പഞ്ചായത്തുപ്രസിഡന്‍റല്ല, പിണറായി കേരളത്തിന്‍റെ വൈദ്യുതമന്ത്രിയായിരുന്നത് സുരേന്ദ്രന്‍ മറന്നിട്ടുണ്ടാവില്ല!

Pinarayi Vijayan, K Surendran, Ockhi, Alphonse Kannanthanam, Cyclone, Rain, പിണറായി വിജയന്‍, കെ സുരേന്ദ്രന്‍, ഓഖി, അല്‍ഫോണ്‍സ് കണ്ണന്താനം, ചുഴലിക്കാറ്റ്, മഴ
ജോണ്‍ കെ ഏലിയാസ്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:59 IST)
ഇടതുപക്ഷസര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെങ്കിലും മാറ്റം ദൃശ്യമാണോ എന്ന് ഒരു സാധാരണ മലയാളിയോട് ചോദിച്ചാല്‍, അദ്ദേഹം ഒരു നിഷ്പക്ഷനാണെങ്കില്‍, പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് മറുപടി നല്‍കും. ഒട്ടേറെക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും. മുഖ്യമന്ത്രി എന്ന നിലയില്‍ വളരെ മികച്ച പ്രവര്‍ത്തനം തന്നെയാണ് പിണറായി വിജയന്‍ നടത്തുന്നത് എന്ന് സംശയമേതുമില്ലാതെ വ്യക്തമാക്കുകയും ചെയ്യും.

അതിന് ആ സാധാരണ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരും തൊട്ടുമുമ്പ് ഭരിച്ച സര്‍ക്കാരും തമ്മിലുള്ള താരതമ്യമായിരിക്കുമെന്ന് വ്യക്തമാണല്ലോ. തൊട്ടുമുമ്പ് ഭരിച്ച യു ഡി എഫ് സര്‍ക്കാര്‍ ചെന്നുപെട്ട വിവാദങ്ങളുടെ കഥകള്‍ മറന്നുപോകാത്തവര്‍ ഇപ്പോഴത്തെ സര്‍ക്കാരിന് നൂറില്‍ നൂറ് മാര്‍ക്ക് നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ടെന്നും അദ്ദേഹമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും ജനങ്ങള്‍ക്ക് പൂര്‍ണമായ ബോധ്യമുണ്ട് ഇപ്പോള്‍.

ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയത് വായിച്ചാല്‍ ചിരിവരും. പിണറായി വിജയന് പഴയ പാര്‍ട്ടി സെക്രട്ടറിപ്പണിയാണ് നല്ലതെന്നും ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പണി പോലും അദ്ദേഹത്തിന് നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്നുമാണ് സുരേന്ദ്രന്‍റെ വിമര്‍ശനം. മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയുമാകുന്നതിന് മുമ്പ് പിണറായി കേരളത്തിന്‍റെ വൈദ്യുതമന്ത്രിയായിരുന്ന കാലം സുരേന്ദ്രന്‍ മറക്കാന്‍ വഴിയില്ല. കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതമന്ത്രി പിണറായി വിജയന്‍ ആണെന്നാണ് അതിന് ശേഷം രാഷ്ട്രീയഭേദമന്യേ ഏവരുടെയും അഭിപ്രായം. അതുകൊണ്ട് പഞ്ചായത്തുപ്രസിഡന്‍റിന്‍റെ കഥയൊന്നും കേരളത്തില്‍ ചെലവാകില്ല.

പാര്‍ട്ടി സെക്രട്ടറിയുടെ ജോലി പിണറായി വിജയന്‍ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും എല്ലാവര്‍ക്കും അറിയാം. വലിയ പ്രതിസന്ധിയില്‍ തകര്‍ന്നുപോകുമായിരുന്ന പാര്‍ട്ടിയെ സ്വന്തം നേതൃപാടവം കൊണ്ട് അദ്ദേഹം സംരക്ഷിച്ചുപിടിച്ചതിന് കേരളം സാക്ഷിയാണ്. പല പാര്‍ട്ടികളുടെയും ദുര്‍ബലനേതൃത്വങ്ങള്‍ ആ പാര്‍ട്ടികളെ ഏതൊക്കെ അവസ്ഥയില്‍ കൊണ്ടെത്തിച്ചിട്ടുണ്ട് എന്നതും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന സംഗതിയാണ്.

കേരളം ഇതിനുമുമ്പ് അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രകൃതിക്ഷോഭമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. സംസ്ഥാനസര്‍ക്കാര്‍ അതിന്‍റെ ശക്തിമുഴുവന്‍ കേന്ദ്രീകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്നതും നമ്മള്‍ കണ്ടു. അവിടെ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുന്നതിന് പല ലക്‍ഷ്യങ്ങളുണ്ടാവാം. പക്ഷേ യാഥാര്‍ത്ഥ്യം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. എന്തുകൊണ്ട് മുന്‍‌കരുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നതിന് കേന്ദ്രമന്ത്രി അല്‍‌ഫോണ്‍സ് കണ്ണന്താനം തന്നെ വ്യക്തമായ ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്. പിന്നെയും സംസ്ഥാനസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയുമൊക്കെ ഒന്ന് വിമര്‍ശിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തണമല്ലോ. ഇത്തരം വിമര്‍ശനങ്ങളില്‍ വീണുപോകുന്നവരില്‍ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടില്ല എന്നത് ചിലര്‍ ഇനിയെങ്കിലും മനസിലാക്കുന്നത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :