അറിയുക, മിക്ക ന്യൂജെന്‍ പെണ്‍കുട്ടികളും ‘വെയിറ്റ്’ ചെയ്യാന്‍ തയ്യാറാണ്; ശബരിമലയ്ക്ക് പോകാന്‍

സ്ത്രീകള്‍ കാത്തിരിക്കാന്‍ തയ്യാറാണ്; ശബരിമലയ്ക്ക് പോകാന്‍

ചെന്നൈ| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (15:27 IST)
ശബരിമലയില്‍ പോകാന്‍ ‘വെയിറ്റ്’ ചെയ്യാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച സ്ത്രീകള്‍ ആയിരുന്നു കഴിഞ്ഞയാഴ്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നത്. ഇതിനെ അനുകൂലിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്തു വന്നപ്പോള്‍ എതിര്‍പ്പുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ‘റെഡി റ്റു വെയിറ്റ്’ എന്ന ഹാഷ്‌ ടാഗുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ സുന്ദരിമാരെ അല്പം പുച്‌ഛത്തോടെ നോക്കി ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകയായ സാവിത്രി തെക്കുംപാട്ട് ഇങ്ങനെ എഴുതി, “സ്വന്തം ലേബല് വെച്ച് നാട്ടിലുള്ളവരെ മുഴുവൻ അളക്കണതേയ്, കുതിരയ്ക്ക് ലാടം വെച്ച പോലെ ഒറ്റ വഴി മാത്രം കണ്ട് നടക്കാൻ പഠിപ്പിച്ചതിന്‍റെ പ്രശ്നാണ്. പല നെറമുള്ളവരേം, മണമുള്ളവരേം, അറിവുകളുള്ളവരേം, അനുഭവങ്ങളുള്ളവരേം, അറിയാത്തതിന്‍റെ പ്രശ്നാണ്.’

ശബരിമലയെക്കുറിച്ച് നമ്മുടെ യുവതലമുറ എന്തു ചിന്തിക്കുന്നു എന്നറിയാന്‍ കുറച്ചു ന്യൂജനറേഷന്‍കാരോട് സംസാരിച്ചു. പക്ഷേ, അത്ഭുതപ്പെടുത്തിയത് എന്താണെന്നു വെച്ചാല്‍ വീട്ടില്‍ പാലിച്ചുപോന്ന ആചാരങ്ങളെയും വര്‍ഷങ്ങളായി പിന്തുടര്‍ന്നു പോരുന്ന കീഴ്വഴക്കങ്ങളെയും ലംഘിക്കാന്‍ തയ്യാറല്ലെന്ന അവരുടെ മറുപടികള്‍ ആയിരുന്നു. ഇനി സുപ്രീംകോടതി ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാനുള്ള അനുമതി നല്കിയാലും കാലങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന വയസ്സിനിപ്പുറം അയ്യപ്പനെ കാണാന്‍ പോകാന്‍ തങ്ങളില്ലെന്ന നിലപാടില്‍ ആയിരുന്നു മിക്കവരും. എന്നാല്‍, പ്രതീക്ഷ പകര്‍ന്ന ഒറ്റപ്പെട്ട ശബ്‌ദവും കേട്ടു, അതിനെക്കുറിച്ച് പിന്നാലെ പറയാം. പാഠപുസ്തകങ്ങളുടെ പുറത്തേക്ക് യുവതലമുറയുടെ വായനയോ ചിന്തയോ വളരുന്നില്ലെന്ന
സത്യമായിരുന്നു ഓരോ ന്യൂജെന്‍ പെണ്‍മണിയും ആചാരനുഷ്‌ഠാനങ്ങളോട് ചേര്‍ന്നുനിന്നു പ്രഖ്യാപിച്ച ‘റെഡി റ്റു വെയിറ്റ്’.

ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടു കഴിഞ്ഞാല്‍ തീര്‍ത്ഥാടകര്‍ 41 ദിവസത്തെ വ്രതം
അനുഷ്‌ഠിക്കണം. വ്രതം അനുഷ്‌ഠിക്കുന്ന കാലഘട്ടത്തില്‍
മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഉപേക്ഷിക്കണം. സ്ത്രീകള്‍ക്ക് ആര്‍ത്തവമായാല്‍ അവര്‍ സ്വാമിമാരുള്ള വീട്ടില്‍ താമസിക്കുക പോലുമില്ല. കാരണം, അത് അശുദ്ധിയാണെന്നാണ് വര്‍ഷങ്ങളായി വിശ്വസിച്ചു പോരുന്ന ആചാരം. ഇതൊന്നുമറിയാത്ത ഒരു കൌമാരക്കാരി പെണ്‍കുട്ടിക്ക് അവളുടെ അമ്മ വീട്ടില്‍ ചെന്നപ്പോള്‍ ഒരിക്കല്‍ ഭക്ഷണം ലഭിച്ചത്, വീട്ടിനു പുറത്ത്. കാരണം, അമ്മാവന്‍ സ്വാമിയായ ആ വീട്ടില്‍ ആര്‍ത്തവസമയം ആയതിനാല്‍ പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. എന്നാല്‍, അടുക്കളപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന ആ കുട്ടിക്കു പോലും ആചാരങ്ങളിലോ അനുഷ്‌ഠാനങ്ങളിലോ മാറ്റം വേണമെന്ന നിലപാടോ അഭിപ്രായമോ ഇല്ല.

മനസ്സില്‍ അടിയുറച്ചു പോയ വിശ്വാസത്തെ അത്ര പെട്ടെന്നൊന്നും പിഴുതെറിയാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന നിലപാടില്‍ ആയിരുന്നു മിക്കവരും. അയ്യപ്പന്‍, നിത്യ ബ്രഹ്‌മചാരിയാണ്. മുതിര്‍ന്ന സ്ത്രീകളെ ശബരിമലയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ആര്‍ത്തവമാണെങ്കില്‍ ആ ആര്‍ത്തവം അശുദ്ധമാണെങ്കില്‍ അത് അങ്ങനെ തന്നെയാകട്ടെ എന്ന് അംഗീകരിക്കുന്നവര്‍. അതേസമയം, അയ്യപ്പൻ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും ഒരു കഥയുണ്ട്. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീവിരോധി ആയിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂർണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം. അല്ലെങ്കിലും, ഒരു ദൈവത്തിന് എങ്ങനെ സ്ത്രീവിരോധിയാകാന്‍ കഴിയും ?

(നാളെ: അയ്യപ്പന്‍ നിത്യബ്രഹ്‌മചാരിയാണ്; ആയിക്കോട്ടെ അയ്യപ്പനെ തൊഴാനല്ലേ ശബരിമലയ്ക്ക് പോകുന്നത്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :