ലോകകപ്പ് അടുത്തമാസം; ഓസ്‌ട്രേലിയന്‍ ടീമില്‍ അടിപിടി, ഡ്രസിംഗ് റൂമില്‍ വാര്‍ണറും ബെയ്‌ലിയും കൊമ്പുകോര്‍ത്തു

 ട്വിന്റി-20 ലോകകപ്പ് , ഓസ്‌ട്രേലിയ , ജോര്‍ജ് ബെയ്‌ലി , ഡേവിഡ് വാര്‍ണര്‍ , ക്രിക്കറ്റ്
ഹാമില്‍ട്ടണ്‍| jibin| Last Modified ശനി, 6 ഫെബ്രുവരി 2016 (10:30 IST)
ട്വിന്റി-20 ലോകകപ്പ് അടുത്തമാസം ആരംഭിക്കാനിരിക്കെ ഓസ്‌ട്രേലിയന്‍ ടീമിന്റെ നെടും തൂണുകളായ ഡേവിഡ് വാര്‍ണറും ജോര്‍ജ് ബെയ്‌ലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മുതിര്‍ന്ന താരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയത്.

ന്യൂസിലന്‍ഡിനെതിരെ ഓസീസിന്റെ വിജയലക്ഷ്യം 309 റണ്‍സായിരുന്നു. ടീമിന് എന്നും വെടിക്കെട്ട് തുടക്കം നല്‍കുന്ന ഡേവിഡ് വാര്‍ണര്‍ എഴാം ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി പുറത്തായതായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കമായത്.

അമ്പയര്‍ ഔട്ട് വിധിച്ചതോടെ നോണ്‍ സ്‌ട്രൈക്കറായ ജോര്‍ജ് ബെയ്‌ലിയോട് വാര്‍ണര്‍ റിവ്യൂവിന് പോകണമോയെന്ന് ചോദിച്ചെങ്കിലും നിങ്ങളുടെ ഇഷ്‌ടത്തിന് അനുസരിച്ച് ചെയ്‌തോളാനായിരുന്നു ബെയ്‌ലി പറഞ്ഞത്. പന്ത് ബൌണ്‍സ് ചെയ്‌തിരുന്നുവെന്നും അതിനാല്‍ ഔട്ടിന് ചാന്‍‌സില്ലെന്നും വാര്‍ണര്‍ പറഞ്ഞെങ്കിലും ബെയ്‌ലി കാര്യമായ പിന്തുണ നല്‍കിയില്ല. വേണമെങ്കില്‍ റിവ്യൂ ചെയ്‌തോളു എന്നു ബെയ്‌ലി പറയുകയും ചെയ്‌തതോടെ മുന്‍ കോപക്കാരനായ വാര്‍ണാര്‍ ഗാലറിയിലേക്ക് നടക്കുകയായിരുന്നു.

എന്നാല്‍ വാര്‍ണര്‍ ഗ്രൌണ്ട് വിടുന്നതിന് മുമ്പുതന്നെ സ്‌ക്രീനില്‍ വാര്‍ണറുടെ പുറത്താകല്‍ ദൃശ്യം വരുകയും പന്ത് പാഡിന് മുകളിലാണ് കൊണ്ടതെന്നും റിവ്യൂ ചെയ്‌തിരുന്നുവെങ്കില്‍ ഔട്ടാകില്ലായിരുന്നുവെന്നും കാണിച്ചതോടെ വാര്‍ണര്‍ രോക്ഷാകുലനാകുകയായിരുന്നു. അരിശത്തോടെ വാര്‍ണര്‍ സ്വന്തം പാഡില്‍ ആഞ്ഞടിച്ചാണ് ഗ്രൌണ്ട് വിട്ടത്.

താന്‍ പറയുന്നത് വാര്‍ണര്‍ കേട്ടിരുന്നുവെങ്കില്‍ അദ്ദേഹം പുറത്താകില്ലായിരുന്നുവെന്ന് ബെയ്‌ലി പറയുകയും ചെയ്‌തതോടെയാണ് ഇരുവരും തമ്മില്‍ ഡ്രസിംഗ് റൂമില്‍ നേര്‍ക്കുനേര്‍ വന്നത്. ഇരുവരും രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. തുടര്‍ന്ന് സഹതാരങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സാഹചര്യം തണുപ്പിക്കുകയുമായിരുന്നു. മത്സരത്തില്‍ ഓസീസ് 159 റണ്‍സിനാണ് തോറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :