മാണി പോയി, കുഞ്ഞാലിക്കുട്ടിയും പോകുന്നു; യുഡിഎഫ് തകരുമോ? ആശങ്കയില്‍ കോണ്‍ഗ്രസ് നേതാക്കള്‍

Kunhalikkutty, Vengara, Malappuram, Muslim League, Oommenchandy, Mani, കുഞ്ഞാലിക്കുട്ടി, വേങ്ങര, മലപ്പുറം, മുസ്ലിം ലീഗ്, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, മാണി
ജോണ്‍ കെ ഏലിയാസ്| Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (17:47 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി യു ഡി എഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. ഏരെ പ്രതീക്ഷിച്ചിരുന്ന ഈ സ്ഥാനാര്‍ത്ഥിത്വം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 20ന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

പാണക്കാട്‌ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. നിലവില്‍ വേങ്ങരയില്‍ നിന്നുള്ള നിയമസഭാംഗമാണ് കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ഇ അഹമ്മദ് നേടിയതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചുവരാനാകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് കുഞ്ഞാലിക്കുട്ടി. മലപ്പുറത്തുനിന്ന് ജയിച്ചാല്‍ ദേശീയരാഷ്ട്രീയത്തില്‍ അദ്ദേഹം കൂടുതല്‍ സജീവമാകുമെന്നുറപ്പ്. എന്നാല്‍ അത് കേരളത്തിലെ യു ഡി എഫ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയക്കുന്നവരില്‍ ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കളുണ്ട്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് മുഖവിലയ്ക്കെടുക്കാതെയാണ് ഇപ്പോഴത്തെ തീരുമാനം.

ദേശീയ രാഷ്ട്രീയത്തിലേക്കു പോയാലും കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ യുഡിഎഫ് സംവിധാനത്തിന്റെ ഭാഗമായി തുടരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയെങ്കിലും അതിന്‍റെ പ്രായോഗികതയില്‍ യു ഡി എഫ് നേതാക്കള്‍ക്ക് തന്നെ സംശയമുണ്ട്. നിലവില്‍ കെ എം മാണി പോയതോടെ കടുത്ത പ്രതിസന്ധിയിലാണ് യു ഡി എഫ്. കുഞ്ഞാലിക്കുട്ടി കൂടി മാറിനിന്നാല്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് യു ഡി എഫ് കൂപ്പുകുത്തും. ഇത് തിരിച്ചറിഞ്ഞാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഉമ്മന്‍‌ചാണ്ടി അഭ്യര്‍ത്ഥനയുമായി എത്തിയത്.

മറ്റൊരു വലിയ പ്രതിസന്ധിയും യു ഡി എഫിനെ ഉറ്റുനോക്കുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് പോകുമ്പോള്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അവിടെ ഈസിയായി ജയിക്കാനാകുമെന്ന് യു ഡി എഫിന് ഇപ്പോള്‍ വിശ്വാസമില്ല. വേങ്ങരയില്‍ എല്‍ ഡി എഫ് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.

ഏപ്രില്‍ 12നാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ്. 17ന് ഫലപ്രഖ്യാപനം ഉണ്ടാകും. ഇവിടുത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇടത് സ്വതന്ത്രനായിരിക്കും ഇവിടെ വരിക എന്ന് സൂചനയുണ്ട്. ബിജെപിയെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :