അനന്ത്പൂര്‍|
jibin|
Last Updated:
വെള്ളി, 8 ജനുവരി 2016 (17:35 IST)
മാഗസിന്‍ കവര്‍ ചിത്രത്തില്‍ ദൈവത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ധോണി സമ്മര്‍ദ്ദത്തിലാകുമെന്നുറപ്പ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങിയ പരമ്പര കളിക്കാനായി കങ്കാരുക്കളുടെ മടയിലെത്തിയ ധോണിക്ക് കോടതി വിധി തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചുവെങ്കിലും ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണിക്ക് പരമ്പര നിര്‍ത്തിവെച്ച് മടങ്ങേണ്ടിവരില്ല. കോടതിയില്‍ ഹാജരാകാനായി ധോണിക്ക് ഫെബ്രുവരി 25 വരെ സമയമുണ്ട്. ജനുവരി 12ന് തുടങ്ങുന്ന പരമ്പര ജനുവരി 31ന് അവസാനിക്കും. എന്തെങ്കിലും സാഹചര്യത്തില്‍ ധോണിക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങേണ്ടിവന്നാല്‍ വൈസ്‌ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാകും നായകസ്ഥാനം.
ബിസിനസ് ടുഡേ മാഗസിന്‍റെ കവര്‍ പേജില്‍ ധോണി മഹാവിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ് വി എച്ച് പി നേതാവ് ജയകുമാര്‍ ഹിരേമത്താണ് കോടതിയെ സമീപിച്ചത്. പണത്തിനു വേണ്ടി എന്തു കോപ്രായവും കെട്ടുന്ന പ്രവണത കൂടി വരികയാണെന്ന് ധോണിയുടെ ചിത്രത്തെ പരാമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
മഹാവിഷ്ണുവിന്‍റെ രൂപത്തില്‍ പെപ്സിയും ലെയ്സും ദാബര്‍ ച്യവനപ്രാശവും ബൂസ്റ്റുമൊക്കെ പിടിച്ചുനില്‍ക്കുന്ന ധോണിയുടെ ചിത്രം വന്‍ വിവാദത്തിനാണ് കാരണമായത്. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതിനുപിന്നിലെ പ്രശ്നങ്ങളെക്കുറിച്ചും സെലിബ്രിറ്റികള്‍ ബോധവാന്‍മാരായിരിക്കണമെന്നും കര്‍ണാടക കോറ്റതി പറഞ്ഞിരുന്നു. ഓസ്ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട് ധോണീ ഇപ്പോള്‍ ഓസ്ട്രേലിയയിലാണുള്ളത്.