1984 ഒക്ടോബര്‍ 31, രാവിലെ 9.10!

WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (16:27 IST)
PRO
ഒക്ടോബര്‍ 31. സമയം രാവിലെ 9.10. അക്ബര്‍ റോഡിലെ ഒന്നാം നമ്പര്‍ കെട്ടിടത്തിന്‍റെ പുല്‍ത്തകിടിയില്‍ ക്യാമറകള്‍ സജ്ജമായിരിക്കുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സഫ്ദര്‍ജംഗ് റോഡിലുള്ള ഔദ്യോഗിക വസതിയോട് ചേര്‍ന്നിരിക്കുന്ന കെട്ടിടമാണ് ഇത്.

ഹോളിവുഡില്‍ നിന്നുള്ള പീറ്റര്‍ ഉസ്തിനോവ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തിന് തയ്യാറായി നില്‍ക്കുകയാണ്. അതിന്‍റെ അവസാനവട്ട പരിശോധനയിലാണ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ശാരദാ പ്രസാദ്.

തെളിഞ്ഞ പ്രഭാതത്തിന്‍റെ പ്രസരിപ്പില്‍ തിരക്കുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവച്ച് ഇന്ദിരാഗാന്ധി ആ കെട്ടിടത്തിലേക്ക് നടന്നടുക്കുകയാണ്. കോണ്‍സ്റ്റബിള്‍ നാരായണ്‍സിങ്, ആര്‍ കെ ധവാന്‍, പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ജി പാര്‍ത്ഥസാരഥി, ഇന്ദിരയുടെ വിശ്വസ്ത ഉപദേശകന്‍ നാഥുറാം എന്നിവര്‍ ഒപ്പമുണ്ട്.

സബ് ഇന്‍സ്പെക്ടര്‍ ബിയന്ത് സിംഗ് ടി എം സി ഗേറ്റിനടുത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. അതിനോട് ചേര്‍ന്നാണ് ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐ ടി ബി പി) കമാന്‍ഡോകള്‍ അവരുടെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ഒന്നാം അക്ബര്‍ റോഡിലേക്ക് ഇറങ്ങുന്ന ഗേറ്റ് ഇന്ദിരയ്ക്കായി തുറന്നുകൊടുക്കുന്നു. അതോടൊപ്പം ഒരു തോക്കിന്‍റെ മുന ഇന്ദിരയുടെ നെഞ്ചിനു നേരെ തിരിയുന്നു. ബിയന്ത് സിംഗിന്‍റെ പോയിന്‍റ് 35 സര്‍വീസ് റിവോള്‍വറില്‍ നിന്ന് അഞ്ചുതവണ തിര തുപ്പുന്നു - പോയിന്‍റ് ബ്ളാങ്ക് റേഞ്ചില്‍ നിന്ന്.

ചോരയില്‍ കുളിച്ച് ഇന്ദിര പിടഞ്ഞു വീഴുന്നു.

അപ്പോഴേക്കും ബിയന്ത് സിങിന്‍റെ കൂട്ടാളി സത്‌വന്ത് സിംഗ് സ്റ്റണ്‍ഗണ്ണുമായി പാഞ്ഞടുത്തിരുന്നു. ഇന്ദിരയുടെ നേര്‍ക്ക് സത്‌വന്ത് തുരുതുരെ വെടിയുണ്ടകള്‍ പായിച്ചു. സ്റ്റണ്‍ഗണ്ണില്‍ നിന്നുമാത്രം ഇരുപത്തഞ്ച് വെടിയുണ്ടകള്‍ ആ ശരീരത്തില്‍ തുളച്ചുകയറി. ഇന്ദിര ധരിച്ചിരുന്ന തിളങ്ങുന്ന ഓറഞ്ച് നിറമുള്ള സാരി ക്ഷണമാത്രയില്‍ കടുംചുവപ്പായി.

സ്വതന്ത്രഭാരത ചരിത്രത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരയില്‍ കുതിര്‍ന്ന അന്ത്യമായിരുന്നു അത്. ചരിത്രത്തെ തന്നോടൊപ്പം കൈപിടിച്ചു നടത്തിയ പ്രതാപശാലിയായ ഒരു ഭാരത വതിതയുടെയും. ആ പ്രതാപ ശാലിയുടെ ഓര്‍മ്മയില്‍ ഒരു നിമിഷം തല കുനിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :