2003 ലെ കണക്ക് തീർക്കാൻ ഇന്ത്യയ്ക്ക് ഇതിലും നല്ലൊരു അവസരമില്ല!

Last Modified വ്യാഴം, 4 ജൂലൈ 2019 (14:59 IST)
ഏകദിന ലോകകപ്പ് അവസാന നാളുകളിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമി ഉറപ്പിച്ച് കഴിഞ്ഞു. ഇനിയുള്ളത് ന്യൂസിലൻഡും പാകിസ്ഥാനുമാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലങ്കില്‍ ന്യൂസിലാന്‍ഡ് തന്നെ എത്തുമെന്ന് വ്യക്തമാണ്.

ബംഗ്ലാദേശിനെ കൂറ്റൻ സ്കോറിന് തോൽപ്പിച്ചാൽ മാത്രമേ പാകിസ്ഥാന് സെമി പ്രതീക്ഷയുള്ളു. ആദ്യം ബാറ്റ് ചെയ്ത് 316 റണ്‍സിനെങ്കിലും പാകിസ്ഥാന് ബംഗ്ലാദേശിനെ തോല്‍പ്പിക്കണം. ഇന്ത്യയും ന്യൂസിലൻഡും കൈവിട്ടതോടെയാണ് പാകിസ്ഥാന് ഇരട്ടി പണിയായത്.

ശനിയാഴ്ചയുള്ള ഇന്ത്യ- ശ്രീലങ്ക, ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളോടെ കാര്യങ്ങൾ വ്യക്തമാകും. ശ്രീലങ്കയെ തോൽപ്പിക്കുകയും ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്താൽ പോയന്റ് ടേബിളില്‍ ഇന്ത്യ ഒന്നാമതാകും.

അങ്ങനെയങ്കില്‍ നാലാം സ്ഥാനത്ത് വരുന്ന ന്യൂസിലൻഡുമായിട്ടാകും ഇന്ത്യ സെമി നേരിടുക. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. അതേസമയം, ദക്ഷിണാഫ്രിക്കയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചാല്‍ പോയന്റ് ടേബിളില്‍ ഓസീസ് ഒന്നാം സ്ഥാനം നിലനിർത്തുകയും ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരുകയും ചെയ്യും.

അങ്ങനെയാണെങ്കിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാകും ഇന്ത്യയ്ക്ക് സെമിയിൽ നേരിടേണ്ടി വരിക. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയ ന്യൂസിലൻഡിനോടും ജയിച്ചാൽ ഒരിക്കല്‍ കൂടി ഇന്ത്യ-ഓസീസ് ഫൈനലിനാകും ലോകകപ്പ് സാക്ഷ്യം വഹിക്കുക.

2003ല്‍ ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയപ്പോള്‍ ഓസ്‌ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളി. ഇന്ത്യയെ തോല്‍പിച്ച് ഓസ്‌ട്രേലിയ അന്ന് ലോകകിരീടം നേടി. അന്നത്തെ തോൽ‌വിക്കുള്ള മറുപടി നൽകാൻ ഇന്ത്യയ്ക്ക് ഇനി ഇതിലും നല്ലൊരു അവസരം ലഭിച്ചേക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :