ഓറഞ്ച് കടിച്ചുതുപ്പാന്‍ ഇന്ത്യ

WEBDUNIA|
PRO
PRO
ലോകകപ്പില്‍ ആവേശക്കൊടുങ്കാറ്റ് വീശാനാണ് ഇന്ത്യയുടെ ഒരുക്കം. ബാറ്റിംഗ് കരുത്തില്‍ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിക്കുകയാകും ഇന്ത്യയുടെ ലക്‍ഷ്യം. ഓറഞ്ച് പടയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഗ്രൂപ്പ് വിഭാഗത്തില്‍ റണ്‍‌റേറ്റ് ഉയര്‍ത്താനുമാണ് ഇന്ത്യ പദ്ധതിയിടുന്നത്.

ബാറ്റിംഗ് കരുത്ത് തന്നെയാണ് ഹോളണ്ടിനെതിരെയും ഇന്ത്യയുടെ തുരുപ്പ് ചീട്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്റീസും ആയതിനാല്‍ ഹോളണ്ടിനെ അടിച്ചുപരത്താനാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍‌മാ‍ര്‍ കച്ചകെട്ടുന്നത്. വന്‍സ്കോര്‍ നേടുകയും ഹോളണ്ടിനെ കുറഞ്ഞ സ്കോറിന് പുറത്താക്കുകയും ചെയ്ത് റണ്‍റേറ്റ് ഉയര്‍ത്താനാകും ഇന്ത്യയുടെ തീരുമാനം.

സെവാഗും സച്ചിനും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്തുന്നത്. ആദ്യ 15 ഓവറില്‍ ഇരുവരും നിന്നാല്‍ തന്നെ ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തും. പിന്നാലെയെത്തുന്ന ഗംഭീറും വിരാട് കോഹ്‌ലിയും വമ്പന്‍ സ്കോര്‍ നേടാന്‍ പ്രാപ്തരാണെന്നത് ഇന്ത്യന്‍ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നു. യുവരാജ് ഫോമിലെത്തിയതും പത്താന്റെ വെട്ടിക്കെട്ടു പ്രകടനവും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ആക്കം പകരുന്നു.

രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ചെറിയ സ്കോറിന് കുറഞ്ഞ ഓവറില്‍ ഹോളണ്ടിനെ പുറത്താക്കാന്‍ ധോണി തന്ത്രങ്ങള്‍ ഒരുക്കും. ഹോളണ്ട് ഉയര്‍ത്തുന്ന സ്കോര്‍ അതിവേഗം പിന്തുടരാനും ബാറ്റ്സ്മാന്‍‌മാര്‍ക്ക് ഇന്ത്യന്‍ നായകന്‍ നിര്‍ദ്ദേശം നല്‍കും. റണ്‍റേറ്റ് ഉയര്‍ത്തുക തന്നെയാണ് ഈ മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും പ്രധാനം.

ബൌളിംഗില്‍ ഇത്തവണ പിയൂഷ് ചൌളയെ പരീക്ഷിക്കാതിരിക്കാനാണ് സാധ്യത. നിര്‍ലോഭം റണ്‍സ് വിട്ടുകൊടുക്കുന്നതാണ് പിയൂഷിന് വെല്ലുവിളിയാകുന്നത്. അതിനാല്‍ ശ്രീശാന്തിന് ഒരു അവസരം കൂടി നല്‍കിയേക്കും. പരിശീലനവേളകളില്‍ ശ്രീ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഹര്‍ഭജന് വിക്കറ്റുകള്‍ എടുക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ നായകനെ അലട്ടുന്നത്. ഈ സാഹചര്യത്തില്‍ പിയൂഷിന് പകരക്കാരനാകാന്‍ അശ്വിന് അവസരം ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവരാജ് ബൌളിംഗിലും തിളങ്ങുന്നത് ഇന്ത്യന്‍ ടീമിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്. സഹീര്‍ ഖാന്‍ തന്നെയാണ് ഇന്ത്യന്‍ ബോളിംഗിന്റെ നേതൃത്വം കയ്യാളുക.

കരുത്തരായ ഇന്ത്യയോട് പൊരുതിനോക്കാം എന്ന കണക്കുകൂട്ടലിലാണ് ഹോളണ്ട് മത്സരത്തിനിറങ്ങുന്നത്. അയര്‍ലെന്റിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍‌മാര്‍ അല്‍പ്പമൊന്നും വിയര്‍ത്തതും ഹോളണ്ടിന് പ്രചോദനമാകും. ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് നേടാനായതും ഓറഞ്ച് പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ഓള്‍ റൌണ്ടര്‍ റിയാന്‍ ടെന്‍ ഡോഷെയാണ് ഹോളണ്ടിന്റെ തുറുപ്പ് ചീട്ട്. ഇംഗ്ലണ്ടിനെതിരെ നേടിയ 119 റണ്‍സ് ഡോഷെയെ ശ്രദ്ധേയ താരമാക്കിയിട്ടുണ്ട്. ടോം കൂപ്പറും ടോം ഡെ ഗ്രൂത്തും ക്യാപ്റ്റന്‍ പീറ്റര്‍ ബോറനും ബാറ്റിംഗില്‍ ഹോളണ്ടിന് കരുത്താകും. ഡോഷെ പന്തുകൊണ്ടും തിളങ്ങുമെന്നതും നിര്‍ണ്ണായകമാണ്.

ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയമറിയാതെയാണ് ഇന്ത്യ ഹോളണ്ടിനെതിരെ പാഡ് കെട്ടുന്നത്. ഇന്ത്യ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയിരുന്നു. അതേസമയം ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളിലും തോല്‍‌വി വഴങ്ങിയാണ് ഹോളണ്ട് ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തിനെത്തുന്നത്.

ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ സമയം 2.30നാണ് ഇന്ത്യാ-ഹോളണ്ട് മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :