ഫീല്‍ഡില്‍ ധോണിയെ ആശ്രയിക്കാന്‍ കൊഹ്‌ലിക്ക് ഒരുതരത്തിലുള്ള ഈഗോയുമില്ല; മുന്‍ താരം പറയുന്നു

ധോണിയെ കളത്തില്‍ ആശ്രയിക്കാന്‍ കൊഹ്‌ലിക്ക് യാതൊരു ഈഗോയുമില്ല; വിവിഎസ് ലക്ഷ്മണ്‍

സജിത്ത്| Last Updated: തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (08:06 IST)
ടീം ഇന്ത്യയുടെ നായകന്‍ ആരാണെന്ന ചോദ്യത്തിന് വിരാട് കൊഹ്‌ലിയെന്ന ഉത്തരം മാത്രമേ കളിയറിയുന്ന ആരും പറയുകയുള്ളൂ. എന്നാല്‍ ഇതേ ചോദ്യം കൊഹ്‌ലിയോടാണ് ചോദിക്കുന്നതെങ്കില്‍ എം.എസ് ധോണിയെന്ന ഉത്തരമായിരിക്കും അദ്ദേഹം പറയുക. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും എം.എസ് ധോണി തന്നെയാണ് ഇന്നും ടീം ഇന്ത്യയെ നയിക്കുന്നതെന്നതു തന്നെയാണ് അതിന്റെ കാരണം.

ഏതൊരു മത്സരമായാലും കളത്തില്‍ ഇന്നും നായകനും മറ്റ് താരങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി ടീമിനെ ഉത്തേജിപ്പിക്കുന്നത് ധോണി തന്നെയാണ്. ഇപ്പോള്‍ ഇതാ കൊഹ്‌ലിയുടെയും ധോണിയുടെയും ഈ പരസ്പര ധാരണയെക്കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും നിലവിലെ കമന്ററേറ്റര്‍മാരില്‍ ഒരാളുമായ വി.വി.എസ് ലക്ഷ്മണ്‍.



കൊഹ്‌ലിയാണ് ടീമിനെ നയിക്കുന്നതെങ്കിലും, താന്‍ നായകനായിരുന്ന കാലത്തെത്തുള്ള പോലെയാണ് ധോണി
മൈതാനത്ത് ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നതെന്ന് ലക്ഷ്മണ്‍ പറയുന്നു. മത്സരത്തിനിടെ ധോണി താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിനായി കൊഹ്‌ലിയെ ‘ചീക്കു’ എന്നു വിളിച്ച് നിര്‍ദേശം നല്‍കുന്നതും സ്റ്റമ്പ് മൈക്കില്‍ പതിഞ്ഞതിനെക്കുറിച്ച് സംസാരിക്കവെയാണ് ലക്ഷ്മണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്‍.

‘ഇത് ഈ മത്സരത്തില്‍ മാത്രം സംഭവിച്ച മികച്ച നിമിഷമൊന്നുമല്ല. കൊഹ്‌ലി നായകസ്ഥാനം ഏറ്റെടുത്തതു മുതല്‍ ഈ സുന്ദര നിമിഷമാണ് മൈതാനത്ത് സംഭവിച്ച് കൊണ്ടിരികുന്നത്. വിരാടും ധോണിയും തമ്മിലുള്ള ഈ ബന്ധം കാണുന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വിക്കറ്റ് കീപ്പറാണെന്ന ആനുകൂല്യവും അദ്ദേഹത്തിനുണ്ട്. കളിക്കാരുടെ ആംഗിളുകള്‍ മനസിലാക്കാനും ശ്രദ്ധിക്കാനും അയാള്‍ക്ക് കഴിയും’ ലക്ഷ്മണ്‍ പറഞ്ഞു.

‘ഒരു തരത്തിലുള്ള ഈഗോയുമില്ലാതെയാണ് കൊഹ്‌ലി ധോണിയുടെ അടുത്തേക്ക് പോകുന്നത്. അത് തന്നെയാണ് കൊഹ്‌ലിയുടെ ക്രെഡിറ്റ്. ഒരുപാട് അറിവും അനുഭവവുമുള്ള താരമാണ് ധോണി. ഇത് തന്നെയാണ് അദ്ദേഹത്തിനു കൂടുതല്‍ ബഹുമാനം ലഭിക്കാനുള്ള കാരണവും. ഈ ബന്ധം ഇന്ത്യക്ക് വരുന്ന ലോകകപ്പില്‍ ഗുണം ചെയ്യും’ - ലക്ഷ്മണ്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :