Shubman Gill on Mohammed Siraj: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. ഏതൊരു ക്യാപ്റ്റനും ഇതുപോലൊരു കളിക്കാരന്‍ ടീമില്‍ വേണമെന്ന് കൊതിക്കുമെന്ന് ഗില്‍ പറഞ്ഞു.
' സിറാജിനെ പോലൊരു കളിക്കാരന്‍ എല്ലാ ക്യാപ്റ്റന്‍മാരുടെയും സ്വപ്‌നമാണ്. എറിയുന്ന ഓരോ പന്തിലും ഓരോ സ്‌പെല്ലിലും ടീമിനുവേണ്ടി എല്ലാം നല്‍കുന്നവന്‍,' ഗില്‍ പറഞ്ഞു. ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനത്തിനു ശേഷം ഇംഗ്ലണ്ട് താരം ജോ റൂട്ടും സിറാജിനെ പ്രശംസിച്ചിരുന്നു. സിറാജ് ഒരു പോരാളി ആണെന്നും ഇന്ത്യക്കായി സകലതും സമര്‍പ്പിച്ചിരിക്കുന്ന താരമാണെന്നുമാണ് റൂട്ട് പറഞ്ഞത്.
ഓവല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ജയത്തില്‍ സിറാജിന്റെ പ്രകടനമാണ് നിര്‍ണായകമായത്. അഞ്ചാം ദിനമായ ഇന്ന് നാല് വിക്കറ്റ് ശേഷിക്കെ 35 റണ്‍സെടുക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് ആ വിക്കറ്റുകളെല്ലാം 28 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായി, അതില്‍ മൂന്നും സിറാജിന്. അവസാന ദിവസത്തെ മൂന്ന് വിക്കറ്റ് അടക്കം രണ്ടാം ഇന്നിങ്സില്‍ സിറാജ് നേടിയത് അഞ്ച് വിക്കറ്റ്. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റും. ഓവലില്‍ ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജാണ് കളിയിലെ താരം.
പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനും സിറാജാണ്. അഞ്ച് കളികളില്‍ സിറാജ് വീഴ്ത്തിയത് 23 വിക്കറ്റുകള്‍.