ആര്‍ത്തവം മരണമാണെന്ന ധാരണയില്‍ ഒളിഞ്ഞു നില്‌ക്കുന്നത് ജന്‌മിത്വ നിലപാടോ ?

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയാല്‍ ?

കോട്ടയം| JOYS JOY| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:20 IST)
നാടുവാഴിത്തത്തിന്റെ മാടമ്പിത്തരത്തില്‍ നിന്നും നാട് ഒരുപാട് മുന്നോട്ടു പോയെന്നാണ് പൊതുവേയുള്ള നിഗമനം, വിലയിരുത്തല്‍. എന്നാല്‍, ചില വിഷയങ്ങളെങ്കിലും അധികാരപ്പെട്ടവര്‍ കൈക്കൊള്ളുന്ന നടപടികള്‍ പലപ്പോഴും ജന്മിതത്വത്തിന്റെ മാറ്റൊലിയായാണ് പ്രത്യക്ഷപ്പെടാറുള്ളത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും മറ്റും കേരള സമൂഹത്തില്‍ ഇപ്പോഴും ഒരു ജന്മിത്വനിലപാട് നിലനില്‍ക്കുന്നു എന്നതിന് തെളിവാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നടപടി ഫ്യൂഡലിസത്തിന്റെ വേറൊരു മുഖമാണെന്ന് പറഞ്ഞത്.

ഫ്യൂഡലിസത്തില്‍ അധികാരവും നിയമവുമെല്ലാം ചില അധികാരപരിധികള്‍ക്കുള്ളില്‍ കേന്ദ്രീകൃതമാകും. കാലം, ഇത്രയേറെ കഴിഞ്ഞിട്ടും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് വാദിക്കുമ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ കാലത്തിനനുസരിച്ച് തത്കാലം ചിന്താധാരകളെ മാറ്റിവിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ്. കാലങ്ങളയി ശബരിമലയില്‍ പിന്തുടര്‍ന്നു വരുന്ന ആചാരമാണ് മണ്ഡലമാസ പൂജയും 41 ദിവസത്തെ വ്രതവും അതിനെ തുടര്‍ന്ന് വിശ്വാസികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന ആചാരവും അനുഷ്‌ഠാനവും. പത്തുവയസ്സിനും അമ്പതു വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാതിരുന്നത് ശുദ്ധിയോടെ 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന കാരണത്തലാണ്. എന്നാല്‍, ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചായിരിക്കും ഒരുപക്ഷേ, പണ്ടുകാലത്ത് സ്ത്രീകള്‍ ശബരിമലയിലേക്ക് വരേണ്ട എന്ന തീരുമാനത്തിനു പിന്നില്‍.

പുതിയ കാലത്തില്‍, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശനം വേണമെന്ന് ബഹളമുണ്ടാക്കുമ്പോള്‍ അതിനു പിന്നില്‍ സ്ത്രീ-പുരുഷ സമത്വമാണ് ഉന്നയിക്കുന്നത്. എന്നാല്‍, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് പറയുന്നവരില്‍ മലയാളത്തിലെ പ്രമുഖ കവയിത്രിയും ഉള്‍പ്പെടുന്നുണ്ട് എന്നതാണ് സത്യം. ഉള്ളതു പറഞ്ഞാല്‍, ഇത്രയും കാലം ഇല്ലാതിരുന്ന ഒരു അവകാശം പുതുതായി സ്ത്രീകള്‍ക്ക് ആവശ്യമില്ല എന്ന നിലപാട് തന്നെയാണ് ഭൂരിഭാഗത്തിന്റെയും. കാലങ്ങളായി സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുന്ന ഇടങ്ങളിലേക്ക് മാറിയ കാലത്തിന്റെയും ചിന്തയുടെയും ആനുകൂല്യം മുതലാക്കി ആരും വരേണ്ടതില്ല എന്നു തന്നെയാണ് അധികാരവര്‍ഗം പറയാതെ പറയുന്നത്.

ആര്‍ത്തവം അശുദ്ധകാലമാണെന്നും അതാണ് കാരണമെന്നും പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. മനുഷ്യകുലത്തിന്റെ നിലനില്പിനു തന്നെ അനിവാര്യമായ ഒന്നാണ് ആര്‍ത്തവം. അതിനെ തീണ്ടാപ്പാടകലെ നിര്‍ത്തിക്കൊണ്ട് വിശ്വാസം സംരക്ഷിക്കാന്‍ സമുദായത്തിലും സമൂഹത്തിലും തലപ്പത്തുള്ളവര്‍ ഓരോ കാലഘട്ടത്തിലും ഓരോ കാരണങ്ങളും ഓരോ വിശദീകരണങ്ങളും കൊണ്ടു വന്നു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ ആര്‍ത്തവത്തെ മരണത്തോട് ഉപമിച്ചത് ആയിരുന്നു ഈയടുത്ത് വിവാദമായത്.

“ആര്‍ത്തവം എന്നു പറയുന്നതു തന്നെ ഒരു പിണ്ഡം മരിക്കുന്നതിന് തുല്യമാണ്. സാധാരണനിലയില്‍ ഒരു മരണമുണ്ടായാല്‍ പുലയും മറ്റും കാരണം നമ്മള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ലല്ലോ. അതു തന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്” -
എന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞത്. ശാസ്ത്രവും വിജ്ഞാനവും ഇത്രയധികം വികസിച്ച ഒരു കാലഘട്ടത്തില്‍ അതിനോട് ഒരു തരത്തിലും യോജിക്കാത്ത വിധത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയതാണ് ഗോപാലകൃഷ്‌ണന് വിനയായത്.

ഒളിംപിക് വേദികളില്‍ പോലും രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ പെണ്‍കുട്ടികള്‍ മാത്രം ഉണ്ടായ നവയുഗ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു വിവാദപ്രസ്താവനയും വിവാദങ്ങളും നടക്കുന്നത് എന്നതു തന്നെയാണ് ശബരിമല വിഷയത്തെ ഇത്രയധികം പ്രസക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :