ഭാരതത്തിന്റെ ഹൃദയം തകർന്ന ദിനത്തിന്റെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു ജനുവരി 30

മഹാത്മാവിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുൻപിൽ പ്രണാമം

aparna shaji| Last Updated: തിങ്കള്‍, 30 ജനുവരി 2017 (14:07 IST)
ജനുവരി 30 ചരിത്രത്താളുകളിൽ കുറിച്ചത് ഒരു ഓർമ്മപ്പെടുത്തലായിട്ടാണ്. ഭാരതത്തിന്റെ ഹൃദയം തകർന്ന ദിനത്തിന്റെ ഓർമ്മപ്പെടുത്തലുമായി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ എന്ന വർഗീയ വാദി ഇല്ലാതാക്കിയ ദിനം. ഗാന്ധിജിയുടെ രക്തസാക്ഷി ദിനം.

വർത്തമാനകാലത്ത് ഗാന്ധിജിയുടെ ചിത്രത്തെയും പേരിനെപ്പോലും ഭയക്കുന്ന ഭരണാധികാരികൾ രാജ്യം ഭരിക്കുമ്പോൾ അവരുടെ നയങ്ങളും വാക്കുകളും ആ മഹത് വ്യക്തിയുടെ മഹത്വം ഒന്നുകൂടി ഓരോ ഭാരതിയനെയും ഓർമ്മപ്പെടുത്തുകയാണ്.

ഗാന്ധിജിയുടെ എഴുപതാം രക്ത്സാക്ഷി ദിനത്തിലും ഉയർന്നു വരുന്ന ചോദ്യം ഇതൊക്കെയാണ്. അഹിംസയെ ആദർശമാക്കിയ മഹാനായ ഗാന്ധിജിയെ കൊന്നത് ആരാണ്? നാഥുറാം വിനായക് ഗോഡ്സെ. ആരാണ് ഗോഡ്സെ? ആര്‍ എസ് എസ് മുഖപത്രമായിരുന്ന 'ഹിന്ദു രാഷ്ട്രയുടെ' പത്രാധിപര്‍, ആര്‍ എസ് എസ്സിന്‍റെ ഏറ്റവും പ്രമുഖാനേതാക്കളില്‍ ഒരാള്‍. ഗോപാല്‍ ഗോഡ്സെ, നാരായണ്‍ ആപ്തേ, വിഷ്ണു കാക്കറെ, മദന്‍ലാല്‍, ദിഗംബര്‍ ബാഡ്ജെ എന്നിവരായിരുന്നു കൂട്ടുപ്രതികൾ.

മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ഥകനായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ മതേതരത്വത്തിന് വളരെ വിപുലമായ അര്‍ഥമാണുണ്ടായിരുന്നത്. മതേതരത്വത്തിന്റെ അടിത്തറ അദ്ദേഹത്തിന് മാനവികതയായിരുന്നു.
വര്‍ഗീയതയുടെ കാഴ്ചപ്പാടില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. മനുഷ്യനെ ആദരിക്കാത്ത ആശയ സംഹിതയാണ് വര്‍ഗീയത.

ഗാന്ധിജിയുടെ മാനവികതയും വര്‍ഗീയതയുടെ ക്രൂരതയും തമ്മിലുള്ള വൈരുധ്യമാണ് അദ്ദേഹത്തിന്റെ വധത്തിനു വഴിവച്ചത്. ജന്മദിനത്തിലും ചരമദിനത്തിലുംമാത്രം ഓര്‍മിക്കപ്പെടുന്ന ഒരു അസാധാരണ മനുഷ്യനായി നമ്മുടെ രാഷ്ട്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. അങ്ങനെ മാത്രം ഒതുങ്ങേണ്ടുന്ന ഒരാളല്ല ഗാന്ധിജിയെന്ന് എല്ലാവർക്കുമറിയാം.

1948 ജനുവരി 30. വൈകുന്നേരം അഞ്ചുമണി. പതിവ് പ്രാർത്ഥനാ യോഗത്തിലേക്ക് കടന്നുവരുന്നു. ഇതിനിടെ ഒരാൾ ആളുകളുടെ ഇടയിലൂടെ ബലമായി കടന്നു വന്നു. തടയാൻ ആളുകൾ ശ്രമിച്ചെങ്കിലും നടന്നില്ല. അവരെയും മറികടന്നു അയാൾ ഗാന്ധിജിയുടെ മുറിയിലെത്തി. കൈകൾ കൂപ്പുകയും അല്പമൊന്നു കുനിഞ്ഞ് വന്ദിക്കുകയും ചെയ്തശേഷം അയാൾ മുന്ന് തവണ ഗാന്ധിജിക്കു നേരേ നിറയൊഴിച്ചു. അയാളായിരുന്നു നാഥുറാം ഗോഡ്സെ.

ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്ന് മുഴങ്ങിയത്. ഗാന്ധിജിയെ എന്തിനാണു കൊന്നത്? വര്‍ഗീയതയ്ക്കെതിരെ അദ്ദേഹം അചഞ്ചലമായ നിലപാടെടുത്തു. ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി. ''എന്റെ മതം അഹിംസയിലും സത്യത്തിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം, അഹിംസയിലൂടെയാണ് ഞാന്‍ അവിടേക്ക് എത്തിച്ചേരുത്.'' പലയാവർത്തി അദ്ദേഹം വ്യക്തമാക്കി,.

നീതിയേയും സത്യത്തേയും ഭയക്കുന്നവർ അദ്ദേഹത്തെ വെടിയുണ്ടകളാൽ നേരിട്ടു. ഭൂമിയിൽ നിന്നും ഇല്ലാതാക്കി. ഗാന്ധിജിയെന്ന മഹാത്മാവിനെ മാത്രമാണ് അവർക്ക് കൊല്ലാനായത്. ഗാന്ധിസത്തെ കൊല്ലാനായില്ല.
ഗാന്ധിജിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. അദ്ദേഹം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :