കോഹ്‌ലിയുമായുള്ള അടി പൊട്ടിത്തെറിയിലെത്തി‍, കുംബ്ലെ രാജിവച്ചു

India, Anil Kumble, Virat Kohli, Dhoni, West Indies, ഇന്ത്യ, കുംബ്ലെ, അനില്‍ കുംബ്ലെ, വിരാട് കോഹ്‌ലി, ധോണി, വെസ്റ്റിന്‍ഡീസ്
ന്യൂഡല്‍ഹി| BIJU| Last Modified ചൊവ്വ, 20 ജൂണ്‍ 2017 (20:33 IST)
ക്യാപ്‌ടന്‍ വിരാട് കോഹ്‌ലിയുമായുള്ള യുദ്ധം പുതിയ കളത്തിലേക്ക് തുറന്നുവിട്ടുകൊണ്ട് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കോച്ച് പദവിയില്‍ നിന്ന് രാജിവച്ചു. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കായി ടീം തിരിക്കാനിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കുംബ്ലെയുടെ രാജിപ്രഖ്യാപനം.

ടീമിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്‍റെ കോച്ചായി കുംബ്ലെ തുടരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജി നല്‍കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും കുംബ്ലെയുമായി ഇനി ഒരുമിച്ച് പോകില്ലെന്ന് വിരാട് കോഹ്‌ലി സംശയമേതുമില്ലാതെ അറിയിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി കാലയളവില്‍ തന്നെ കുംബ്ലെയും കോഹ്‌ലിയും തമ്മിലുള്ള ആശയവിനിമയം പൂര്‍ണമായും അവസാനിച്ചിരുന്നു. ബൌളര്‍മാര്‍ക്ക് മാത്രം പരിശീലനം നല്‍കുന്ന സാഹചര്യത്തിലേക്ക് കുംബ്ലെ തന്‍റെ സേവനം ചുരുക്കുകയും ചെയ്തു.

ജൂണ്‍ 23ന് ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ അഞ്ച് ഏകദിന മത്സരങ്ങളാണുള്ളത്. ഒരു ട്വന്‍റി20 മത്സരവും ഉണ്ടാകും. ജൂലൈ ഒമ്പതിന് പര്യടനം അവസാനിക്കും.

ഐ സി സി ക്രിക്കറ്റ് കമ്മിറ്റിയുടെ ഭാഗമായ കുംബ്ലെ ബി സി സി ഐ സി‌ഇഒയ്ക്കാണ് തന്‍റെ രാജിക്കത്ത് അയച്ചുകൊടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുംബ്ലെയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ് സച്ചിനും ഗാംഗുലിക്കും ലക്ഷ്മണിനും മുമ്പിലുള്ള വലിയ വെല്ലുവിളി.

കോച്ച് എന്ന നിലയില്‍ കുംബ്ലെയുടെ പ്രകടനം പൂര്‍ണ വിജയമായിരുന്നു. കുംബ്ലെയുടെ പരിശീലനത്തിന്‍‌കീഴില്‍ കളിച്ച 17 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. 12 ടെസ്റ്റുകള്‍ വിജയിച്ചു. പ്രകടനത്തിന്‍റെ ബലത്തില്‍ അദ്ദേഹത്തിന് കോച്ചായുള്ള കരാര്‍ പുതുക്കിനല്‍കേണ്ടതായിരുന്നു. എന്നാല്‍ കോഹ്‌ലിയുമായുള്ള അസ്വാരസ്യമാണ് തത്സ്ഥാനത്ത് തുടരുന്നതില്‍ നിന്ന് കുംബ്ലെയെ പിന്തിരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :