ഗാംഗുലി പറയുന്നതില്‍ സത്യമുണ്ട്; കോഹ്‌ലി ധോണിയെ തൊടില്ല - യുവരാജ് പുറത്തേക്കോ ?

ഗാംഗുലി പറയുന്നതില്‍ സത്യമുണ്ട്; കോഹ്‌ലി ധോണിയെ തൊടില്ല - യുവരാജ് പുറത്തേക്കോ ?

jibin| Last Updated: വെള്ളി, 7 ജൂലൈ 2017 (20:13 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം മത്സരത്തിലെ ജയത്തോടെ വിരാട് കോഹ്‌ലിയും സംഘവും പരമ്പര സ്വന്തമാക്കിയെങ്കിലും ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ നിലനില്‍പ്പ് ചോദ്യം ചെയ്‌ത ടൂര്‍ണമെന്റാണ് അവസാനിച്ചത്. രണ്ട് ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫി (2013) കിരീടവും ടീം ഇന്ത്യക്ക് നേടിക്കൊടുത്ത മഹേന്ദ്ര സിംഗ് ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

വിന്‍ഡീസിനെതിരായ പരമ്പരയില്‍ ധോണിക്കൊപ്പം തന്നെ വിമര്‍ശനം ഏറ്റുവാങ്ങിയ മറ്റൊരു താരമാണ് യുവരാജ് സിംഗ്. മോശം ബാറ്റിംഗാണ് ഇരുവര്‍ക്കും വിനയായത്. വരുന്ന ലോകകപ്പ് ലക്ഷ്യമാക്കി ടീമില്‍ മാറ്റങ്ങള്‍ വേണമെന്നും യുവതാരങ്ങളെ പരിചയസമ്പന്നരാക്കി വളര്‍ത്തുന്നതിന് ഇരുവരെയും ടീമില്‍ നിന്നൊഴിവാക്കണമെന്നുമാണ് വിമര്‍ശകരുടെ ആവശ്യം.

റണ്‍സ് കണ്ടെത്തുന്നതിനൊപ്പം ബെസ്‌റ്റ് ഫിനിഷറുടെ തിളക്കം നഷ്‌ടപ്പെട്ടതുമാണ് ധോണിക്ക് വിനയായത്. ഫിനിഷറുടെ ജോലി ഏറ്റെടുക്കാനാണ് താന്‍ ഒരുങ്ങുന്നതെന്ന് ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കിയത് മഹിക്കുള്ള മുന്നറിയിപ്പാണ്. അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകുന്നതാണ് പാണ്ഡ്യയ്‌ക്ക് വിനയാകുന്നത്. കളിയുടെ ഗതിയനുസരിച്ച് ബാറ്റ് വീശാന്‍ തയ്യാറായാല്‍ യുവതാരത്തിന് ടീമിനെ ജയത്തിലെത്തിക്കാന്‍ സാധിക്കും. അങ്ങനെ, സംഭവിച്ചാല്‍ ധോണിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും.

ആത്മവിശ്വാസമില്ല്ലാത്തതും ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതിലെ പരാജയവുമാണ് യുവരാജ് നേരിടുന്ന പ്രശ്‌നം.
സെലക്‍ടര്‍മാര്‍ ധോണിയെ ടീമില്‍ നിലനിര്‍ത്താന്‍ തയ്യാറായാലും യുവിയുടെ കാര്യം സംശയത്തിലാണ്. ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ശക്തമാകുന്നതിനാല്‍ വരുന്ന പരമ്പരകളില്‍ നിന്ന് യുവരാജിനെ മാറ്റി നിര്‍ത്തി തല്‍ക്കാലം രക്ഷനേടാന്‍ ശ്രമിക്കും.


വിന്‍ഡീസ് പരമ്പരയില്‍ അജിങ്ക്യ രഹാനെ പുറത്തെടുത്ത ബാറ്റിംഗ് കോഹ്‌ലിയേയും സെലക്‍ടര്‍മാരെയും സമ്മര്‍ദ്ദത്തിലാക്കുന്നു. 338 റണ്‍സാണ് അഞ്ച് മത്സരങ്ങളില്‍ നിന്ന് രഹാന അടിച്ചു കൂട്ടിയത്. 62, 103, 72, 60, 39 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രകടനം. ടീമിലെ സ്ഥിരമങ്കമല്ലാത്ത രഹാനെ റണ്‍സ് കണ്ടെത്തുമ്പോഴാണ് യുവിയും ധോണിയും ടീമിന് ബാധ്യതയാകുന്നത്.

ടീമിലെ രഹാനെയുടെ റോള്‍ എന്താകണമെന്ന് വിരാട് കോഹ്‌ലി വ്യക്തമാക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിന് വിരാട് മറുപടി നല്‍കുകയും വേണം. ടീമിലെ സ്ഥാനത്തെക്കുറിച്ച പരിഭ്രമം ഇല്ലാതെ കളിക്കുകയും റണ്‍സ് കണ്ടെത്തുന്നതുമാണ് രഹാനെയുടെ നേട്ടം.

രോഹിത് ശര്‍മ്മ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ സ്വാഭാവികമായും രഹാനെ പുറത്തു പോകേണ്ടിവരും. ഈ സാഹചര്യത്തില്‍ യുവരാജിനെ ഒഴിവാക്കി ടീമില്‍ അഴിച്ചു പണി നടത്താന്‍ കോഹ്‌ലിയും സെലക്‍ടര്‍മാരും തയ്യാറായേക്കും. ഇതുവഴി രഹാനയെ ടീമില്‍ നിലര്‍ത്താനും സാധിക്കും. അതേസമയം, ധോണിയെ ടീമില്‍ നിന്ന് അകറ്റി നിര്‍ത്താനോ ഒഴിവാക്കാനോ കോഹ്‌ലിക്ക് താല്‍പ്പര്യമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :