പരിശ്രമങ്ങള്‍ പ്രതീക്ഷയ്ക്ക് വഴിവിളക്കാകുമ്പോള്‍

ജയ്‌ദീപ് കാര്‍ണിക്| Last Updated: വ്യാഴം, 28 ഡിസം‌ബര്‍ 2017 (21:24 IST)
സമയത്തിന്‍റെ ഒരിക്കലും നിലയ്ക്കാത്ത പ്രവാഹത്തില്‍ വര്‍ഷങ്ങള്‍ മാറുന്നു എന്നത് വളരെ ചെറിയ കാര്യമായിരിക്കാം. പക്ഷേ ഓരോ വര്‍ഷവും പുതിയ ഒരു മാറ്റത്തിനാണ് തുടക്കമിടുന്നത്. അത് വളരെ സ്ഥിരവും തുടര്‍ച്ചയായതുമായ ഒരു കാര്യമാണ്. ഭിത്തിയില്‍ തൂങ്ങുന്ന കലണ്ടര്‍ മാറുന്നതിന് മുമ്പ് യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും മാറുന്നു. കടന്നുവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കാനും ഭാവിസ്വപ്നങ്ങള്‍ക്ക് തയ്യാറെടുക്കാനും ഇതാണ് സമയം. മാറ്റത്തിനായി നമ്മള്‍ തയ്യാറെടുക്കുമ്പോള്‍ പോയ കാലത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല.
 
അന്താരാഷ്ട്രരംഗം പരിശോധിച്ചാല്‍, എതിര്‍പ്പിന്‍റെയും പിന്തുണയുടെയും മധ്യത്തില്‍ നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രം‌പ് ആണ് ശ്രദ്ധ കവരുന്നത്. വൈറ്റ് ഹൌസില്‍ ട്രം‌പിന്‍റെ കിരീടധാരണം എന്നത് അനുചിതമായ ഒരു ആശയവും ഒരു വലിയ തിരിച്ചടിയുമാണെന്ന് യു എസിലെ ഒരു വലിയ ജനവിഭാഗം കരുതുന്നു. അവര്‍ കരുതുന്നത് ഒരു റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്‍ അമേരിക്കയെ പിന്നാക്കം നടത്തുമെന്നും ജനതയെ ഇടുങ്ങിയ മനഃസ്ഥിതിയിലേക്ക് നയിക്കുമെന്നും ഒബാമയുടെ കാലഘട്ടത്തിലെ ജനോപകാരപ്രദമായ നയങ്ങള്‍ ഉപേക്ഷിക്കുമെന്നുമാണ്. 
 
എന്നാല്‍ പ്രസിഡന്‍റ് ട്രംപ് എന്നത് അവഗണിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു യാഥാര്‍ത്ഥ്യമാണ്. അദ്ദേഹത്തിന്‍റെ വൈറ്റ് ഹൌസ് കാലഘട്ടം ലോകത്തെ ന‌ന്‍‌മയിലേക്കാണോ നാശത്തിലേക്കാണോ നയിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതും ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യം അവസാനിപ്പിച്ചതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. അത്തരം മാറ്റങ്ങളുടെ പെരുമഴ തന്നെ 2018ലും തുടര്‍ന്നു എന്നുവരാം.
 
അതേസമയം കിഴക്ക്, മാവോയ്ക്ക് ശേഷം ചൈനയുടെ ഉരുക്കുമനുഷ്യനായി ഷി ജിന്‍പിങ് മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ലോകത്തിന്‍റെ കേന്ദ്രമായി ചൈനയെ മാറ്റിയെടുക്കുക എന്ന ലക്‍ഷ്യമാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം തവണയും ജിന്‍‌പിങ് അധികാരത്തിലെത്തിയത് ഇന്ത്യയെയും രാഷ്ട്രീയമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായി കൂടുതലടുക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കിയത് ഇതാണ്. പാകിസ്ഥാനുമായി ചൈന കൂടുതല്‍ അടുക്കുന്നതും ഇന്ത്യയ്ക്ക് കൂടുതല്‍ ആശങ്ക നല്‍കുന്നു എന്നത് നമുക്കൊക്കെയറിയാം. ഇതോടോപ്പം റോഹിങ്ക്യന്‍ പ്രശ്നം, ബിറ്റ്കോയിന്‍, പനാമ രേഖകള്‍, യൂറോപ്പിലെ സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കൊക്കെ ലോകം സാക്‍ഷ്യം വഹിച്ചു. ഇതിനെല്ലാമൊപ്പം, ഇന്ത്യന്‍ വംശജനായ ലിയോ വരദ്‌കര്‍ അയര്‍ലണ്ടിലെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുന്നതും നമ്മള്‍ കണ്ടു.
 
2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം രാജ്യത്തെ അപ്പാടെ ഉലച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് കരുതിയതെങ്കിലും ഇതിന്‍റെ ഫലപ്രാപ്തി നിര്‍ണയിക്കാറായിട്ടില്ല. ബാങ്കുകള്‍ക്കും എടി‌എമ്മുകള്‍ക്കും മുന്നിലുള്ള ക്യൂ അവസാനിച്ചു എങ്കിലും അത് ഏല്‍പ്പിച്ച ആഘാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പകുതി വര്‍ഷം കഴിഞ്ഞപ്പോള്‍ ജി എസ് ടി എന്ന ബോംബും ജനങ്ങള്‍ക്ക് മേലേക്ക് പതിച്ചു. 2017 ജൂലൈ ഒന്നിന് ഇത് നിര്‍ബന്ധിതമായി നടപ്പിലാക്കിയെങ്കിലും നിരവധി പരിഷ്കാരങ്ങള്‍ ആവശ്യമായിരുന്നു.   
 
ഇതുപോലെ, മേയ് ഒന്നിന് വി ഐ പികളുടെ വാഹനങ്ങളില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ എടുത്തുമാറ്റിയതും ഓഗസ്റ്റ് 22ന് മുത്തലാക്ക് നിര്‍ത്തലാക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതും പ്രധാന സംഭവങ്ങളാണ്. മുത്തലാക്ക് സംബന്ധിച്ച നിര്‍ദ്ദേശം നിയമമായി മാറുമ്പോള്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. നേട്ടങ്ങളുടെയും ദുരിതത്തിന്‍റെയും കാലത്തിലൂടെയാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. ക്രയോജനിക് സാങ്കേതികവിദ്യയുപയോഗിച്ച് ജി എസ് എല്‍ വി മാര്‍ക്ക് 3 വിജയകരമായി പരീക്ഷിച്ചപ്പോള്‍ നമ്മള്‍ സന്തോഷത്തിലാറാടുകയും ആശ സാഹ്‌നിയുടെ വിധിയില്‍ നാം ദുഃഖിക്കുകയും ചെയ്തു.
 
മതഭ്രാന്തും ശത്രുതയും പ്രതികാരബുദ്ധിയും നിറഞ്ഞ ഒരു ലോകത്തുനിന്ന് മോചനം നേടി പ്രതീക്ഷയുടേതായ ഒരു പുതുവെളിച്ചം 2018ല്‍ കൂടുതല്‍ ശോഭയോടെ തെളിഞ്ഞുകത്തുമെന്ന് നമുക്ക് കരുതാം. ഒത്തൊരുമയുടേതായ ഒരു ലോകം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും 2018 അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മ്മകളുടെ മാരിവില്ലായിരിക്കും കാണാനാവുകയെന്നും നമുക്കാശിക്കാം. നിരാശയുടെയും സങ്കടങ്ങളുടെയും കറകള്‍ അവശേഷിക്കുകയില്ല.
 
മന്ത്രവിദ്യയാല്‍ ഉണ്ടാകുന്നതല്ല ഇതൊക്കെയെങ്കിലും നമ്മള്‍ ഒരുമയോടെ മുന്നോട്ടുപോയാല്‍ ഇതെല്ലാം നമുക്ക് സഫലീകരിക്കാന്‍ കഴിയും. ഒത്തൊരുമയുടെ പാതയില്‍ തോളോടുതോള്‍ ചേര്‍ന്ന് നമ്മള്‍ മുന്നോട്ടുപോകുമ്പോള്‍ 2018 നമ്മുടെയെല്ലാം ജീവിതത്തില്‍ പുതുവെളിച്ചം പകരും. പ്രതീക്ഷയുടെ ഒരു നാളം നമുക്ക് കെടാതെ സൂക്ഷിക്കാം.
 
എല്ലാവര്‍ക്കും സന്തോഷപ്രദമായ 2018 ആശംസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :