കര്‍ക്കറയെ കൊന്നത് മറാത്തിയോ - കോടതി

Ajmal Kasab
മുംബൈ| WEBDUNIA|
PRO
PRO
രാജ്യത്തെ പിടിച്ചുകുലുക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ മറാത്തി സംസാരിക്കുന്ന, പാക്കിസ്താനില്‍ നിന്നല്ലാത്ത ഒരു തീവ്രവാദി ഉണ്ടായിരുന്നോ? മുന്‍ പൊലീസ് ഇന്‍‌സ്‌പെക്‌ടര്‍ ജനറല്‍ എസ് എം മുഷ്‌രിഫ് എഴുതിയ ‘കര്‍ക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിലെ ചില വസ്തുതകള്‍ അന്വേഷിക്കേണ്ടതല്ലേ? ഈ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് മുംബൈ ഹൈക്കോടതിയാണ്. മഹാരാഷ്‌ട്ര എ‌ടി‌എസ് മേധാവി ആയിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടാന്‍ ഇടയായ സാഹചര്യങ്ങളെ പറ്റി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു മുന്‍ ബീഹാര്‍ എം‌എല്‍‌എ നല്‍‌കിയ പൊതുതാല്‍‌പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് മുംബൈ ഹൈക്കോടതി സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചത്.

“പാകിസ്ഥാനില്‍ നിന്നുള്ള ഭീകരവാദിയായ അജ്‌മല്‍ കസബ് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ കേസ് അവിടെ തീരുമോ? ഭീകരാക്രമണത്തെ പറ്റിയുള്ള മുഴുവന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും അധികൃതര്‍ക്ക് കൈമാറിയിട്ടില്ല എന്നതിനാല്‍ കൃത്യമായ എന്തോ പരാജയം സംഭവിച്ചിട്ടുണ്ട്. ആരാണ് ഈ കൃത്യവിലോപത്തിന് പിന്നില്‍. രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാന്‍ അര്‍ഹതയുണ്ട്. മഹാരാഷ്‌ട്ര സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇതിന് ഉത്തരം പറയേണ്ടതുണ്ട്” - ഡിവിഷന്‍ ബഞ്ച് ജഡ്ജിമാരായ ബി‌എച്ച് മാര്‍‌ലപല്ലേ, യുഡി സാല്‍‌വി എന്നിവര്‍ പറഞ്ഞു.

എസ് എം മുഷ്‌രിഫ് എഴുതിയ ‘കര്‍ക്കരെയെ കൊന്നതാര്’ എന്ന പുസ്തകം തങ്ങള്‍ വായിച്ചുവെന്നും അതിലെ കണ്ടെത്തലുകളില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു. എന്നാല്‍ ആ പുസ്തകം ഉയര്‍ത്തുന്ന ഒരു പിടി ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്നും അവയ്ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ജഡ്ജിമാര്‍ ഇരു സര്‍ക്കാരുകളോടും സംശയനിവാരണം നടത്താന്‍ ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ ഇവയാണ് -

ഒന്ന് - ഇന്ത്യയിലേക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാള്‍ വരുന്നുണ്ടെന്ന് ഇന്‍റലിജന്‍സ് ബ്യൂറോക്ക് വിവരം ലഭിച്ചതായി പുസ്തകം പറയുന്നു. എന്നാല്‍ ഈ വിവരം എന്തുകൊണ്ട് മഹാരാഷ്‌ട്ര സര്‍ക്കാരിനെ ഇന്‍റലിജന്‍സ് ബ്യൂറോ അറിയിച്ചില്ല?

രണ്ട് - സംശയകരമായ 35 മൊബൈല്‍ നമ്പറുകളെ പറ്റി ഇന്‍റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തുകയുണ്ടായി. ഇതില്‍ മൂന്ന് സിം കാര്‍ഡുകള്‍ മഹാരാഷ്‌ട്രയില്‍ തന്നെ വാങ്ങിയതാണ്. ഈ ഫോണുകളില്‍ നിന്ന് 284 കോളുകള്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഛത്രപതി ശിവജി ടെര്‍മിനലിലോ കാമാസിലോ ഉണ്ടായിരുന്ന ഭീകരവാദികള്‍ക്ക് (അജ്മല്‍ കസബും അബു ഇസ്മയിലും) ഒരു ഫോണ്‍ പോലും വന്നിട്ടില്ല. രണ്ട് സിം കാര്‍ഡുകള്‍ സതാരയില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. സിം കാര്‍ഡുകളുടെ ഉടമകളെ ചോദ്യം ചെയ്തതില്‍ നിന്ന് എന്തൊക്കെ വിവരങ്ങള്‍ കിട്ടി?

മൂന്ന് - സബര്‍ബന്‍ പ്ലാറ്റ്‌ഫോമില്‍ 22 സിസിടിവി ക്യാമറകളും പാസഞ്ചര്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ 16 ക്യാമറകളും ഉന്‍റായിരുന്നുവെങ്കിലും പല ക്യാമറകളും പ്രവര്‍ത്തനരഹിതമായിരുന്നു. എന്തുകൊണ്ട്?

നാല് - പ്രധാന്‍ കമ്മറ്റി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇന്‍റലിജന്‍സ് ബ്യൂറോ മറുപടി പറയുകയുണ്ടായില്ല. എന്തുകൊണ്ട്?

അഞ്ച് - കാമാ ഹോസ്പിറ്റലില്‍ കര്‍ക്കറെയെ കൊന്നു എന്ന് പറയുന്ന ഭീകരവാദി മറാത്തി ഭാഷയാണ് സംസാരിച്ചിരുന്നത്. മറാത്തിയാണ് അയാളുടെ ഭാഷയെങ്കില്‍ അയാള്‍ പാകിസ്ഥാനില്‍ നിന്നാകാന്‍ തരമില്ല. ഇയാളെ പറ്റിയുള്ള വിവരങ്ങള്‍?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :