മൂന്നൊരുക്കിയ മഹാചരിതത്തിന്റെ അവകാശികള്‍

WEBDUNIA|
PRO
PRO
ക്രിക്കറ്റില്‍ മൂന്നോളം വലിപ്പം ചിലപ്പോള്‍ സെഞ്ച്വറിക്ക് പോലുമുണ്ടാകില്ല. ടീമിനെ വിജയതീരത്തേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബാറ്റ്സ്മാന്‍‌മാരെ തുടര്‍ച്ചയായി പുറത്താക്കാന്‍ കഴിയുകയെന്നത് ബൌളര്‍മാര്‍ക്ക് സ്വപ്നനേട്ടമാണ്. ആ ഹാട്രിക് നേട്ടം ലോകകപ്പിലാണെങ്കില്‍ പറയുകയും വേണ്ട.

ലോകകപ്പില്‍ ബൌളിംഗില്‍ മൂന്നൊരുക്കിയ മഹാചരിതത്തിന്റെ അവകാശികളില്‍ മുമ്പില്‍ ശ്രീലങ്കയുടെ ലസിത് മലിംഗയാണ്. തിങ്കളാഴ്ച കെനിയക്കെതിരെ ഹാട്രിക് പ്രകടനം നടത്തിയ തുടര്‍ച്ചയായി രണ്ട് ലോകകപ്പില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ബൌളറാണ്. കെനിയയുടെ പീറ്റര്‍ ഒം‌ഗോണ്ടോ, ഷെഗോഷെ, ഏലിയഒട്ടീന
എന്നിവരാണ് മലിംഗയുടെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ പുറത്തായത്. ഇതിനുമുന്‍പ് 2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് മലിംഗ ഹാട്രിക് നേട്ടം കരസ്ഥമാക്കിയത്.

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പില്‍ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിച്ചതും ശ്രീലങ്കക്കാരാണ്. മൂന്നുതവണയാണ് ലങ്കന്‍ ബൌളര്‍മാര്‍ ലോകകപ്പില്‍ ഹാട്രിക് വിക്കറ്റ് കൊയ്തത്. മലിംഗയ്ക്ക് പുറമെ ഹാട്രിക് നേട്ടം കൊയ്ത ശ്രീലങ്കന്‍ താരം ചാമിന്ദ വാസ് ആണ്. 2003 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് ചാമിന്ദ വാസ് ഹാട്രിക് വിക്കറ്റ് വീഴ്ത്തിയത്.

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിച്ചത് വെസ്റ്റിന്റീസിന്റെ കെമര്‍ റോച്ച് ആണ്. ഫെബ്രുവരി 28ന് നെതര്‍ലാന്റ്സിനെതിരെ നടന്ന മത്സരത്തിലാണ് റോച്ച് ഹാട്രിക് വിക്കറ്റ് കൊയ്തത്.

PRO
PRO
മൊത്തം ഏഴുതവണയാണ് ലോകകപ്പില്‍ ഒരു ബൌളറുടെ തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ വിക്കറ്റുകള്‍ വീണത്. ലോകകപ്പില്‍ ആദ്യമായി ഹാട്രിക് നേട്ടം കൊയ്ത താരം എന്ന ബഹുമതി ഇന്ത്യയുടെ ചേതന്‍ ശര്‍മ്മയ്ക്കാണ്. 1987 ഒക്ടോബര്‍ 31ന് നടന്ന ഇന്ത്യാ- ന്യൂസിലാന്റ് മത്സരത്തിലാണ് ആദ്യ ഹാട്രിക് വിക്കറ്റ് വീഴ്ച സംഭവിച്ചത്. ന്യൂസിലാന്റിന്റെ കെന്‍ റൂതെര്‍ഫോര്‍ഡ്, ഇയാന്‍ സ്മിത്, ഈവന്‍ ചാറ്റ്ഫീല്‍ഡ് എന്നിവരാണ് ചേതന്‍ ശര്‍മ്മയുടെ പന്തുകളില്‍ കീഴടങ്ങിയത്.

ആദ്യമായി രണ്ട് തവണ ഹാട്രിക് വിക്കറ്റ് വേട്ട അരങ്ങേറിയ 2003 ലോകകപ്പില്‍ ചാമിന്ദ വാസിനു പുറമെ ഓസീസിന്റെ ബ്രെറ്റ്ലീയാണ് തുടര്‍ച്ചയായി മൂന്ന് പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. കെനിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു ബ്രെറ്റ് ലീയുടെ ഹാട്രിക് പ്രകടനം. 1999 ലോകകപ്പില്‍ സിംബാബ്‌വെയ്ക്കെതിരെയുള്ള മത്സരത്തില്‍ പാകിസ്ഥാന്റെ മുസ്താഖും ഹാട്രിക് മികവ് കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :