കോന്നി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിൽ

കോന്നി| സുബിന്‍ ജോഷി| Last Modified വ്യാഴം, 21 ജനുവരി 2021 (09:43 IST)
സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ആരംഭിച്ചതോടെ കോന്നി സീറ്റിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് കോന്നിയിലെത്തി സ്വന്തം ഗ്രൂപ്പുകാരനെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി എതിർവിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പരാജയം സംഭവിച്ചതിൻറെ കാരണക്കാരനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുമായാണ് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ തയ്യാറെടുക്കുന്നത്.

സംസ്ഥാനത്തു തന്നെ എസ്എൻഡിപി സമുദായത്തിൻറെ കോൺഗ്രസ് പ്രാതിനിധ്യം കോന്നിയിൽ നിന്നായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ അത് അട്ടിമറിച്ചു എന്നും, പത്തനംതിട്ട ജില്ലയിൽ നിന്നും ഒരു എസ്എൻഡിപി വിഭാഗത്തിൽ പെട്ട ആളെ കോന്നിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമാണ് ഉയർന്നു വരുന്നത്. കെപിസിസി സെക്രട്ടറി എൻ ഷൈലാജ് കോന്നിയിൽ നിന്നും സ്ഥാനാർത്ഥിയാകാൻ ഏറെ സാധ്യതയുള്ള ആളാണ്. കെ സുധാകരനുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവാണ് ഷൈലാജ്. കെപിസിസി സെക്രട്ടറിയായപ്പോൾ തന്നെ കോന്നിയിലെ കോൺഗ്രസ് പ്രവർത്തകർ നിരവധി സ്ഥലങ്ങളിൽ ഷൈലാജിന് ആശംസ അർപ്പിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു.

ഷൈലാജിൻറെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കാൻ ആറ്റിങ്ങൽ എംപി ഇറങ്ങിത്തിരിച്ചു എന്ന ആരോപണമാണ് ഒരു വിഭാഗം ഉയർത്തുന്നത്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടാൻ അക്ഷീണം പ്രയത്നിച്ചയാൾ സ്ഥാനാർത്ഥിയായാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ ക്ഷമിക്കില്ല എന്നും, പതിനൊന്നു പഞ്ചായത്തുള്ള കോന്നിയിൽ ഒരു പഞ്ചായത്തിലെ സ്വാധീനം വച്ച് എങ്ങനെ ജയിക്കാൻ കഴിയുമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം.

കോൺഗ്രസിൽ ഉരുത്തിരിഞ്ഞു വരുന്ന രാഷ്ട്രീയ സാഹചര്യം ഷൈലാജിന് അനുകൂലമാണെന്നാണ് ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും കരുതുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് വികസന പ്രവർത്തനങ്ങളിലൂടെ നിലവിലെ കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ കരുത്തനായതായും, പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും കരുതുന്ന കോൺഗ്രസ് പ്രവർത്തകരാണ് മണ്ഡലത്തിൽ ഏറെ ഉള്ളത്. അത്തരം സാഹചര്യത്തിൽ അഭിപ്രായ വ്യത്യാസമുള്ളയാളിനെ സ്ഥാനാർത്ഥിയാക്കാതെ സമുദായ സമവാക്യം കൂടി അനുകൂലമായ സംസ്ഥാന നേതാവിനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നതാണ് കോൺഗ്രസിലെ പ്രബല വിഭാഗത്തിൻറെ ആവശ്യം. ഷൈലാജും ഉടൻ തന്നെ കോന്നിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ ഭൂരിപക്ഷവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :