രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഋഷഭ് പന്ത്; ഇനി മുന്നിലുള്ളത് ഗെയ്‌ല്‍ മാത്രം

സജിത്ത്| Last Modified തിങ്കള്‍, 15 ജനുവരി 2018 (12:19 IST)
ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനുടമയായി ഡല്‍ഹി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ട്വന്റി-20യില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന വേഗതയേറിയ സെഞ്ചുറിയും ട്വന്റി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമാണ് ഈ യുവതാരം സ്വന്തം പേരിലാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു റിഷഭിന്റെ ഈ റെക്കോഡ് പ്രകടനം.

32 പന്തിലാണ് റിഷഭ് സെഞ്ചുറി നേടിയത്. എട്ടു ഫോറിന്റെയും 12 സിക്‌സിന്റെയും അകമ്പടിയോടെ റിഷഭ് 38 പന്തില്‍ 116 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു ട്വന്റി-20യിലെ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാസമായിരുന്നു രോഹിത് 35 പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്. ഈ റെക്കോര്‍ഡാണ് പന്ത് ഇപ്പോള്‍ പഴങ്കഥയാക്കിയത്.

നിലവില്‍ 30 പന്തില്‍ സെഞ്ചുറി നേടിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് റിഷഭിന് മുന്നിലുള്ളത്. ഗെയ്‌ലിന്റെയും രോഹിതിന്റെയും പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും റിഷഭിന്റെ പ്രകടനം ആഭ്യന്തര മത്സരത്തിലുമായിരുന്നുവെന്ന വ്യത്യാസം മാത്രമേ ഈ റെക്കോഡ് പ്രകടനത്തിനു പിന്നിലുള്ളൂ. മത്സരത്തില്‍ പത്തു വിക്കറ്റിന്റെ ഗംഭീരവിജയവും ഹിമാചലിനെതിരെ ഡല്‍ഹി സ്വന്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :