ഭയക്കേണ്ട ഒരു പിടി താരങ്ങള്‍ കോഹ്‌ലിപ്പടയില്‍; ടീം ഇന്ത്യയുടെ കരുത്ത് എന്താണ് ?

 World Cup 2019 , kohli , team india , cricket , kohli , dhoni , ധോണി , കോഹ്‌ലി , ലോകകപ്പ് , ഇന്ത്യന്‍ ടീം
ന്യൂഡല്‍ഹി| Last Updated: ബുധന്‍, 29 മെയ് 2019 (15:24 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ടീമുകളും രാജ്യങ്ങളും ഇംഗ്ലീഷ് മണ്ണില്‍ നടക്കാന്‍ പോകുന്ന പോരാട്ടത്തിനായി ഒരുങ്ങിക്കഴിഞ്ഞു. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘവും ഇംഗ്ലണ്ടിലെത്തി.

ശക്തമായ പോരാട്ടമാകും ഇത്തവണ നടക്കാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു.
ഇംഗ്ലണ്ട് അല്ലെങ്കില്‍ ഇന്ത്യ എന്നാണ് ലോകകപ്പ് പ്രവചനങ്ങള്‍.

വമ്പനടിക്കാരെ കുത്തിനിറച്ചതാണ് ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം. സമാനമായ ടീമിനെയാണ് ഇന്ത്യയും അണിനിരത്തുന്നത്. എന്താണ് ടീം ഇന്ത്യയുടെ കരുത്തെന്ന ചോദ്യത്തിന് നിരവധി താരങ്ങളുടെ പേര് പറയാന്‍ സാധിക്കും.

വിരാട് കോഹ്‌ലി നയിക്കുന്ന അതിശക്തമായ ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. ഓപ്പണിംഗില്‍ അപകടകാരികളായ രോഹിത് ശര്‍മ്മയും റണ്‍സ് കണ്ടെത്താന്‍ മടിയില്ലാത്ത ശിഖര്‍ ധവാനുമുണ്ട്. വന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ കൂടുതല്‍ ആര്‍ജ്ജവം കാണിക്കുന്ന വിരാട് ഇംഗ്ലണ്ടിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ റണ്‍സ് അടിച്ചു കൂട്ടിയാല്‍ അതിശയപ്പെടേണ്ടതില്ല.

ടീമിനെ മികച്ച നിലയിലെത്തിക്കാന്‍ കെല്‍പ്പുള്ള കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവരാണ് മധ്യനിരയിലുള്ളത്.
ഇവര്‍ക്കൊപ്പം കെ എല്‍ രാഹുല്‍ എന്ന സൂപ്പര്‍താരം കൂടി ചേരുമ്പോള്‍ ബാറ്റിംഗ് നിര അതിശക്തം.

വമ്പനടികളിലൂടെ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ വാലറ്റത്തുള്ളത് ബാറ്റിംഗ് നിരയുടെ ആഴം വ്യക്തമാക്കുന്നു. ഇവര്‍ക്കെല്ലാം മേലെയായി മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്‍ ഏത് പൊസിഷനിലും ക്രീസിലെത്തുമെന്നത് എതിരാളികളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നീ പേസ് ത്രയവും, യുസ്‍‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ സ്‌പിന്‍ ത്രയവും ബോളിങ്ങിനെ അനുകൂലിക്കാത്ത പിച്ചുകളിൽപ്പോലും എതിരാളികളെ വീഴത്താൻ ശേഷിയുള്ളവരാണ്. ബുമ്രയുടെ പത്ത് ഓവറുകളില്‍ വിക്കറ്റ് നഷ്‌ടപ്പെടാതെ പിടിച്ചു നില്‍ക്കുക എന്നതായിരിക്കും എതിരാളികള്‍ നേരിടുന്ന വലിയ വെല്ലുവിളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :