ജുഡീഷ്യല്‍ കമ്മീഷന്‍...ജുഡീഷ്യറിയോ, പാര്‍ലമെന്റോ.. ആരാണ് ശരി?

വിഷ്‌ണു എന്‍ എല്‍| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (21:20 IST)
ജനാധിപത്യത്തിനെ മൂന്ന് കല്‍ത്തൂണുകളാണ് ജുഡീഷ്യറി, പാര്‍ലമെന്റ്, എക്സിക്യൂട്ടിവ് എന്നിവ എന്ന് ഇന്ന് ഏത് സാധാരണക്കാരനും അറിയാം. മൂന്നിനും സ്വതന്ത്രമായ അവകാശങ്ങളും അധികാരങ്ങളും ഉണ്ട്. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും ഭരണഘടനാ ഭേദഗതിയും സുപ്രീം കോടതിയുടെ അഞ്ചംഗബഞ്ച് റദ്ദാക്കുകയും പകരം മുമ്പുണ്ടായിരുന്ന കൊളീജിയം സംവിധാനം പുനസ്ഥാപിക്കുകയും ചെയ്തത് ഇന്ത്യാ ചരിത്രത്തിലെ പ്രതിസന്ധിയുടെ പുതിയ ഏട് തുറന്നിരിക്കുകയാണ്.

ലോകത്തില്‍ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള വ്യവസ്ഥാപിത രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഭരണഘടന പലപ്പൊഴായി പലഘട്ടങ്ങളില്‍ ഭേദഗതിക്ക് വിധേയമായിട്ടുണ്ട്. മൌലികാവകാശങ്ങള്‍ ഒഴികെ ഭരണഘടനയില്‍ ഏത് ചട്ടം വേണമെങ്കിലും പാര്‍ലമെന്റിന്റെ രണ്ട് സഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തൊടെ പാസാക്കുകയും അത് രാജ്യത്തെ 50 ശതമാനം നിയമനിര്‍മ്മാണ സഭകളും അംഗീകരിക്കുകയും ചെയ്താല്‍ ഭേദഗതി ചെയ്യാം.

നിലവിലുള്ള ജഡ്ജി നിയമന സംവിധാനമായ കൊളീജിയം അവസാനിപ്പിച്ച് ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സ്ഥാപിച്ച ഭരണഘടനാ ഭേദഗതി ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി രാഷ്ട്രപതിയുടെ അംഗീകാരം വരെ നേടിയതാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള 99-ം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. ഇരുസഭകളിലേയും ഒരൊറ്റ അംഗം പോലും പ്രസ്തുത നിയമത്തിനെതിരെ വോട്ട് ചെയ്തില്ല. ഇത് കൂടാതെ ഭേദഗതിയോടൊപ്പം ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമവും പാര്‍ലമെന്റ് പാസാക്കിയിരുന്നു

50 ശതമാനം എന്നതിനു പകരം രാജ്യത്ത് 29 സംസ്ഥാനങ്ങളിലെ 20 സംസ്ഥാനങ്ങളും പ്രസ്ഥുത ഭേദഗതി ഭൂരിപക്ഷത്തൊടെ അംഗീകരിക്കുകയും ചെയ്തു. 2014 ഡിസംബര്‍ 31ന് രാഷ്ട്രപതി നിയമത്തില്‍ ഒപ്പുവയ്ക്കുകയും 2015 ഏപ്രില്‍ 13 മുതല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിലവില്‍ വരികയും ചെയ്തു.

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധവും അസാധുവുമെന്നു പറഞ്ഞാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. വിധി പ്രസ്താവിച്ച അഞ്ചംഗ ബഞ്ചിലെ ഒരാള്‍ വിധിയോട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.

സത്യത്തില്‍ ഇത് ഒരു ഭരണഘടനാ പ്രതിസന്ധിയാണ്. സുപ്രീം കോടതി ജഡ്ജിമാരും ഹൈക്കൊടതി ജഡ്ജിമാരും കൂടിയാലോചിച്ച് നിര്‍ദ്ദേശിക്കുന്ന ആളുകളെ രാഷ്ട്രപതി നിയമിക്കണം എന്നാണ് ഭരണഘടനയുടെ 124മത്തെ അനുഛേദത്തില്‍ പറയുന്നത്. ഈ സംവിധാനം നിലവില്‍ വന്നിട്ട് രണ്ട് പതിറ്റാണ്ട് മാത്രമേ ആയിട്ടുള്ളു. ഈ സംവിധാനത്തിനാണ് ജഡ്ജിമാരുടെ നിയമനവും സ്ഥലം മാറ്റത്തിനുമുള്ള അധികാരമുള്ളത്. ഇതിനെ നിലനിര്‍ത്തുമെന്നും കുറ്റമറ്റതാക്കുമെന്നുമാണ് കോടതി പറയുന്നത്.

ജുഡീഷ്യല്‍ കമ്മീഷന്‍ വഴി നിയമിതരാകുന്നവര്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്ന് കോടതി സന്ദേഹപ്പെടുന്നു.
ജൂഡീഷ്യറിയുടെ പരമാധികാരം എന്നത് ജുഡീഷ്യറി പുറപ്പെടുവികുന്ന വിധികളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കുക എന്നതാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രണ്ട് പ്രമുഖ ജഡ്ജിമാര്‍, കേന്ദ്ര നിയമന്ത്രി, രണ്ട് പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഈ പ്രമുഖ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പോലും സൂഷ്മത പുലര്‍ത്താന്‍ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരാണ് തിരഞ്ഞെടുക്കാന്‍ നിയുകതരായവര്‍.

പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മിലുണ്ടായിരിക്കുന്ന ഈ പ്രതിസന്ധി എത്രയും പെട്ടന്ന് ഇല്ലാതാക്കേണ്ടതുണ്ട്. രണ്ട് സംവിധാനങ്ങള്‍ തമ്മിലും കൃത്യമായ അകലവും അവകാശങ്ങളും ഉണ്ട്.

( ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ലേഖകന്റെ സ്വന്തം അഭിപ്രായമാണ്. ഇത് വെബ്ദുനിയയുടെ അഭിപ്രായമല്ല. ഈ കോളത്തില്‍ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :