സിംബാബ്‌വെ തകര്‍ന്നു, കിവികള്‍ തകര്‍ത്തു

ഹരാരെ| VISHNU N L| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (09:51 IST)
സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനു വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ സിക്കന്ദർ റാസയുടെ (പുറത്താകാതെ 100) സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 235 റണ്ണടിച്ചു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് ഓപ്പണർമാരായ മാർട്ടിൻ ഗപ്ടിലിന്റെയും പുറത്താകാതെ (116) ടോംലതാമിന്റെയും (പുറത്താകാതെ 110) സെഞ്ച്വറികളുടെ മികവിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയ തീരത്തെത്തുകയായിരുന്നു.

ഇരുവരും പുറത്താകാതെ കൂട്ടിച്ചേർത്ത 236 റൺ ന്യൂസിലൻഡിന്റെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടാണ്. 138 പന്തിൽ 11 ഫോറും 1 സിക്സും ഉൾപ്പെട്ടതായിരുന്നു ഗപ്ടിലിന്റെ 116 റണ്ണിന്റെ ഇന്നിംഗ്സ്. ലതാം നേടിയ 110 റണ്ണിൽ 7 ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നു. ഇവർ ഇരുവരും കളിയിലെ കേമന്മാരുമായി.കൂട്ട്കെട്ട് തകര്‍ക്കാന്‍ സിംബാബ്‌വെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒന്നും ഫലം കണ്ടില്ല.

ആദ്യ ഏകദിനത്തിൽ തങ്ങളെ തകർത്ത സിംബാബ്‌വെയ്ക്ക് നല്‍കിയ മധുര പ്രതികാരമായിരുന്നു ഹരാരെയില്‍ നടന്നത്. നേരത്തെ സിക്കന്ദർ റാസ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് സിംബാബ്‌വെയെ 235 ൽ എത്തിച്ചത്. ഒരു സമയത്ത് 8/146 എന്ന നിലയിലായിരുന്ന സിംബാബ്‌വെയെ പന്ന്യൻങ്കാരയെ (33) കൂട്ടുപിടിച്ച് റാസ 200 കടത്തുകയായിരുന്നു. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇരുടീമും 1 - 1
ന് സമനി​ലയായി​രി​ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :