അര്‍ദ്ധരാത്രിയിലെ കൊലപാതകം!

WEBDUNIA| Last Modified ശനി, 21 ഓഗസ്റ്റ് 2010 (13:43 IST)
PRO
1940 ഓഗസ്റ്റ് 20. അന്ന് അര്‍ദ്ധരാത്രിയില്‍ ലോകത്തെ നടുക്കിയ ഒരു സംഭവം റഷ്യയില്‍ നടന്നു. ഒക്ടോബര്‍ വിപ്ളവത്തിന്‍റെ നടുനായകന്മാരിലൊരാളായിരുന്ന, ലെനിന്‍റെ ആദ്യകാല കൂട്ടാളിയായിരുന്ന, തൊഴിലാളി നേതാവ് ലിയോണ്‍ ട്രോട്സ്കി രാത്രിയുടെ മറവില്‍ കൊലചെയ്യപ്പെട്ടു. ട്രോട്സ്കിയെ സ്റ്റാലിന്‍റെ പിണിയാള്‍ പിക്കാസു കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു.

സോവിയറ്റ് യൂണിയനിലെ സ്റ്റാലിനിസ്റ്റ് ഭരണത്തിന്‍റെ രക്തസാക്ഷിയാവുകയായിരുന്നു ലിയോണ്‍ ട്രോട്സ്കി. ധീരനായ ആ വിപ്ലവകാരിയുടെ ഓര്‍മ്മയില്‍ ഇന്നും ആവേശഭരിതമാകുന്നു സോഷ്യലിസ്റ്റ് ലോകം. ഓഗസ്റ്റ് 21 ട്രോട്സ്കി ദിനമായി ആചരിക്കുകയാണ്.

ട്രോട്സ്കിയെ തന്‍റെ എതിരാളിയായാണ് സ്റ്റാലിന്‍ കണ്ടിരുന്നത്. ഭയപ്പെട്ടിരുന്നു എന്നുതന്നെ പറയണം. മെക്സിക്കോ സിറ്റിയില്‍ ട്രോട്സ്കിയെ പിക്കാസുകൊണ്ട് വെട്ടിക്കൊന്നത് സ്പാനിഷ് കമ്മ്യൂണിസ്റ്റ്കാരനായ രമണ്‍ മെര്‍ക്കാഡര്‍ ആയിരുന്നു. മെര്‍ക്കാഡര്‍ ആകട്ടെ സ്റ്റാലിന്‍റെ കടുത്ത ആരാധകനും. കൊലപാതകത്തിന്‍റെ ആസൂത്രണം എവിടെനിന്ന്, എങ്ങനെ എന്നൊക്കെ ഊഹിക്കാമല്ലോ.

റഷ്യയില്‍ ചുവന്ന സേനയുണ്ടാക്കിയത് ലിയോണ്‍ ട്രോട്സ്കിയാണ്. സ്പാര്‍ക്ക് (ഇസ്ക്ര) എന്ന പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു. ഉക്രെയ്നിലെ ജൂത കുടുംബത്തിലായിരുന്നു ലിയോണ്‍ ട്രോട്സ്കിയുടെ ജനനം. യഥാര്‍ത്ഥ പേര് ലെവ് ദവിബോവിച്ച് ബ്രാണ്‍സ്റ്റീന്‍.

1896 മുതല്‍ ട്രോട്സ്കി വിപ്ലവ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി. തെക്കന്‍ റഷ്യയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. 1898ല്‍ ട്രോട്സ്കി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹത്തെ ജയിലിലടയ്ക്കുകയും സൈബീരിയയിലേക്ക് നാടുകടത്തുകയും ചെയ്തു. 1917ല്‍ അദ്ദേഹം ബോള്‍ഷെവിക് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1918-21 കാലഘട്ടത്തില്‍ ചെമ്പടയുണ്ടാക്കി. 1917-24 കാലത്ത് അദ്ദേഹം റഷ്യയുടെ വിദേശകാര്യ യുദ്ധകാര്യ കമ്മീഷണറായി പ്രവര്‍ത്തിച്ചു.

1921ല്‍ ക്രോണ്‍സ്റ്റാഡ് കലാപം അമര്‍ച്ച ചെയ്തു. 1927ല്‍ സ്റ്റാലിന്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിന്നീട് നാടുകടത്തി. ആദ്യം അല്‍മ അട്ടയിലേക്ക്(ഇപ്പോഴത്തെ ഖസാക്കിസ്ഥാനിലെ അല്‍മാട്ടി). പിന്നെ തുര്‍ക്കിയിലേക്ക്.

1933ല്‍ ഫ്രാന്‍സിലും 1935ല്‍ നോര്‍വെയിലും താമസമാക്കി. സ്റ്റാലിന്‍ ഇടപെട്ട് നോര്‍വെയിലെ അഭയം അവസാനിപ്പിച്ചപ്പോഴാണ് ട്രോട്സ്കിയും കുടുംബവും മെക്സിക്കോവിലെത്തിയത്. 1937ല്‍ ദി റവല്യൂഷന്‍ ബിട്രെയ്ഡ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

ലെനിന്‍റെ മരണത്തിനുശേഷം റഷ്യയില്‍ സ്ഥിതിഗതികള്‍ മാറാന്‍ തുടങ്ങി. 1918ല്‍ ജര്‍മ്മനിയിലെ വിപ്ളവവും 1919ല്‍ ഹംഗറിയിലെ വിപ്ളവവും 1920ല്‍ ഇറ്റലിയിലെ വിപ്ളവവും പരാജയപ്പെട്ടതോടെ ഒറ്റപ്പെടാനും തുടങ്ങി.

സാര്‍ ഭരണകൂടത്തില്‍ നിന്നും ബോള്‍ഷെവിക്കുകള്‍ അധികാരം കൈയേറ്റപ്പോള്‍ റഷ്യയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുക കൂടി ചെയ്തപ്പോള്‍ സോഷ്യലിസത്തിലേക്കുള്ള പോക്ക് തടസ്സപ്പെട്ടു. ബ്യൂറോക്രാറ്റ് ശക്തികള്‍ പിടിമുറുക്കാനും തുടങ്ങി.

സ്റ്റാലിന്‍ ഭരണകൂടം ബ്യൂറോക്രാറ്റുകളുടെ കൈയിലേക്ക് ഒതുങ്ങുകയാണ് എന്നായിരുന്നു ട്രോട്സ്കിയുടെ ആരോപണം. യഥാര്‍ത്ഥ ബോള്‍ഷെവിക് പാരമ്പര്യം തച്ചുടച്ചാലേ ബ്യൂറോക്രാറ്റുകള്‍ക്ക് വളരാനാവൂ. ഇത് സ്റ്റാലിന്‍ പക്ഷവും ട്രോട്സ്കിയുടെ നേതൃത്വത്തിലുള്ള ഇടതു പ്രതിപക്ഷവും തമ്മിലുള്ള നിരന്തര സമരത്തിന് വഴിമരുന്നിട്ടു.

സ്റ്റാലിനിസ്റ്റ് ജീര്‍ണ ഭരണത്തിനെതിരെ ഐതിഹാസികമായ സമരം നയിച്ച ട്രോട്സ്കിയെ സ്റ്റാലിന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നാടുകടത്തി. ലോകത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയായി പിന്നെ ട്രോട്സ്കിയുടെ നീക്കം. 1936, 37, 38 കാലത്ത് മോസ്കോവില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ പരസ്യ വിചാരണ നടന്നു. ഇതില്‍ ട്രോട്സ്കിയെ കുറ്റക്കാരുടെ തലവനായാണ് വ്യാഖ്യാനിച്ചിരുന്നത്.

1940 ഓഗസ്റ്റ് 20 അര്‍ദ്ധരാത്രിയില്‍ തന്‍റെ മുറിയില്‍ വായിച്ചുകൊണ്ടിരുന്ന ട്രോട്സ്കി ആക്രമിക്കപ്പെട്ടു. രമണ്‍ മെര്‍ക്കാഡര്‍ തന്‍റെ പിക്കാസു കൊണ്ട് ട്രോട്സ്കിയുടെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. ശക്തമായ അടിയായിരുന്നെങ്കിലും ട്രോട്സ്കി അപ്പോള്‍ മരിച്ചില്ല. ട്രോട്സ്കിയുടെ അംഗരക്ഷകര്‍ മെര്‍ക്കാഡറെ പിടികൂടി തല്ലിച്ചതച്ചു. അയാളെ കൊല്ലുന്നതില്‍ നിന്ന് വിലക്കിയത് ട്രോട്സ്കി തന്നെയായിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ട്രോട്സ്കി ഓഗസ്റ്റ് 21ന് മരിക്കുകയായിരുന്നു. തലച്ചോറിനേറ്റ ക്ഷതമായിരുന്നു മരണകാരണം.

യഥാര്‍ത്ഥ മാര്‍ക്സിസത്തിന്‍റെ പ്രവാചകനായിരുന്നു ട്രോട്സ്കി. കമ്യൂണിസ്റ്റ് ആശയങ്ങളെ ബ്യൂറോക്രസിയും ഏകാധിപത്യവീര്യവും ഗ്രസിക്കുന്നതു കണ്ട് അദ്ദേഹം വിതുമ്പി. അത് സ്റ്റാലിന്‍റെ അടിച്ചമര്‍ത്തലിനെതിരെയുള്ള ബഹുജന തൊഴിലാളി സമരമായി മാറുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :