ഓറഞ്ച് പുളിച്ചു; ഇന്ത്യക്ക് ടേസ്റ്റില്ലാത്ത ജയം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ആവേശം വിനയായി. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഹോളണ്ടിനെതിരെ ഇന്ത്യ വെള്ളംകുടിച്ച് ജയിച്ചു. കുഞ്ഞന്‍‌മാരായ ഹോളണ്ട് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്‍ഷ്യം മറികടക്കാന്‍ കരുത്തരായ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ ബലികൊടുത്ത് 36.3 ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. അര്‍ദ്ധസെഞ്ച്വറിയും രണ്ട് വിക്കറ്റുകളുമെടുത്ത് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച യുവരാജ് സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

ഹോളണ്ടിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍പ്പനായിരുന്നു. റണ്‍ റേറ്റ് ഉയര്‍ത്തുകയെന്ന ലക്‍ഷ്യത്തോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍‌മാര്‍ ബാറ്റ് വീശിയത്. ഏഴു ഓവറില്‍ വിക്കറ്റൊന്നും പോകാതെ ഇന്ത്യ 59 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ എട്ടാമത്തെ ഓവറില്‍ മൂന്നാമത്തെ പന്തില്‍ സെവാഗ് പുറത്തായത് തിരിച്ചടിയായി. 26 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പടെ 39 റണ്‍സ് എടുത്താണ് സെവാഗ് പുറത്തായത്. സീലാറിന്റെ പന്തില്‍ കെര്‍വീസിന് ക്യാച്ച് നല്‍കുകയായിരുന്നു.

ഇതിനിടയില്‍ സച്ചിന്‍ ലോകകപ്പില്‍ 2000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ബഹുമതിക്ക് അര്‍ഹനായിരുന്നു. നാലാം ഓവറിലെ അവസാന മൂന്നാം പന്തുകള്‍ അതിര്‍ത്തി കടത്തിയാണ് സച്ചിന്‍ ഈ ബഹുമതി സ്വന്തമാക്കിയത്. തകര്‍പ്പന്‍ ഫോമിലായിരുന്ന സച്ചിന്‍ പത്താം ഓവറിലെ ആദ്യ പന്തില്‍ പുറത്തായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്. രണ്ടാമനായി ഇറങ്ങിയ പത്താനും ഇതേ ഓവറിലെ അഞ്ചാമത്തെ പന്തില്‍ പുറത്തായി. 22 പന്തുകളില്‍ നിന്ന് ആറ് ബൌണ്ടറികള്‍ ഉള്‍പ്പടെ 27 റണ്‍സ് എടുത്താണ് സച്ചിന്‍ പുറത്തായത്. പത്തു പന്തുകളില്‍ നിന്ന് ഒരു സിക്സറും ഒരു ബൌണ്ടറിയും ഉള്‍പ്പടെ പത്താന്‍ 11 റണ്‍സ് ആണ് നേടിയത്.

സച്ചിന് പകരക്കാരനായി വിരാട് കോഹ്‌ലിയും പത്താന് പകരക്കാരനായി ഗംഭീറുമാണ് ക്രീസിലെത്തിയത്. എന്നാല്‍ മൊത്തം സ്കോര്‍ 99ല്‍ നില്‍ക്കുമ്പോള്‍ കോഹ്‌ലി പുറത്തായി. 12 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. തുടര്‍ന്നെത്തിയ യുവരാജുമായി ചേര്‍ന്ന് ഗംഭീര്‍ മൊത്തം സ്കോര്‍ 139 വരെയെത്തിച്ചു. 28 റണ്‍സ് എടുത്ത ഗംഭീര്‍ 23.1 ഓവറില്‍ പുറത്തായി.

പിന്നീട് ക്രീസിലെത്തിയ നായകന്‍ ധോണിയുമായി ചേര്‍ന്ന് യുവരാജ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. യുവരാജ് പുറത്താകാതെ 93 പന്തുകളില്‍ നിന്ന് ഏഴു ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് 51 റണ്‍സ് എടുത്തത്. 56 പന്തുകളില്‍ നിന്ന് 19 റണ്‍സുമായി ധോണിയും പുറത്താകാതെ നിന്നു.

ഹോളണ്ടിന് വേണ്ടി സീലാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ബുഖാരിയും ബോറനും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോളണ്ട് 46.4 ഓവറില്‍ 189 റണ്‍സിന്‌ പുറത്താകുകയായിരുന്നു.പ്രതിരോധത്തിലൂന്നി തുടങ്ങിയ ഹോളണ്ടിന് 15 ഓവര്‍ വിക്കറ്റ് നഷ്ടപ്പെടാതെ കളിക്കാനായി. ഹോളണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത് പിയൂഷ് ചൌളയായിരുന്നു. 15.2 ഓവറില്‍ പിയൂഷ് എറിക് സ്വാര്‍സിന്‍കിയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

പിന്നീട് ഹോളണ്ടിന്റെ ബാറ്റിംഗ് നിര തകരുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പീറ്റര്‍ ബോറനും(38), മുദാസര്‍ ബുഖാരിയു(21)മാണ്‌ ഹോളണ്ടിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ബാറെസി 28 റണ്‍സ് എടുത്തു. ലോകകപ്പില്‍ സെഞ്ച്വറി നേടിയ റിയാന്‍ ടെന്‍ ഡോഷെയ്ക്ക്ക് 11 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ഇന്ത്യക്ക് വേണ്ടി സഹീര്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. യുവരാജും പിയൂഷും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ നെഹ്ര ഒരു വിക്കറ്റ് നേടി. ഹര്‍ഭജന് വിക്കറ്റ് നേടാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :