്പേര്‍ ജഗനൊപ്പം ചേരാം. തല്‍ക്കാലം ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ ഭീഷണി സൃഷ്ടിക്കാന്‍ ജഗന് കഴിയില്ലെങ്കിലും 2014 തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞേക്കും. അന്നു ചിലപ്പോള്‍ ജഗന്‍റെ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിന് സാക്ഷാല്‍ കോണ്‍ഗ്രസ് ശ്രമിച്ചുകൂടായ്കയുമില്ല.

ആന്ധ്രയില്‍ ‘വൈ എസ് ആര്‍ കോണ്‍ഗ്രസ്’ ശക്തിപ്രാപിക്കുന്ന കാലമെത്തിയാലും കേരളത്തില്‍ മുരളീധരന് കോണ്‍ഗ്രസ് മൂന്നു രൂപയുടെ ആ മെമ്പര്‍ഷിപ്പ് നല്‍കുമോ എന്ന് കണ്ടറിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :