ജലക്ഷാമം കുറയ്ക്കാന്‍ മഴക്കുഴികള്‍

WEBDUNIA|
ജലക്ഷാമം കുറയ്ക്കാന്‍ മഴക്കുഴികള്‍

ജലദൗര്‍ലഭ്യത്തിനെതിരെ കേരളത്തില്‍ തുടങ്ങിയ മഴക്കുഴി പദ്ധതിക്ക് കാലവര്‍ഷം അനുഗ്രഹമാവുകയാണ്. മടിച്ച് നിന്ന മഴ പെയ്തു തുടങ്ങിയിരിക്കുന്നു

കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമെന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിക്ക് ഇപ്പോള്‍ ലഭിക്കുന്ന മഴ അനുഗ്രഹമാവുകയാണ്. മഴക്കുഴികളില്‍ ഇപ്പോള്‍ നിറയുന്ന വെള്ളം സംസ്ഥാനത്തെ വരള്‍ച്ച ഇല്ലാതാക്കുമെന്ന് കരുതാം.

മൂന്നു വര്‍ഷം മുമ്പ് സംസ്ഥാന ആസൂത്രണ ബോര്‍ഡും കിലയും സംയുക്തമായാണ് ജലസംരക്ഷണം ജനരക്ഷയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി രണ്ടു കോടി മഴക്കുഴികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ആരംഭിച്ച പദ്ധതിയുടെ മേല്‍നോട്ടം പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയിലൂടെയാണ് പ്രാവര്‍ത്തികമാക്കിയത്

ഭൂമിയില്‍ വീഴുന്ന മഴവെള്ളം വീഴുന്നിടത്തു തന്നെ വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്. ഇതിലൂടെ മഴയുടെ നാടായ കേരളത്തില്‍ ലഭിക്കുന്ന ജലത്തിന്‍റെ നല്ലൊരു ഭാഗവും ഭൂഗര്‍ഭജലമായി മാറും. സാധാരണ ഇവിടെ ലഭിക്കുന്ന മഴ ഒഴുകി കടലില്‍ പതിക്കുന്നതിനാലാണ് കുടിവെള്ള ക്ഷാമവും ജ-ലദൗര്‍ലഭ്യവും ഉണ്ടാകുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മഴവെള്ളശേഖരണത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. അതിലേറ്റവും ലളിതം മഴക്കുഴികളെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. എല്ലാ ഭൂപ്രദേശത്തും മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത് ശാസ്ത്രീയവുമല്ല. തീരപ്രദേശങ്ങളിലും ഇത് ദോഷം ചെയ്യും. തീരപ്രദേശത്ത് മഴക്കുഴികള്‍ വെള്ളക്കെട്ടുണ്ടാക്കുമെന്നും മലംപ്രദേശത്ത് ഇത് മണ്ണിടിച്ചിലിന് കാരണമാക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

ചരിവു കുറഞ്ഞ പ്രദേശങ്ങളും പറമ്പുകളുമാണ് മഴക്കുഴി നിര്‍മ്മിക്കാന്‍ അനുയോജ-്യമായ സ്ഥലം. പന്ത്രണ്ട് ശതമാനം വരെ ചരിവുള്ള പ്രദേശങ്ങള്‍ മഴക്കുഴികള്‍ നിര്‍മ്മിക്കാവുന്നവയാണ്. പന്ത്രണ്ട് മുതല്‍ ഇരുപത് ശതമാനം വരെ ചരിവുള്ള പ്രദേശത്ത് മഴക്കുഴികള്‍ ഗുണം ചെയ്യില്ല. ഇവിടെ മരങ്ങളും ചെടികളുമെല്ലാം വച്ചുപിടിപ്പിച്ചും മഴവെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കുകയാണ് വേണ്ടത്.

സംസ്ഥാനത്തിപ്പോള്‍ 2- 2- 2 അടി വിസ്തൃതിയുള്ള കുഴികളാണ് മഴവെള്ളസംഭരണത്തിന് നിര്‍മ്മിക്കുന്നത്. പറമ്പുകളില്‍ വീഴുന്ന മഴ ഒരു പ്രത്യേക ചാലുനിര്‍മ്മിച്ച് ഈ കുഴികളില്‍ സംഭരിക്കുന്നു. കിണറുകള്‍, കുളങ്ങള്‍ എന്നിവയ്ക്കു മുകളിലായാണ് മഴക്കുഴികള്‍ ഉണ്ടാക്കുക. ഇതുവഴി ഭൂമിയില്‍ സംഭരിക്കുന്ന വെള്ളം വേനല്‍കാലങ്ങളില്‍ ഗുണം ചെയ്യാനാണിത്.

നഗരപ്രദേശങ്ങളില്‍ മഴക്കുഴികള്‍ മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നത്. ഇവിടെ വെള്ളം താഴ്ന്നുപോകാന്‍ അനുവദിക്കുന്നില്ല. മറിച്ച് മഴയിലൂടെ ലഭിക്കുന്ന ജ-ലം നിത്യോപയോഗ ജീവിതത്തില്‍ പ്രയോജ-നപ്പെടുത്തുകയാണ് ലക്ഷ്യം. മഴയത്ത് ലഭിക്കുന്ന വെള്ളം ടാങ്കുകളില്‍ ശേഖരിച്ച് ശുദ്ധീകരിച്ച് വീണ്ടുമുപയോഗിക്കുന്നു.

മഴക്കുഴികളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുത്. അതുപോലെ കുഴികളില്‍ മണ്ണുനിറയുമ്പോള്‍ കോരിമാറ്റുകയും വേണം. ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുകുണ്ടാവുകയുമില്ല. കുറഞ്ഞത് ആറു ദിവസമെങ്കിലും ജ-ലം കെട്ടിക്കിടന്നാല്‍ മാത്രമേ കൊതുകുണ്ടാവുകയുള്ളൂ. എന്നാല്‍ മഴക്കുഴിയില്‍ വീഴുന്ന വെള്ളം പരമാവധി രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ വറ്റിപ്പോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :