കര്‍ണാടകയില്‍ കണ്ടത് നമോ പ്രഭാവം; എതിരാളികളെപ്പോലും അമ്പരപ്പിച്ച ഈ വിജയം മോദിക്ക് സ്വന്തം

കര്‍ണാടകയില്‍ കണ്ടത് നമോ പ്രഭാവം; എതിരാളികളെപ്പോലും അമ്പരപ്പിച്ച ഈ വിജയം മോദിക്ക് സ്വന്തം

നരേന്ദ്രമോദി, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 2018, കര്‍ണാടക തെരഞ്ഞെടുപ്പ്, കര്‍ണാടക, സിദ്ധരാമയ്യ, ബി ജെ പി, യെദ്യൂരപ്പ, Karnataka Assembly Election 2018, Karnataka Election 2018, Karnataka, Karnataka Assembly Election, ശ്രീരാമലു, Narendra Modi
ജോണ്‍ കെ ഏലിയാസ്| Last Modified ചൊവ്വ, 15 മെയ് 2018 (12:20 IST)
ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഉപവാസമിരുന്നു. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം തടസപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു അസാധാരണമായ ഈ ഉപവാസം. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നരേന്ദ്രമോദിയുടെ വലിയ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു അതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നരേന്ദ്രമോദിയുടെ തന്ത്രങ്ങളുടെ ഫലമാണ് കര്‍ണാടകയില്‍ ഇപ്പോള്‍ ബി ജെ പി സ്വന്തമാക്കിയിരിക്കുന്ന ഉജ്ജ്വലവിജയം. തെരഞ്ഞെടുപ്പുകാലത്ത് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടായില്ലെന്നതുള്‍പ്പടെ വളരെ ശ്രദ്ധയോടെയുള്ള ചുവടുവയ്പ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു. വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായേക്കുന്ന അസാധാരണമായ നീക്കങ്ങള്‍ നടത്തിയാണെങ്കിലും മോദിക്കും ബി ജെ പിക്കും ഒരു ലക്‍ഷ്യമേ ഉണ്ടായിരുന്നുള്ളൂ - കര്‍ണാടകയില്‍ ആരുടെയും സഹായമില്ലാതെ ബി ജെ പി അധികാരത്തിലെത്തുക. അത് സാധ്യമായിരിക്കുന്നു!
കര്‍ണാടകയിലെ ബി ജെ പിക്ക് മുന്‍‌തൂക്കമില്ലാത്ത മേഖലകളില്‍ റാലി നടത്തിയാണ് നരേന്ദ്രമോദി ഈ മാസമാദ്യം എതിരാളികളെപ്പോലും ഞെട്ടിച്ചത്. അഞ്ച് ദിവസങ്ങളിലായി 15 റാലികളിലാണ് മോദി പങ്കെടുത്തത്. കോണ്‍ഗ്രസിനുവേണ്ടി രാഹുല്‍ ഗാന്ധി പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനൊപ്പം കോണ്‍ഗ്രസിനെയും രാഹുലിനെയും കടന്നാക്രമിക്കുന്ന ശൈലിയാണ് മോദി സ്വീകരിച്ചത്.
മൈസൂരില്‍ ഈ വര്‍ഷം മൂന്ന് പൊതുയോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തതെന്നതുകൂടി നോക്കുമ്പോള്‍ എത്ര ലക്‍ഷ്യബോധത്തോടെയാണ് അദ്ദേഹം ബി ജെ പിയുടെ വിജയത്തിനായി പദ്ധതി തയ്യാറാക്കിയത് എന്നത് എതിരാളികളെപ്പോലും അമ്പരപ്പിക്കുന്നു.

കര്‍ണാടകയില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് അച്ചാദിന്‍ ആയിരിക്കുമെന്ന് നരേന്ദ്രമോദി പ്രസംഗിച്ചത് വെറുതെയായില്ല. കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. ഒരു കര്‍ഷകന്‍റെ മകനായ യെദ്യൂരപ്പയാണ് ഇനി കര്‍ണാടകയുടെ മുഖ്യമന്ത്രിയായി എത്തേണ്ടതെന്നും മോദി ഓര്‍മ്മിപ്പിച്ചിരുന്നു.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൃത്യമായ സമുദായ ഏകോപനത്തിന് നരേന്ദ്രമോദി ശ്രദ്ധിച്ചു. ലിംഗായത്തുകള്‍ക്കും വൊക്കലിഗയ്ക്കും ഒ ബി സിക്കും സീറ്റുകള്‍ വീതിച്ചുനല്‍കുന്നതില്‍ ശ്രദ്ധ കാണിച്ചു. ലിംഗായത്ത് സമുദായത്തെ കോണ്‍ഗ്രസിന്‍റെ സ്വാധീനത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാനും നരേന്ദ്രമോദിക്ക് കഴിഞ്ഞു.

വളരെ കൌതുകകരമായ ഒരു നീക്കം കര്‍ണാടകയിലെ വോട്ടെടുപ്പുദിനത്തില്‍ നരേന്ദ്രമോദിയില്‍ നിന്നുണ്ടായി. ആ സമയത്ത് നേപ്പാളിലായിരുന്ന പ്രധാനമന്ത്രി മുക്തനാഥ് ക്ഷേത്രത്തിലും പശുപതിനാഥ് ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തി. പശുപതിനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ശിവലിംഗത്തില്‍ അര്‍ച്ചന നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ തത്സമയദൃശ്യങ്ങള്‍ ശിവനെ ആരാധിക്കുന്ന ലിംഗായത്ത് വിഭാഗക്കാരുടെ ഇടയില്‍ സ്വീധീനം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേറിയാല്‍ പാവങ്ങളെ കൊള്ളയടിക്കാന്‍ കഴിയില്ലെന്നതാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നതെന്നും തന്നെ അധിക്ഷേപിക്കാനല്ലാതെ എന്തെങ്കിലും ഭരണനേട്ടം പറയാന്‍ കോണ്‍ഗ്രസിന് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോയെന്നുമുള്ള നരേന്ദ്രമോദിയുടെ ചോദ്യങ്ങള്‍ക്ക് കര്‍ണാടകജനത വലിയ പ്രാധാന്യം നല്‍കി. നിയമസഭാതെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയസൂര്യനായി ഉദിച്ചുയരുമെന്ന മോദിയുടെ വാക്കുകളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :