മാണി എങ്ങനെ വിശുദ്ധനായി? അഴിമതിയുടെ ‘മണി’യെവിടെ?

കരിങ്ങോഴയ്ക്കല്‍ മാണി മാണിയെന്ന രാഷ്ട്രീയ അതികായന്‍ ഇന്ന് തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. മാണിയുടെ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇടതുപക്ഷം പ്രക്ഷോഭത്തിന് തുടക്കമിട്ടതോടെ വരുംനാളുകളിലും വിവാദം സജീവമാകുമെന്ന് ഉറപ്പ്. എന്നാല്‍ ഭരണപ്രതിപക്ഷ ഭേദമെന്യേ ‘മാണി സാര്‍’ എന്ന് വിളിക്കുന്ന മാണിക്ക് വിശുദ്ധ പരിവേഷം നല്‍കി സംരക്ഷിക്കാനാണ് യുഡി‌എഫിന്റെ ശ്രമം. ഇത് വെറുമൊരു വെള്ളപൂശല്‍ മാത്രമല്ല ഒരു തരത്തിലും മറ്റൊരു ചേരിയിലേക്ക് ചേക്കേറാനാവാത്ത വിധം കുടുക്കി ഇടലാണ് ലക്‍ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. 
 
“രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നെങ്കില്‍ മാണി സാര്‍ ഒരു കര്‍ദ്ദിനാളോ ബിഷപ്പോ ആകുമായിരുന്നു. അത്രമാത്രം വിശുദ്ധനാണ് അദ്ദേഹം”-  കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണിത്. എന്താണ് കോണ്‍ഗ്രസിനെ ഇതുപോലെ സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്?. അഴിമതി വിരുദ്ധനെന്ന് പേരുകേട്ട കെപിസിസി പ്രസിഡന്റ് വി‌ എം സുധീരന്‍ പോലും ഈ പാതയിലാണ്. ഇങ്ങനെയൊരു വിഷയത്തില്‍ മാണിയെന്ന പേരുപോലും ഇല്ലെന്ന മട്ടിലാണ് സുധീരന്‍. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാവട്ടെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു വലിയ സങ്കടം ഒഴിഞ്ഞ ആശ്വാസത്തിലും. 
 
ഉമ്മന്‍‌ചാണ്ടിയെ എന്നും ഭയപ്പെടുത്തിയിരുന്ന, സംഭവിക്കാമായിരുന്ന ഒരു യാഥാര്‍ഥ്യമായിരുന്നു മാണിയുടെ ഇടതുപക്ഷപ്രവേശം. ഇതിന് കോപ്പ് കൂട്ടി വരുന്നതിനിടെയിലാണ് ബാര്‍ കോഴ വിവാദം ഉയര്‍ന്നു വരുന്നതെന്ന് യാദൃശ്ചികമല്ല. ഇതിനെ ഭയപ്പെടുന്ന പ്രമുഖര്‍ ഇരുപാര്‍ട്ടിയിലും ഉണ്ടായിരുന്നത് ഇത്തരമൊരു വിവാദം ആളിക്കത്തിക്കാന്‍ സഹായിച്ചുവെന്ന് മാത്രം. യു‌ഡി‌എഫില്‍‌നിന്ന് മാണി പോയാല്‍ അത് യു ഡി എഫിന്‍റെയും സര്‍ക്കാരിന്‍റെയും അടിത്തറ മാന്തിക്കൊണ്ടാവുമെന്ന് ഉമ്മന്‍‌ചാണ്ടിക്ക് നന്നായിട്ട് അറിയാം. കാരണം ഭരണത്തിന്റെ പ്രാരംഭ ദിശയില്‍ നടന്ന പല ഓപ്പറേഷനുകള്‍ക്കും ചുക്കാന്‍ പിടിച്ചത് പി സി ജോര്‍ജ് അടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ആ കഷ്ടപ്പാടിന് ഫലം കിട്ടിയില്ലെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ജോര്‍ജ് യു‌ഡി‌എഫിന്റെ കണ്ണിലെ കരടായി. ആ വിധി തന്നെയാണ് മാണിക്കും കിട്ടിയെന്നത് വൈപരീത്യമാവാം. ഒരക്ഷരം പോലും ആര്‍ക്കുമെതിരേ ശബ്ദിക്കാനാവാത്ത വിധമായിപ്പോയി മാണിയുടെ പതനം.
 
മന്ത്രിസഭയിലെ പ്രമുഖരെല്ലാം ബാറുടമകളില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഒരു കോടി മാണി സാറിന് കിട്ടിയെങ്കില്‍ ബാക്കി 14 കോടി എവിടെപ്പോയെന്ന് പിസി ജോര്‍ജ് പറഞ്ഞത് ഇതിനോട് കൂട്ടിവായിക്കണം. പക്ഷേ അത് മാണി പറഞ്ഞാല്‍ പരസ്യമായി കുറ്റം സമ്മതിക്കുന്ന അവസ്ഥയാകുമെന്ന് മറ്റാരേക്കാള്‍ നന്നായി അദ്ദേഹത്തിന് തന്നെ അറിയാം. അതാണ് മാണിയുടെ മൌനത്തിന്റെ പിന്നിലെ രഹസ്യവും.
 
മറ്റെന്തുപോയാലും പ്രതിച്ഛായ പോവുമ്പോഴുള്ള മാണി സാറിന്റെ വിഷമം യു‌ഡി‌എഫിന് നന്നാ‍യി അറിയാം. അതാണ് ഈ വിശുദ്ധ വാഴ്ത്തലുകളുടെ ലക്‍ഷ്യവും. പ്രതിച്ഛായയ്ക്ക് വേണ്ടി എവിടെ വേണമെങ്കിലും കരയുന്ന മാണിക്ക് പക്ഷേ ഇതെല്ലാം കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ്. ബിജു രമേശ് എന്ന ബാര്‍ കോണ്‍‌ട്രാക്ടറുടെ പിന്നില്‍ താന്‍ ചിരിച്ച് കാണിച്ചിട്ടുള്ള പലരുമുണ്ടെന്ന് മാണിക്ക് നന്നായറിയാം. അത് അടൂര്‍ പ്രകാശ് മുതല്‍ ഉമ്മന്‍‌ചാണ്ടി വരെ നീളുന്നുവെന്ന് രാഷ്ട്രീയ കിംവദന്തികളും പരക്കുന്നു. 
 
ഇതില്‍ ആശ്വാസമേകുന്നത് മുസ്ലിംലീഗിന്റെ മൃദുസമീപനമാണ്. മാണിയോട് മുറുമുറുപ്പില്ലാതെ ഒത്ത ഘടകക‌ക്ഷിയായി നിലനില്‍ക്കുന്നത് ഇവര്‍ മാത്രമാണ്. അത് പരസ്പര സഹകരണത്തോട് കൂടിയുള്ള പ്രത്യുപകാര പ്രകടനമാണ്. ഇടതുപക്ഷത്തേക്കുള്ള വാതില്‍ പന്ന്യന്‍ അടച്ചിട്ടു കഴിഞ്ഞു. ഇടതുപക്ഷത്തെ രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ഭീതിയാണ് സൌമ്യനെന്ന് പേരുകേട്ട പന്ന്യന്റെ പോലും നാക്കിന് മൂര്‍ച്ച കൂട്ടിയത്. ഫലത്തില്‍ പ്രതിപക്ഷം തെരുവിലിറങ്ങി കഴിഞ്ഞു. വിജിലന്‍സ് അന്വേഷണവും പാതിവഴിയില്‍ നില്‍ക്കുമെന്ന് ഏറെക്കുറെ വ്യക്തമായി കഴിഞ്ഞു. ഇതിനിടെ പാളയത്തില്‍ ചെറുപട നയിക്കാന്‍ ഗണേഷും പിള്ളയും ഇറങ്ങിയിട്ടുമുണ്ട്. മാണി ഇനി ഏതുവഴിക്ക് നീങ്ങുമെന്നാണ് ഇപ്പോള്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നത്. 
 
മുഖ്യമന്ത്രി പദത്തോടുണ്ടായിരുന്ന മാണിയുടെ മോഹം പ്രശസ്തമാണ്. അത് മുളയിലേ നുള്ളാ‍ന്‍ ഉമ്മന്‍‌ചാണ്ടിക്കായി എന്നതാണ് ബാര്‍ കോഴ വിവാദം എന്ന ഭൂതത്തെ തുറന്നു വിട്ടപ്പോള്‍ യു‌ഡി‌എഫിന് കിട്ടിയ ലാഭം. ഒപ്പം ഇനി മറ്റൊരു പാളയത്തിലേക്ക് ചേക്കേറില്ലായെന്ന ഉറപ്പും.
 
വി ഹരികൃഷ്ണന്‍| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (17:16 IST)



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :