വെങ്കയ്യ നായിഡു: അസാധാരണമായ നേതൃശേഷിയുടേയും സൗമ്യമായ പെരുമാറ്റത്തിന്റേയും ഉടമ

സജിത്ത്| Last Updated: വെള്ളി, 11 ഓഗസ്റ്റ് 2017 (14:42 IST)
ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. വെങ്കയ്യനായിഡുവിന്റെ അധ്യക്ഷതയിലായിരിക്കും ഇന്നു മുതല്‍ രാജ്യസഭാ നടപടികള്‍ നടക്കുക‍.

ആന്ധ്രയിൽനിന്നുള്ള ഒരു രാഷ്ട്രീയനേതാവാണ് ബി ജെ പി യുടെ പ്രമുഖ നേതാക്കന്മാരിലൊരാളായ മുപ്പവരപ്പ് വെങ്കയ്യ നായിഡു എന്ന എം. വെങ്കയ്യ നായിഡു. അസാധാരണമായ നേതൃശേഷിയും വ്യക്തിത്വവുമാണ് അദ്ദേഹത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏവര്‍ക്കുമിടയില്‍ ജനപ്രിയനാക്കിയത്. ആമുഖം വേണ്ടാത്ത നേതാവെന്ന വിശേഷണമായിരുന്നു ബി.ജെ.പി.യുടെ ദക്ഷിണേന്ത്യന്‍ മുഖമായ വെങ്കയ്യയെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിനിടെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.

നര്‍മവും ലാളിത്യവും ചേര്‍ന്ന ശൈലിയില്‍ മണിക്കൂറുകളോളം പ്രസംഗിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത വ്യക്തിയാണ് വെങ്കയ്യ. ഏതു ഭാഷയാണെങ്കിലും അതൊരു തടസ്സമല്ലാത്ത വ്യക്തികൂടിയാണ് അദ്ദേഹം. ഹിന്ദിക്കും ഇംഗ്ലീഷിനും തെലുങ്കിനും പുറമേ ഒരളവുവരെ തമിഴും വെങ്കയ്യയ്ക്ക് വഴങ്ങും.
മാത്രമല്ല കേരളത്തിന്റെ ഉള്‍ പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് പരിചിതവുമാണ്. ശ്വാസം പോയാലും പ്രാസം പോകരുതെന്ന പഴയ ശൈലി വെങ്കയ്യയ്ക്കാണ് സമീപകാലത്ത് ചേരുക. ബി ജെ പി ക്ക് ദക്ഷിണേന്ത്യയില്‍ ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാക്കുന്നതില്‍ വെങ്കയ്യയുടെ ഈ ശൈലി ഏറെ സഹായകമായിട്ടുണ്ടെന്നതാണ് വസ്തുത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :