അയ്യേ, നാണക്കേട്!

ലണ്ടന്‍| WEBDUNIA|
PRO
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ഐറിഷിനോട് തോല്‍‌വി വഴങ്ങിയ ഇംഗ്ലണ്ട് ടീമിന് സ്വന്തം നാട്ടിലെ മാധ്യമങ്ങളുടെ ശകാരവര്‍ഷം. ക്രിക്കറ്റിലെ കുഞ്ഞന്‍‌മാരായ അയര്‍ലാന്റിനോട് പരാജയപ്പെട്ടത് നാണക്കേടാണെന്നാണ് ഇംഗ്ലണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒബ്രെയന്‍ ഇംഗ്ലണ്ടിനെ നാണംകെടുത്തി എന്നാണ് ടാബ്ലോയിഡ് സണ്‍ തലക്കെട്ട് കൊടുത്തിരിക്കുന്നത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച ഒബ്രയനു മുന്നില്‍ ഇംഗ്ലണ്ടിന് വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്നുവെന്ന് പത്രം പരിഹസിക്കുന്നു.

ഇംഗ്ലണ്ടിന്റെ പരാജയത്തെക്കുറിച്ചാണ് ടെലഗ്രാഫ് എഡിറ്റോറിയല്‍ തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിന് കുപ്രസിദ്ധമായ പരാജയം നേരിടേണ്ടി വന്നിരിക്കുന്നുവെന്നാണ് പത്രം പറയുന്നത്. 1950 ഫുട്ബോള്‍ലോകപ്പില്‍ അമേരിക്ക നേടിയ (1-0) വിജയമായിരുന്നു ഇംഗ്ലണ്ടിനെ കഴിഞ്ഞ ദിവസം വരെ വേട്ടയാടിയിരുന്നതെന്നും ടെലിഗ്രാഫ് അഭിപ്രായപ്പെടുന്നു.

ബുധനാഴ്ച നടന്ന മത്സരത്തില്‍ അയര്‍ലാന്റ് ഇംഗ്ലണ്ടിനെ മൂന്നുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട് കുറിച്ച 328 റണ്‍സിന്റെ വിജയലക്‍ഷ്യം അഞ്ചു പന്ത് ബാക്കിനില്‌ക്കെ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലന്‍ഡ് മറികടന്നത്. 63 പന്തില്‍ 13 ബൗണ്ടറിയും ആറു സിക്‌സും ഉള്‍പ്പടെ 113 റണ്‍സ് നേടിയ ഒബ്രയനാണ് ഐറിഷ് പടയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :