ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ മുംബൈയെ വീഴ്‌ത്തി ഗുജറാത്ത് ലയണ്‍സ്

ആരോണ്‍ ഫിഞ്ച് ഒരിക്കല്‍ കൂടി ഗുജറാത്ത് ലയണ്‍സിന്റെ രക്ഷകനായപ്പോള്‍ ഐപിഎല്ലില്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം

മുംബൈ, ഐ പി എല്‍, ഗുജറാത്ത് ലയണ്‍സ് mumbai, IPL, gujarath lions
മുംബൈ| സജിത്ത്| Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (10:30 IST)
ആരോണ്‍ ഫിഞ്ച് ഒരിക്കല്‍ കൂടി ഗുജറാത്ത് ലയണ്‍സിന്റെ രക്ഷകനായപ്പോള്‍ ഐപിഎല്ലില്‍ സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. ആവേശം അവസാന പന്തിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബുംറയെറിഞ്ഞ അവസാന ഓവറിൽ ഗുജറാത്തിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 11 റൺസ്. മൂന്നാം പന്തിൽ ബൗണ്ടറി കണ്ടെത്തിയ ധവാൽ കുൽക്കർണിയും അവസാന പന്ത് ബൗണ്ടറി കടത്തി ഫിഞ്ചും ഗുജറാത്തിന് വിജയം സമ്മാനിച്ചു.

മുംബൈ ഉയര്‍ത്തിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലയണ്‍സിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ ബ്രണ്ടന്‍ മക്കല്ലത്തെ(6) മടക്കി ബൂംമ്ര ലയണ്‍സിനെ ഞെട്ടിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റെയ്നയും(27) ഫിഞ്ചും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ലയണ്‍സിന്റെ വിജയത്തിന് അടിത്തറയായി. റെയ്ന പുറത്തായശേഷം കാര്‍ത്തിക്(9), ബ്രാവോ(2),
അക്ഷദീപ് നാഥ്(12), ഫോക്നര്‍(7), പ്രവീണ്‍ കുമാര്‍(0) എന്നിവരെ നഷ്ടമായെങ്കിലും ഫിഞ്ച്(54 പന്തില്‍ 67 നോട്ടൗട്ട്) ലയണ്‍സിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. ലയണ്‍സിനായി ഫിഞ്ചിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മികച്ച രീതിയിൽ പന്തെറിഞ്ഞ ഗുജറാത്ത് ബോളർമാർക്ക് മുന്നിൽ മുംബൈയ്ക്ക് കാലിടറുകയായിരുന്നു. 29 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 34 റൺസെടുത്ത പാർഥിവ് പട്ടേലാണ് മുംബൈയുടെ ടോപ് സ്കോറർ. ഗുജറാത്തിനായി ധവാൽ കുൽക്കർണി, പ്രവീണ്‍ താംബെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഈ ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :