അടുത്തവര്‍ഷം ‘പ്രേമ’ത്തിലെ അഭിനയത്തിനും നല്‍കുമോ അവാര്‍ഡ്?

പ്രേമം, നിവിന്‍ പോളി, അവാര്‍ഡ്, മമ്മൂട്ടി, ജയസൂര്യ, ജോണ്‍ പോള്‍
ആദര്‍ശ് പി നായര്‍| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (16:16 IST)
കഴിഞ്ഞ വര്‍ഷം മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാവ് നിവിന്‍ പോളിയാണെന്ന് സംസ്ഥാന അവാര്‍ഡ് ജൂറി കണ്ടെത്തിയിരിക്കുന്നു. പാത്രാവിഷ്‌ക്കാരത്തില്‍ അവനവനെ ത്യജിച്ചുള്ള പകര്‍ന്നാട്ടത്തിലെ അനായാസതയ്ക്കാണ് നിവിന് അവാര്‍ഡ് നല്‍കുന്നതെന്നാണ് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറി അറിയിച്ചിരിക്കുന്നത്. സമ്മതിച്ചു, നിവിന്‍ അനായാസമായാണ് അഭിനയിച്ചത്. 1983ലെ മൂന്ന് കാലഘട്ടങ്ങള്‍ നിവിന്‍ മികച്ചതാക്കിയിട്ടുണ്ട്.
 
എന്നാല്‍, അഭിനയത്തിലെ ഈ അനായാസത നിവിന്‍ പോളി മാത്രമാണോ കാഴ്ചവച്ചത് എന്ന് അന്വേഷിക്കുമ്പോഴാണ് ദഹിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് എന്നത് വെളിപ്പെടുന്നത്. ‘മുന്നറിയിപ്പ്’ എന്ന സിനിമയിലെ സി കെ രാഘവനായി മമ്മൂട്ടി അഭിനയിച്ചതില്‍ എന്ത് കൃത്രിമത്വമാണ് ജൂറിക്ക് കാണാന്‍ കഴിഞ്ഞത്? അപ്പോത്തിക്കിരിയിലെ ജയസൂര്യയുടെ അസാധാരണമായ അഭിനയമികവില്‍ ഈ അനായാസത ജൂറിക്ക് എന്തുകൊണ്ട് ദര്‍ശിക്കാന്‍ കഴിഞ്ഞില്ല?
 
നിവിന്‍ പോളി എന്ന നടനെയും താരത്തെയും എല്ലാവര്‍ക്കും ഇഷ്ടമാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ‘ഏറ്റവും മികച്ച നടന്‍’ എന്ന് മറ്റുള്ളവരെ തഴഞ്ഞിട്ട് വിശേഷിപ്പിക്കണമെങ്കില്‍ അതിന് അര്‍ഹമായ പ്രകടനമാണോ അദ്ദേഹം നടത്തിയിട്ടുള്ളതെന്ന് നോക്കണം. മമ്മൂട്ടിയുടെ സി കെ രാഘവനുമായി തട്ടിച്ചുനോക്കുമ്പോള്‍ നിവിന്‍ പോളിയുടെ രമേശന്‍ എത്രയോ പടി താഴെയാണ്! ജീവിതത്തിന്‍റെ മൂന്നുഘട്ടങ്ങള്‍ ഭംഗിയായി ഉള്‍ക്കൊണ്ടതൊക്കെയാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് നല്‍കിയതിന്‍റെ മാനദണ്ഡമെങ്കില്‍ അടുത്ത വര്‍ഷവും അദ്ദേഹം തന്നെയായിരിക്കും മികച്ച നടന്‍. ‘പ്രേമ’ത്തിലും കക്ഷി അതുതന്നെയാണല്ലോ ചെയ്തത്!
 
തങ്ങളുടെ മുമ്പില്‍ വരുന്ന ചിത്രങ്ങളില്‍ നിന്ന് ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടെത്താനാണ് ജൂറി ശ്രമിക്കേണ്ടത്. ജയില്‍പ്പുള്ളിയായ കഥാപാത്രത്തിന് സൌന്ദര്യം കൂടിപ്പോയെന്നാണ് വിമര്‍ശനമെങ്കില്‍ അതിനെ ചിരിച്ചുതള്ളേണ്ടിവരും. താടിയും മുടിയും വളര്‍ത്തിയ ഒരു ജയില്‍പ്പുള്ളിയെ ഓര്‍മ്മവരുന്നു. ‘യാത്ര’ എന്ന സിനിമയിലാണ്. ജോണ്‍ പോള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. ജയിലില്‍ നിന്നിറങ്ങുന്ന ആ കഥാപാത്രത്തിന്‍റെ ലുക്കിനെയൊക്കെ ലോജിക്കിന്‍റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയാലോ? !
 
ഒരു കഥാപാത്രത്തിനായുള്ള നടന്‍റെ ആത്മസമര്‍പ്പണത്തിന് അല്‍പ്പം മൂല്യമെങ്കിലും ഇത്തരം ജൂറികള്‍ നല്‍കേണ്ടതുണ്ട്. ജയസൂര്യയുടെ അപ്പോത്തിക്കിരിയിലെ വേഷത്തിന് ഒരു ചെറു പരാമര്‍ശമെങ്കിലും മലയാളികള്‍ പ്രതീക്ഷിച്ചു. അതില്ലാതെ പോകുമ്പോഴാണ് ഹൃദയത്തില്‍ കരിങ്കല്ലുള്ള ജൂറിയാണിതെന്ന് അവര്‍ വിമര്‍ശിക്കുന്നത്.
 
സൂപ്പര്‍താരപരിവേഷത്തോടെ കത്തിജ്വലിച്ചുനില്‍ക്കുന്ന നിവിന്‍ പോളിക്ക് എന്തായാലും ഈ അവാര്‍ഡ് അല്‍പ്പം ക്ഷീണമുണ്ടാക്കി എന്ന് പറയാതെ വയ്യ. ദിനം‌പ്രതി മൂന്നുനേരം നിവിന്‍ പോളിയെ പുകഴ്ത്തിക്കൊണ്ടിരുന്ന സോഷ്യല്‍ മീഡിയ ഇപ്പോള്‍ നിവിന്‍ പോളിക്ക് പൊങ്കാലയര്‍പ്പിച്ച് ആഘോഷം നടക്കുകയാണ്. ഒരു ‘നല്ലനടന്‍’ കിട്ടിയാല്‍ അത് ഇത്രവലിയ പാരയാകുമെന്ന് നിവിന്‍ പോലും കരുതിയിട്ടുണ്ടാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :