കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മിന്നുന്ന ജയം

നൈറ്റ് റൈഡേഴ്‍സിനെ വീഴ്‍ത്തി മുംബൈ

മുംബൈ, ഐ പി എല്‍, കൊല്‍ക്കത്ത mumbai, ILP, kolkatha
മുംബൈ| സജിത്ത്| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (08:52 IST)
കീറണ്‍ പൊള്ളാര്‍ഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തകര്‍ത്താടിയപ്പോള്‍ ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മിന്നുന്ന ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ മറി കടന്നു. പൊള്ളാര്‍ഡ് 17 പന്തില്‍ 51 റണ്‍സും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്താകാതെ 68 റണ്‍സും നേടി. രോഹിതാണ് കളിയിലെ കേമന്‍.

ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തില്‍174 റണ്‍സെടുത്തത്. 45 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 59 റണ്‍സെടുത്ത ഗംഭീര്‍ ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയുമൊത്ത് (20 പന്തില്‍ 36) 7.4 ഓവറില്‍ 69 റണ്‍സ് ചേര്‍ത്തു. അവസാന ഓവറുകളില്‍ യൂസഫ് പത്താന്‍ നടത്തിയ വെടിക്കെട്ടും കൊല്‍ക്കത്തയെ മികച്ച സ്‌കോറിലെത്താന്‍ സഹായിച്ചു.

ഹര്‍ഭജന്റെ ഓവറില്‍ സ്റ്റംപിങ്ങില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഉത്തപ്പ ഒടുവില്‍ ഹര്‍ഭജനുതന്നെ കീഴടങ്ങിയതോടെയാണ് മുംബൈ ക്യാമ്പില്‍ ശ്വാസം നേരെവീണത്. ഹര്‍ഭജനെ സിക്സറിനു പറത്താനുള്ള ഉത്തപ്പയുടെ ശ്രമം ലോങ് ഓണില്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ കൈകളില്‍ അവസാനിച്ചു. മൂന്നാമനായി ക്രീസിലത്തെിയ ഷാക്കിബ് അല്‍ ഹസന്‍ (6) വന്നപോലെ മടങ്ങി. 14ാമത്തെ ഓവറില്‍ സ്കോര്‍ ബോര്‍ഡ് 121ല്‍ നില്‍ക്കെ ഗംഭീറിനെ മക്ളെനാഗന്‍ മടക്കി. പിന്നീട് സൂര്യകുമാര്‍ യാദവ് (21), ആന്ദ്രെ റസ്സല്‍ (22) എന്നിവര്‍ കാര്യമായ സംഭാവനനല്‍കി. മുംബൈ ബൗളിങ് നിരയില്‍ ടിം സൗതി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മക്ളെനാഗന്‍, ഹര്‍ഭജന്‍ സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :